/kalakaumudi/media/media_files/2025/09/04/kdjdkdm-2025-09-04-18-47-39.jpg)
നവിമുംബൈ:ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സിൻ്റെ നടുമുറ്റത്ത് പടുകൂറ്റൻ പൂക്കളമിട്ട് പൂവിളികളുമായി പൂതപ്പാട്ടും കളിച്ച് നഗരത്തിനെ ത്രസിപ്പിക്കുന്ന ഓണം ഓപ്പലുൻസ് 2025 ശനിയാഴ്ച്ച സീവുഡ്സിലെ നെക്സസ് മാളിൽ അരങ്ങേറും.
മുംബൈ നഗരത്തിലെ ഏറ്റവും ശ്രദ്ധേയവും വർണ്ണാഭവുമായ ഓണാഘോഷമാണ് സീവുഡ്സ് മലയാളി സമാജമൊരുക്കുന്ന ഓണം ഓപ്പുലൻസ്. സീവുഡ്സ് മലയാളി സമാജവും നെക്സസ് മാളും കൈകൾ കോർത്താണ് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നത്.
സെപ്തംബർ 6 ന് രാവിലെ പത്തര മുതൽ ഭീമൻ പൂക്കളം മാളിന്റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് ഒരുങ്ങും. ശനിയാഴ്ച്ച വൈകിട്ട് നാലര മുതൽ ഒമ്പത് വരെ വിവിധ കലാപരിപാടികളും മാളിൽ അരങ്ങേറും.
ഏറ്റവും അധികം ജനങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷമാണ് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സീവുഡ്സ് സമാജത്തിൻ്റെ ഓണം ഓപ്പുലൻസ്. ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, മാവേലിത്തമ്പുരാന്റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, എത്തിനിക് നൃത്തം എന്നിവയുമുണ്ടാവും.
കൂടാതെ പരശുരാമൻ, വാമനൻ തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും കലാസന്ധ്യയിൽ അണിനിരക്കും. ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയിരിക്കുന്നത്.
ജാതി - മത - ദേശ - ഭാഷ - തൊഴിൽ - സമാജ സംഘടന - രാഷ്ട്ര - രാഷ്ട്രീയ ഭേദമന്യേ, സീവുഡ്സ് സമാജം വർഷങ്ങളായി സീവുഡ്സ് മാളിൽ ഭീമൻ പൂക്കളമൊരുക്കി പ്രളയബാധിതയായ കേരളത്തിന് കൈത്താങ്ങായി മുന്നിട്ടിറങ്ങി വന്നിരുന്നു.
ഏറ്റവും അധികം അന്യഭാഷക്കാർ പങ്കെടുക്കുന്ന ഓണാഘോഷമെന്ന ബഹുമതിയും ഓണം ഓപ്പുലൻസിനുണ്ട്. കേരളത്തിൻ്റെ സാംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കുന്നത് സീവുഡ്സ് സമാജത്തിന്റെ നൂറിൽപ്പരം കലാകാരന്മാരാണ്. മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്സ് മലയാളി സമാജം ഇത് ആറാം തവണയാണ് മെഗാപ്പൂക്കളമൊരുക്കുവാൻ നെക്സസ് മാളുമായി കൈ കോർക്കുന്നത്.
ഇതാദ്യമായാണ് ഓണം ഓപ്പുലൻസിൽ പുതപ്പാട്ടും എത്തിനിക് നൃത്തവും അരങ്ങേറുന്നത്.
ഇത്തവണ #ഓണംഓപ്പുലൻസ്2025 ഓണാഘോഷങ്ങളുടെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നുണ്ട്.
സെപ്റ്റംബർ 6 ന് നെക്‌സസ് സീവുഡ്‌സ് മാളിൽ അരങ്ങേറുന്ന പൂക്കളവും കലാസന്ധ്യയേയും വിഷയമാക്കിയാണ് റീൽസ് മത്സരം. സെപ്റ്റംബർ ആറ് രാവിലെ പത്ത് മുതൽ വൈകിട്ട് പത്ത് മണി വരെ നെക്‌സസ് മാളിൽ അരങ്ങേറുന്ന ആഘോഷത്തിമിർപ്പുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഊർജ്ജസ്വലമായ ഓണ നിമിഷങ്ങൾ റീൽസിൻ്റെ വിഷയമാവാം.
3–5 ജഡ്ജിമാരുടെ പാനൽ റീൽസുകൾ വിലയിരുത്തി വിഭാഗങ്ങളിലായി 5 വിജയികളെ തിരഞ്ഞെടുക്കും. മികച്ച ഫാമിലി റീൽ (കുറഞ്ഞത് 3 പേർ, പരമാവധി 10 പേർ), മികച്ച സോളോ റീൽ, ഏറ്റവും ക്രിയേറ്റീവ് എഡിറ്റ്, മികച്ച കപ്പിൾ റീൽസ് , മികച്ച റീൽസ് (മൊത്തത്തിലുള്ള വിജയി) എന്നീ അഞ്ച് വിഭാഗത്തിലാണ് മത്സരങ്ങൾ. 2025 സെപ്റ്റംബർ 14 ന് നെരൂളിലെ അഗ്രിക്കോളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ഗ്രാൻഡ് ഓണം ആഘോഷത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
പങ്കെടുക്കുന്നവർക്ക് 2025 സെപ്റ്റംബർ 6 ന് രാവിലെ 10:00 നും രാത്രി 10:00 നും ഇടയിൽ റെക്കോർഡ് ചെയ്യാം.
2025 സെപ്റ്റംബർ 9 ന് അർദ്ധരാത്രിക്ക് മുമ്പ് റീലുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും @seawoodssamajam എന്നതിൽ ടാഗ് ചെയ്യുകയും വേണം. റീലിൽ നിർബന്ധമായും #OnamOpulence #SeawoodsMalayaliSamajam #NexusSeawoods #OnamOpulence2025 #SeawoodsMallOnam #Pookkalam #MaveliAtSeawoods എന്നീ ഹാഷ്‌ടാഗുകൾ ഉണ്ടായിരിക്കണം.
സാമൂഹികമാധ്യമം കൈകാര്യം ചെയ്യുന്ന മൂന്നു മുതൽ അഞ്ച് പേരടങ്ങുന്ന പാനൽ വിധി നിർണ്ണയിക്കും. വിധികർത്താക്കളുടെ നിർണ്ണയങ്ങൾ അന്തിമമായിരിക്കും എന്ന് സംഘാടകർ പറഞ്ഞു.