/kalakaumudi/media/media_files/2025/09/08/ghjdksjn-2025-09-08-15-52-08.jpg)
നടുത്തളത്തിലും ഒന്നാം നിലയിലും രണ്ടാം നിലയിലും തിക്കി തിരക്കി ജനങ്ങൾ
വെള്ളി വെളിച്ചങ്ങൾ
പശ്ചാത്തലത്തിൽ മവേലി നാടു വാണ കാലത്തെ ഓർത്ത് ഗാന ശകലം
നവിമുംബൈ:ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റേഷൻ കോംപ്ലക്സിൻ്റെ നടുമുറ്റത്തിട്ട കൂറ്റൻ പൂക്കളത്തിൻ്റെ അരികിൽ മാവേലി തമ്പുരാൻ തൻ്റെ കിരീടം അഴിച്ച് താഴെ വെച്ചു. ഓലക്കുടയും കമണ്ഡലുവും ചൂടിയ വാമനൻ മാവേലിത്തമ്പുരാൻ്റെ ശിരസ്സിൽ പതിയെ കാലു വെച്ചപ്പോൾ കൂടി കണ്ടു നിന്ന അന്യഭാഷക്കാരുൾപ്പടെ ജനസഞ്ചയം ഹർഷരാവം കൊണ്ട് നെക്സസ് മാളിൻ്റെ അകത്തളം പ്രകമ്പനം കൊണ്ടു.സീവുഡ്സ് മലയാളി സമാജവും നവി മുംബൈയിലെ നെക്സസ് മാളുമായി കൈ കോർത്ത് സംഘടിപ്പിച്ച "ഓണം ഒപ്പുലൻസി"ൻ്റെ വേദിയാണ് ഓണത്തിൻ്റെ ഐതിഹ്യം വെളിപ്പെടുത്തുന്ന രംഗം സാക്ഷാത്ക്കരിച്ചത്.
വെള്ളിയാഴ്ച്ച പുലർച്ചക്ക് മൂന്ന് മണിക്ക് പൂവിളി ചൊല്ലി പൂക്കൾ വാങ്ങി തുടങ്ങിയ ഭീമൻ പൂക്കളത്തിൻ്റെ പ്രവർത്തനങ്ങൾ ശനിയാഴ്ച്ച പുലർച്ച മൂന്നുമണിയോടെ തീർന്നത്. ഏതാണ്ട് 270 കിലോഗ്രാം പൂക്കളും നൂറിൽപ്പരം സമാജം പ്രവർത്തകരും കൈ കോർത്താണ് ഒമ്പത് ഡയാമീറ്ററുള്ള പൂക്കളം സീവുഡ്സിലെ നെക്സസ് മാളിൻ്റെ നടുത്തളത്തിൽ ഒരുക്കിയത്. ശനിയാഴ്ച്ച രാവിലെ പത്തര മുതൽ കൂറ്റൻ പൂക്കളം പൊതുജനങ്ങൾക്കായി തുറന്നു. വൈകിട്ട് അഞ്ചരയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റേഷൻ കോംപ്ലക്സായ നെക്സസ് മാളിൻ്റെ മുന്നിൽ ചെണ്ടമേളത്തോടെയായിരുന്നു ഓണം ഓപ്പുലൻസ് 2025 ൻ്റെ കലാസന്ധ്യ തുടങ്ങിയത്.
മാവേലിയും വാമനനും പരശുരാമനുമായി വേഷം ധരിച്ച കലാകാരന്മാരെ സ്വീകരിക്കാൻ താലമേന്തിയ യുവതികളും അവരുടെ കൂടെ ആയിരക്കണക്കിന് അന്യ ഭാഷക്കാരും കൂടി. പൂക്കളത്തിൻ്റെ അരികെ നടന്ന തിരുവാതിക്കളിക്ക് ആശീർവാദമർപ്പിച്ച മാവേലി മറ്റു വേഷധാരികളോടൊപ്പം മാളിൽ കറങ്ങി എസ്കലേറ്ററിൽ ഉയരുന്ന മാവേലിയും സ്റ്റാർ ബക്സിൽ ചായ കുടിക്കുന്ന വാമനനും വസ്ത്രശാലയിൽ എത്തിയ സന്ദർശകരോട് സംവദിക്കുന്ന പരശുരാമ വേഷധാരിയുമൊക്കെ ഓണം ഒപ്പുലൻസിന് മാറ്റ് കൂട്ടി.
ദ്രുതചലനങ്ങളോടു കൂടി നടത്തിയ എത്തിനിക് നൃത്തം കാണികളുടെ നെഞ്ചിടിപ്പ് കൂട്ടി. തുടർന്ന് നടന്ന ഫ്യൂഷൻ നൃത്തത്തിൽ മോഹിനിയാട്ടവും കേരള നടനവും ഓണനൃത്തവും കളരിപ്പയറ്റും സമ്മേളിച്ചപ്പോൾ കണ്ടു നിന്ന് ആയിരങ്ങൾ ആർപ്പു വിളിച്ചു.തുടർന്ന് നളചരിതം ഒന്നാം ദിവസത്തിലെ ഹംസം നളനും കഥകളിയിലൂടെ വന്ന് കേരളത്തിൻ്റെ തനതായ കലയെ പരിചയപ്പെടുത്തി.
പിന്നീട് മാളിൻ്റെ തുറസ്സായ നടുമുറ്റത്തിൽ ഇതാദ്യമായി പൂതപ്പാട്ട് അരങ്ങേറി. പൂതവും കുട്ടിയും അമ്മയും തമ്മിലുള്ള വൈകാരിക നിമിഷങ്ങളുടെ പൊരുൾ അന്യഭാഷക്കാർ മലായാളി പ്രേക്ഷകരോട് ചോദിച്ചറിഞ്ഞാണ് മടങ്ങിയത്. ഫൈനൽ മെഡ്ലേ ഫ്യൂഷനിൽ തിരുവാതിര നർത്തകിമാരും, എത്തിനിക് കലാകാരികളും, മോഹിനിയാട്ടത്തിൻ്റെ അവതാരകരും , കഥകളിയാട്ടക്കാരും , പരശുരാമനും, പുതപ്പാട്ടിലെ ഗണങ്ങളും പങ്കെടുത്ത് കാഴ്ച്ചക്കാരുടെ ഹൃദയം കവർന്നു. അവരുടെ മുന്നിലേക്ക് വന്ന മാവേലി കിരീടമഴിച്ച് വാമനന് മുന്നിൽ തല കുനിച്ചു. മാവേലി നാടു വാണീടും കാലം എന്ന പാട്ടിൻ്റെ പശ്ചാത്തലത്തിൽ വാമന വേഷധാരി മഹാബലിത്തമ്പുരാൻ്റെ ശിരസ്റ്റിൽ കാൽ വെച്ചതും ആയിരങ്ങൾ ആർപ്പു വിളിച്ചു. തുടർന്ന് നടന്ന ചെണ്ട മേളത്തിൽ കാഴ്ച്ചക്കാർ കയ്യും മെയ്യും മറന്ന് നൃത്തം ചെയ്താണ് സീവുഡ്സ് മലയാളി സമാജത്തിൻ്റെ ഓണം ഓപ്പുലൻസിനെ അവിസ്മരണീയമാക്കിയത്.
ഏറ്റവും അധികം ജനങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷമാണ് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സീവുഡ്സ് സമാജത്തിൻ്റെ ഓണം ഓപ്പുലൻസ്.
ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ജാതി - മത - ദേശ - ഭാഷ - തൊഴിൽ - സമാജ സംഘടന - രാഷ്ട്ര - രാഷ്ട്രീയ ഭേദമന്യേ, സീവുഡ്സ് സമാജം വർഷങ്ങളായി സീവുഡ്സ് മാളിൽ ഭീമൻ പൂക്കളമൊരുക്കി പ്രളയബാധിതയായ കേരളത്തിന് കൈത്താങ്ങായും വയനാട്ടിൽ ഉരുൾ പൊട്ടലുണ്ടായപ്പോൾ അവരെ സഹായിക്കാനും മുന്നിട്ടിറങ്ങി വന്നിരുന്നു.
ഏറ്റവും അധികം അന്യഭാഷക്കാർ പങ്കെടുക്കുന്ന ഓണാഘോഷമെന്ന ബഹുമതിയും ഓണം ഓപ്പുലൻസിനുണ്ട്. കേരളത്തിൻ്റെ സാംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്സ് മലയാളി സമാജം ഇത് ഏഴാം തവണയാണ് മെഗാപ്പൂക്കളമൊരുക്കുവാൻ നെക്സസ് മാളുമായി കൈ കോർക്കുന്നത്.