/kalakaumudi/media/media_files/2025/08/14/nnnnmxnn-2025-08-14-09-05-54.jpg)
മുംബൈ:ആഗസ്റ്റ് 3 നാണ് താനെയിലെ ഗോഡ്ബന്ധറിൽ ഒരു സ്വകാര്യ കെട്ടിട നിർമ്മാണ കമ്പനിയുടെ മുകളിൽ നിന്നും ജോലി ചെയ്യവേ താഴെ വീണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയും താനെ നിവാസിയുമായ സേതു നായർക്ക്(66) നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്.
വീണ് നട്ടെല്ലിന് സാരമായി പരിക്ക് പറ്റിയ സേതു നായരെ ആദ്യം താനെയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ചികിൽസിച്ചിരുന്നത്.പിന്നീട് മുംബൈ പരേലിലെ കെഇഎം ആശുപത്രിയിലേക്ക് ഒപ്പം ജോലി ചെയ്തിരുന്ന ജീവനക്കാരനും ഉപ കരാറുകാരനും കൂടി ആഗസ്റ്റ് 6 ന് മാറ്റുകയായിരുന്നു.
എന്നാൽ രോഗിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വലിയ തുക അടക്കുവാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതോടെ ഉപകരാർകാരൻ അപ്രത്യക്ഷനാവുകയായിരുന്നു.കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തുക്കളും ഉപകരാറുകാരനും ആശുപത്രിയിൽ പരിചരിക്കുന്നില്ലെന്ന വിവരം സേതു നായർ നാട്ടിലെ കുടുംബാംഗങ്ങളെ വിളിച്ച് അറിയിച്ചിരുന്നു.
രോഗിക്ക് ആവശ്യമായ വിദഗ്ധ ചികിത്സയും നഷ്ട പരിഹാരവും നൽകുന്നതിൽ ഉപകരാറുകാരൻ വീഴ്ച വരുത്തിയ വിവരം ശ്രദ്ധയില്‍പ്പെട്ട പൂനെയിലെ സാമൂഹ്യ പ്രവർത്തകൻ എം പി പരമേശ്വരൻ മുഖേന വിഷയമറിഞ്ഞ സാമൂഹ്യ പ്രവർത്തക ലൈജി വർഗ്ഗീസ് ഇടപെട്ടതിനെ തുടർന്നാണ് തുടർ ചികിത്സ ലഭിക്കാൻ തുടങ്ങിയിരുന്നത്.
പക്ഷെ മുംബൈയിൽ സഹായിക്കുവാൻ ആരുമില്ലാത്ത സാഹചര്യത്തിൽ ആഗസ്റ്റ് 13 ബുധനാഴ്ച രാവിലെ ലൈജി വർഗീസ് കെഇഎം ആശുപത്രിയിലെത്തി രോഗിയുടെ പൂനെയിൽ നിന്നെത്തിയ അകന്ന ബന്ധുക്കൾ, KEM ആശുപത്രിയിലെ ഡോക്ടര്‍മാർ തുടങ്ങിയവരുമായി ചർച്ച നടത്തി പോലീസിൽ റിപ്പോർട്ട് ചെയ്ത ശേഷം രോഗിയുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരം DAMA ഡിസ്ചാർജ് വാങ്ങുകയും ആംബുലൻസ് മാർഗ്ഗം രോഗിയെ തിരുവനന്തപുരം എസ് പി ഫോർട്ട് ഹോസ്പിറ്റലിലേക്ക് മാറ്റുവാനായി ഇന്നലെ യാത്ര തിരിക്കുകയും ചെയ്തു. അതേസമയം ലൈജി വർഗ്ഗീസിന്റെ ഇടപെടൽ മൂലം ഉപകരാറുകാരനിൽ നിന്നും ആംബുലൻസ് വാടകയിനത്തിൽ ലഭിക്കേണ്ട തുക ലഭിച്ചത് രോഗിയുടെ കുടുംബത്തിന് വലിയ ആശ്വാസമായതായി ബന്ധുക്കൾ അറിയിച്ചു.