നേത്രാവതി–മത്സ്യഗന്ധ ട്രെയിനുകൾ പൻവേലിലേക്കു മാറ്റിയത് യാത്രക്കാരോട് അനീതിയെന്ന് WIPA

ഈ മാറ്റം ഭാവിയിൽ ട്രെയിനുകൾ സ്ഥിരമായി പൻവേലിലേക്കു മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്നും സംഘടന മുന്നറിയിപ്പ് നൽകി

author-image
Honey V G
New Update
kdkdkkdkk

മുംബൈ : മുംബൈയിൽ നിന്ന് കേരളത്തിലേക്കും മംഗലാപുരത്തിലേക്കും പോകുന്ന നേത്രാവതി, മത്സ്യഗന്ധ എന്നീ ദീർഘദൂര ട്രെയിനുകൾ പൻവേലിലേക്കു മാറ്റിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

കഴിഞ്ഞ 27 വർഷങ്ങളായി കൊങ്കൺ റെയിൽവേ വഴിയായി മുംബൈയിൽ നിന്ന് സർവീസ് നടത്തുന്ന ഈ ട്രെയിനുകൾ കഴിഞ്ഞ 3–4 വർഷങ്ങളായി “അറ്റകുറ്റപ്പണികൾ” എന്ന കാരണത്തിൽ നഗരപരിധിക്ക് പുറത്തേക്കാണ് പതിവായി മാറ്റിക്കൊണ്ടിരിക്കുന്നത്.

റായ്ഗഡ് ജില്ലയിലെ പൻവേൽ സ്റ്റേഷനിൽ നിന്ന് ട്രെയിനുകൾ ആരംഭിക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണെന്ന് Western India Passengers' Association (WIPA) അറിയിച്ചു.

പ്രത്യേകിച്ച് സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും പൻവേൽ എത്തിച്ചേരുന്നത് സുരക്ഷാ പ്രശ്നങ്ങളും അധിക ചെലവും സമയം നഷ്ടവും സൃഷ്ടിക്കുന്നതായും സംഘടന വ്യക്തമാക്കി.

താൽക്കാലികമായി ട്രെയിനുകൾ മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നാലും അടുത്തുള്ള 16 കിലോമീറ്റർ ദൂരത്തിലുള്ള താനെ സ്റ്റേഷൻ ഒഴിവാക്കി 50 കിലോമീറ്റർ അകലെയുള്ള പൻവേൽ തെരഞ്ഞെടുത്തത് യുക്തിസഹമല്ലെന്നും WIPA ചൂണ്ടിക്കാട്ടി.

ഈ മാറ്റം ഭാവിയിൽ ട്രെയിനുകൾ സ്ഥിരമായി പൻവേലിലേക്കു മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ഇക്കാര്യം ആവശ്യപ്പെട്ട് 2026 ജനുവരി 20ന് മധ്യ റെയിൽവേ ജനറൽ മാനേജർക്കും പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർക്കും ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്കും റെയിൽവേ മന്ത്രിക്കും WIPA നിവേദനം നൽകി.

നേത്രാവതിയും മത്സ്യഗന്ധയും എത്രയും വേഗം കുർള ലോക്മാന്യ തിലക് ടെർമിനസ് നിന്ന് തന്നെ പുറപ്പെടുന്ന രീതിയിൽ പുനഃസ്ഥാപിക്കണം എന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.