പഴകിയ ഭക്ഷണം വിളമ്പി എന്നാരോപിച്ച് കാന്റീൻ ജീവനക്കാരന്റെ മുഖത്തടിച്ച് ശിവസേന എംഎൽഎ

കാന്റീനിലെ സൗകര്യങ്ങൾ സംബന്ധിച്ച് അധികാരികൾക്ക് ഒന്നിലധികം തവണ പരാതി നൽകിയിരുന്നെന്നും ഇനിയും പരാതിപ്പെടുമെന്നും എം.എൽ.എ പറഞ്ഞു

author-image
Honey V G
New Update
ojdeujkkkkx

മുംബൈ: കാന്റീൻ ജീവനക്കാരനെ മർദിച്ച് ശിവസേന ഷിൻഡെ വിഭാഗം എം.എൽ.എ സഞ്ജയ് ഗെയ്ക്വാദ്. മുംബൈ ഗസ്റ്റ് ഹൗസിലെ കാന്റീൻ ജീവനക്കാരനെയാണ് ശിവസേന എം.എൽ.എയായ സഞ്ജയ് മർദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത്.

ഇത് പ്രചരിച്ചോടെ സംഭവം വിവാദത്തിന് തിരികൊളുത്തിയിരുന്നു. രുചിയില്ലാത്ത പരിപ്പ് കറിയാണെന്നും പഴകിയതാണ് വിളമ്പിയെന്നും ആരോപിച്ചാണ് ജീവനക്കാരനെ എം.എൽ.എ മർദിച്ചത്. യുവാവിന്റെ മുഖത്ത് അടിക്കുന്നതായും മൂക്കിന് ഇടിക്കുന്നതായും എം.എൽ.എയുടെ ഒപ്പമുള്ളവർ ഭീഷണി മുഴക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ വിഭാഗം (യു.ബി.ടി) എം.പി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. നിസഹായനായ ഒരു വ്യക്തിയെയാണ് എം.എൽ.എ ആക്രമിച്ചതെന്നും എന്നാൽ സംസ്ഥാനത്തെ മാധ്യമങ്ങൾ ഇതൊന്നും കാണുന്നില്ലെന്നും എം.എൽ.എ സഞ്ജയ്ക്കെ‌തിരെ വാർത്തകൾ നൽകുന്നില്ലെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു.

എന്നാൽ യുവാവിനെ മർദിച്ചതിൽ തനിക്ക് ഖേദമില്ലെന്നും ജനാധിപത്യ ഭാഷ മനസിലാക്കുന്നതിൽ ആരെങ്കിലും പരാജയപ്പെട്ടാൽ താൻ ഇത് ഇനിയും ആവർത്തിക്കുമെന്നുമാണ് സഞ്ജയ് ഗെയ്ക്വാദ് പറഞ്ഞത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എത്തുന്ന കാന്റീനിലേക്കാണ് താൻ പോയത്. സർക്കാരിന്റെ കാന്റീനായതിനാൽ തന്നെ ഗുണനിലവാരമുള്ള ഭക്ഷണമായിരിക്കണം അവിടെ വിളമ്പേണ്ടതെന്നും എം.എൽ.എ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

കാന്റീനിലെ സൗകര്യങ്ങൾ സംബന്ധിച്ച് അധികാരികൾക്ക് ഒന്നിലധികം തവണ പരാതി നൽകിയിരുന്നെന്നും ഇനിയും പരാതിപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.

ഇതാദ്യമായല്ല ശിവസേന എം.എൽ.എ വിവാദത്തിലാകുന്നത്. 2024ൽ ലോക്സ്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതിലും സഞ്ജയ് വിമർശനം നേരിട്ടിരുന്നു. സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശത്തിന് എതിരേയായിരുന്നു എം.എൽ.എയുടെ പരാമർശം. പിന്നാലെ സഞ്ജയ് ഗെയ്ക്വാദ് ഈ സമൂഹത്തിൽ തന്നെ ജീവിക്കാൻ അർഹനല്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പ്രതികരിച്ചിരുന്നു.