ശ്രീനാരായണ മന്ദിരസമിതി അറുപത്തിയൊന്നാമതു വാർഷിക പൊതുയോഗം

പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി വികസന പദ്ധതികൾ

author-image
Honey V G
New Update
ndndnn

മുംബൈ:ശ്രീനാരാണയണ മന്ദിരസമിതിയുടെ അറുപത്തിയൊന്നാമത്‌ വാർഷിക പൊതുയോഗം സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടന്നു. പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു.

ചെയർമാൻ എൻ. മോഹൻദാസ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രഷറർ വി. വി. ചന്ദ്രൻ, അസിസ്റ്റന്റ് ട്രഷറാർ പി. പൃത്വിരാജ് എന്നിവർ ചേർന്ന് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

kgxhjn

വിദ്യാഭ്യാസ സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ സമിതി നടത്തിവരുന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കുമെന്നും ശ്രീനാരായണ ദർശനം അതിന്റെ പൂർണമായ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടുതന്നെ ആഗോളതലത്തിൽ പ്രചരിപ്പിക്കുവാൻ ശ്രീനാരായണ മന്ദിരസമിതി പ്രതിജ്ഞാബദ്ധമാണെന്നും സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 

ഇൻഫർമേഷൻ ടെക്‌നോളജി വിദഗ്ദ്ധരുടെ സഹകരണത്തോടെ ശ്രീനാരായണ ഗുരുവിനെ സംബന്ധിക്കുന്ന രണ്ടു ലക്ഷത്തിലധികം ചരിത്രരേഖകൾ വരും തലമുറയ്ക്കായി ഡിജിറ്റൽ രൂപത്തിലാക്കുന്ന ജോലിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയതിനെക്കുറിച്ചും ഇതിലേക്കാവശ്യമായ നിരവധി ചരിത്രരേഖകൾ സമാഹരിക്കാൻ സമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കലാ- സാംസ്കാരിക രംഗങ്ങളിലൂടെ ഗുരുദർശനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു കലാക്ഷേത്രം ആരംഭിച്ചുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സമിതിക്കുണ്ടായിട്ടുള്ള വളർച്ച സമിതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിലെ വികസന പ്രവർത്തനങ്ങൾ, ഉൾവെ ഇന്റർനാഷണൽ സ്‌കൂളിന്റെ പ്രവർത്തനം , പുതിയതായി നിർമിച്ച താരാപ്പൂരിലെ ഡോ. പൽപ്പു മെമ്മോറിയൽ ഇന്റർനാഷണൽ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം , ശ്രീനാരായണ ഗുരു വിദ്യാഭ്യാസ സമുച്ചയം കൽപ്പിത സർവകലാശാലയാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണെന്നും ചെയർമാൻ എൻ. മോഹൻദാസ് പറഞ്ഞു.

സമിതിയ്ക്ക് ഇപ്പോഴുള്ള 39 യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം ഒൻപതു പുതിയ ഗുരുസെന്ററുകൾ കൂടി വാങ്ങുവാൻ കഴിഞ്ഞിട്ടുണ്ടെന്നും സമിതിയുടെ പ്രവർത്തനങ്ങൾ എത്തിച്ചേർന്നിട്ടില്ലാത്ത മേഖലകളിൽ കൂടുതൽ യൂണിറ്റുകൾ രൂപീകരിച്ചു പ്രവർത്തനം ഊർജിതപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സമിതിയുടെ വികസന പന്ഥാവിലെ നാഴികക്കല്ലായിരുന്നു കഴിഞ്ഞ ഏതാനും വർഷക്കാലമെന്നും ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് പറഞ്ഞു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഫീസിളവും സൗജന്യ യൂണിഫോമും മറ്റും നൽകി സമിതിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിച്ചുവരുന്നുവെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളായി സമിതിയുടെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നൂറുശമാനം വിജയം വരിക്കാനും കഴിഞ്ഞിട്ടുണ്ടെന്നും ഒ. കെ. പ്രസാദ് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമിതി അംഗങ്ങൾക്കും അർഹരായ മറ്റുള്ളവർക്കും പ്രയോജനപ്പെടും വിധം സമിതി മെഡിക്കൽ എയിഡ് ഫണ്ട് രൂപീകരിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് സെക്രട്ടറി വി. എൻ. അനിൽകുമാർ പറഞ്ഞു. സമിതിയുടെ ഇതുവരെയുള്ള സാമ്പത്തിക ബാധ്യതകൾ തീർത്ത് തികച്ചും സ്വതന്ത്രമായ പ്രവർത്തനത്തിലേക്ക് സമിതിയെ നയിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തോടെയാണ് സമിതി ഈ വാർഷിക പൊതുയോഗത്തെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമിതിയുടെ ചരിത്രത്തിലാദ്യമായി എല്ലാ സാമ്പത്തിക ബാധ്യതകളും അടച്ചുതീർത്തു നല്ലൊരു തുക നീക്കിയിരുപ്പായി കാണിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു ബാലൻസ് ഷീറ്റാണ് ഈ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കുന്നതെന്ന് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചുകൊണ്ട് ട്രഷറാർ വി. വി. ചന്ദ്രൻ പറഞ്ഞു.

സമിതി ഭാരവാഹികളായ അസിസ്റ്റന്റ് സെക്രട്ടറി വി. എൻ. അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ പി. പൃഥ്വീരാജ്, സോണൽ സെക്രട്ടറിമാരായ വി. വി. മുരളീധരൻ, മായാ സഹജൻ, മോഹൻദാസ് കെ. , കെ. ഉണ്ണികൃഷ്ണൻ, പി. ഹരീന്ദ്രൻ, എൻ. എസ്. രാജൻ, പി. പി. കമലാനന്ദൻ എന്നിവരും പങ്കെടുത്തു. എൻ. എസ്. സലിംകുമാർ , കെ. എൻ. ജ്യോതീന്ദ്രൻ, എം. എം. രാധാകൃഷ്ണൻ, ശ്രീരത്നൻ നാണു, സദാനന്ദൻ, സുമപ്രകാശ്, എം. എസ്‌. രാജു, സുരേഷ് ദിവാകരൻ, പ്രദീപ്‌കുമാർ വി. പി., വിജയൻ എൻ., ബിനു തങ്കപ്പൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.