സ്ത്രീ ശാക്തീകരണത്തിലും സ്ത്രീ സുരക്ഷയിലും ഗുരു ഏറെ ശ്രദ്ധാലുവായിരുന്നു :അശ്വതി ദോർജെ ഐ. പി. എസ്

കഴിഞ്ഞ ഒന്നര വർഷത്തോളമായി നടന്നുവന്ന "ഗുരുവിനെ അറിയാൻ - ഒരു ചരിത്ര പഠനം " എന്ന പoന ക്ലാസിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ

author-image
Honey V G
New Update
bnnnnn

മുംബയ്: സ്ത്രീ ശാക്തീകരണത്തിലും സ്ത്രീ സുരക്ഷയിലും ശ്രീ നാരായണ ഗുരു ഏറെ ശ്രദ്ധാലുവായിരുന്നുവെന്നും സ്ത്രീ സുരക്ഷയും ശാക്തീകരണവുമാണ് ഓരോ കുടുംബത്തിൻ്റേയും സമൂഹത്തിൻ്റേയും രാജ്യത്തിൻ്റെയും അഭിവൃദ്ധിക്കാവശ്യമെന്ന് പറയുകയും അതിനാവശ്യമായ പദ്ധതികളാവഷ്കരിച്ച് നടപ്പിലാക്കുകയും വേണമെന്ന് സമൂഹത്തെ ഓർമിപ്പിക്കുകയും ചെയ്ത മഹായോഗിയും വിശ്വഗുരുവുമാണ് ശ്രീനാരായണ ഗുരുവെന്ന് അശ്വതി ദോർജെ ഐ. പി. എസ് അഭിപ്രായപ്പെട്ടു.

ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിൻ്റേയും സാംസ്കാരിക വിഭാഗത്തിൻ്റേയും ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി നടന്നുവന്ന "ഗുരുവിനെ അറിയാൻ - ഒരു ചരിത്ര പഠനം " എന്ന പoന ക്ലാസിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.

ഓരോ വനിതകളും ഓരോ വിളക്കാണ്. വിളക്കുകളിൽ തിരി തെളിഞ്ഞാൽ അത് സമൂഹത്തെ പ്രകാശപൂരിതമാകും. ആ വിളക്കുകളെ ശോഭയോടെ പ്രകാശിപ്പിക്കാൻ ശ്രീനാരായണ മന്ദിരസമിതി എന്ന മഹാപ്രസ്ഥാനം ചെയ്യുന്ന പ്രവൃത്തികൾ ഗ്ലാഘനീയമാന്നെന്നും മഹാരാഷ്ട്ര സ്ത്രീ സുരക്ഷാ വിഭാഗത്തിൻ്റെ ചാർജുള്ള എ.ഡി.ജി. പി യുമായ അശ്വതിദോർജെ തുടർന്നു പറഞ്ഞു.

vvbnnn

മഹായോഗിയും വിശ്വഗുരുവുമായ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് അറിയാൻ ശ്രമിക്കുക എന്നതുതന്നെ ഒരു മഹാഭാഗ്യമാണെന്നും അക്കാഡമിക് പാരാമീറ്ററുപയോഗിച്ച് അളക്കാൻ കഴിയുന്നതല്ല ഗുരുദർശനത്തിൻ്റേയും ഗുരുകൃതികളുടേയും അരത്ഥവ്യാപ്തിയെന്ന് പഠന ക്ലാസിൻ്റെ ആചാര്യനും ശ്രീ നാരായണ പഠന കേന്ദ്രം ഡയറക്ടറും മുൻതഹ്സീൽദാരുമായ വിജയ ലാൻനെടുംകണ്ടം അഭിപ്രായപ്പെട്ടു. 

സമ്മേളനത്തിൽ വിശിഷ്ടാതിഥിയായ് പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിജയലാൽ. കുടുംബങ്ങളിൽ വിദ്യാസത്തോടൊപ്പം ആത്മീയ ബോധവും വളർത്തുക എന്നതാണ് ശ്രീനാരായണ മന്ദിരസമിതിയുടെ മുഖ്യ പ്രവർത്തനോദ്ദേശ്യമെന്ന് സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന എം.ഐ. ദാമോദരൻ പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കും അവരുടെ ഉന്നമനത്തിനുമാവശ്യമായ പ്രവർത്തനങ്ങൾക്ക് മന്ദിരസമിതി മുൻഗണന നൽകുന്നുവെന്നും അതിൻ്റെ തുടക്കമെന്ന നിലയിലാണ് ശ്രീശാരദാ മഹിളാ വെങ്ച്വർ എന്ന ലിമിറ്റഡ് കമ്പനി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചതെന്നും സമിതി ചെയർമാൻ എൻ. മോഹൻദാസ് പറഞ്ഞു.

ഗുരുവിനെ അറിയാൻ എന്ന ശ്രീനാരായണ ഗുരുചരിത്ര പഠന യജ്ഞത്തിൽ 1500 ലധികം വനിതകൾ ഭാഗമായെന്നും അവർ പാഴാക്കിക്കളയുമായിരുന്ന സമയം വീട്ടിലെ ഗൃഹനാഥൻ്റെയും മക്കളുടെയും പിന്തുണയോടെയും സഹകരണത്തോടെയും ഗുരുചരിത്ര പഠനത്തിനായ് വിനിയോഗിച്ചുവെന്നും ഇത് നിരവധി ഭവനങ്ങളിൽ മാറ്റത്തിൻ്റെ വിത്ത് വിതച്ചു വെന്നും സമ്മേളനത്തിൽ നടത്തിയ ആശംസാപ്രസംഗത്തിൽ ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അഭിപ്രായപ്പെട്ടു.

സോണൽ സെക്രട്ടറി മായാ സഹജൻ, വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ്, മഹിളാ വെങ്ങ്ച്വർ കമ്പനി ഡയറക്ടർ വത്സാ ചന്ദ്രൻ എന്നിവരും പ്രസംഗിച്ചു. വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ട്രഷറാർ വി.വി. ചന്ദ്രൻ, സോണൽ സെക്രട്ടറിമാർ എന്നിവരും പങ്കെടുത്തു.

പഠന ക്ലാസിനോടനുബന്ധിച്ചു നടന്ന പ്രഭാഷണ മത്സരത്തിൽ ആശാ സോമൻ, ജയലക്ഷ്മി സുരേഷ്, നീതു പി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചോദ്യോത്തര മത്സരത്തിൽ മീരാ റോഡ്, നെരൂൾ ഈസ്റ്റ്, ഭാണ്ടൂപ് എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

രണ്ട് ബാച്ചുകളിലായി നടത്തിയ, സോൺ തലമത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ സി.ബി. ഡി - ബേലാപ്പൂർ, അംബർനാഥ് , മീരാ റോഡ്, നെരൂൾ ഈസ്റ്റ്, ഐരോളി, നെരൂൾ വെസ്റ്റ് യൂണിറ്റുകളും വിജയിച്ചു. വിജയികൾക്ക് ട്രോഫിയും പ്രശസ്തിപത്രവും സമ്മാനങ്ങളും വിതരണം ചെയ്തു.

മികച്ച വനിതാ പ്രവർത്തകയ്ക്കായ് മന്ദിരസമിതി പുതുതായി ഏർപ്പെടുത്തിയ ഗുരു മാതോശ്രീ 2024-25 അവാർഡിന് സുമാ പ്രകാശ്, വിജയാ രഘുനാഥ് എന്നിവർ അർഹരായി.

bnnnnb

2:30 മുതൽ നടന്ന കലാപരിപാടികളിൽ എസ് എൻ എം എസ് പൻവേൽ യൂണിറ്റ് അവതരിപ്പിച്ച യുഗ പ്രഭാവൻ നാടകം വളരെയധികം ശ്രദ്ധ നേടി.31 പേർ അഭിനയിച്ച ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള നാടകം കാഴ്ച്ചക്കാരെ അക്ഷരാർത്ഥത്തിൽ അഭിനയ മികവ് കൊണ്ടും അവതരണ മേന്മ കൊണ്ടും ഞെട്ടിച്ചു.

cbnmmm