/kalakaumudi/media/media_files/2025/09/09/jdjdjdn-2025-09-09-08-58-42.jpg)
മുംബൈ: ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ശ്രീനാരായണ ഗുരുദേവന്റെ 171 -ാമത് ജയന്തി ആഘോഷിച്ചു. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്ത് പ്രസിഡന്റ് എം. ഐ. ദാമോദരൻ പീതപതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
തുടർന്ന് ഗുരുസെന്ററുകളിൽ സമൂഹ പ്രാർഥന, ഗുരുദേവകൃതികളുടെ ആലാപനം, ഗുരുപുഷ്‌പാഞ്‌ജലി, വിളക്കുപൂജ, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം എന്നിവ നടന്നു.
ഗുരുദേവഗിരിയിലും വാശി ഗുരുസെന്ററിലും നടന്ന ആഘോഷപരിപാടികളിൽ ചലച്ചിത്രതാരം മാലാ പാർവതി മുഖ്യാതിഥിയായിരുന്നു.
മീരാറോഡ് ഗുരുസെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ ഉത്രജ ജെമിനി മുഖ്യാതിയായിരുന്നു. സമിതി വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ്, സമിതി സോണൽ, യൂണിറ്റ് സെക്രട്ടറിമാർ, കൗൺസിൽ അംഗങ്ങൾ, പേട്രൺസ്, വനിതാ വിഭാഗത്തിൻ്റേയും സാംസ്കാരിക വിഭാഗത്തിൻ്റേയും യുവജനവേദി യുടേയും സോണൽ കൺവീനർമാർ, ഗുരുദേവഗിരി കമ്മറ്റി ഭാരവാഹികൾ എന്നിവർ വിവിധ യൂണിറ്റുകളിലെ പരിപാടികൾക്ക് നേതൃത്വം നൽകി.
അറിവാണ് ദൈവമെന്ന് പഠിപ്പിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരു : മാലാ പാർവതി
നവിമുംബൈ:അറിവും സ്നേഹവും അനുകമ്പയുമാണ് മനുഷ്യമതം. ആ മതമായിരിക്കണം മനുഷ്യനെ നയിക്കേണ്ടത്. അറിവാണ് ദൈവം എന്ന് പഠിപ്പിച്ചു കൊണ്ട് അറിവില്ലായ്മയുടെ പാതാളക്കുഴിയിൽ നിന്നും മനുഷ്യ സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ മഹാഗുരുവാണ് ശ്രീനാരായണഗുരുവെന്നും ആ വിശ്വഗുരുവിൻ്റെ പാത പിൻതുടരുവാൻ കഴിയുന്നതു മഹാഭാഗ്യമായി കരുതണമെന്നും തെന്നിന്ത്യൻ ചലച്ചിത്ര താരം മാലാ പാർവതി അഭിപ്രായപ്പെട്ടു.
ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ഗിരിയിലും വാഷിയിലും നടന്ന ജയന്തിയാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു മാലാ പാർവതി.
വാഷിയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻ്റ് എം.ഐ. ദാമോദരനും ഗുരുദേവ ഗിരിയിലെ സമ്മേളനത്തിൽ വൈ. ചെയർമാൻ എസ്. ചന്ദ്രബാബുവും അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി ഒ.കെ. പ്രസാദ്, നെരൂൾ ലിറ്റിൽ ഫ്ലവർ ഫൊറോനാ ചർച്ച് വികാരി ഫാദർ ജേക്കബ് പുറത്തൂർ, സോണൽ സെക്രട്ടറിമാരായ എൻ.എസ്. രാജൻ, പി.പി. കമലാനന്ദൻ, യൂണിറ്റ് സെക്രട്ടറിമാരായ രാധാകൃഷ്ണ പണിക്കർ, വി.പി. പ്രദീപ് കുമാർ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.