/kalakaumudi/media/media_files/2025/09/15/jsjsnnn-2025-09-15-14-06-03.jpg)
ശ്രീനാരായണ മന്ദിരസമിതി ഗുരുജയന്തി ആഘോഷം ആയിരങ്ങൾ പങ്കെടുത്തു
മുംബൈ:മനുഷ്യ നന്മയ്ക്കായി ഭൗതീകതയും ആത്‌മീയതയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമായിരുന്നു ശ്രീനാരായണ ഗുരുദേവന്റേതെന്നും എല്ലാ കൂട്ടായ്മയുടെയും ആത്യന്തികമായ ലക്‌ഷ്യം ലോകനന്മയ്ക്കും സാമൂഹിക പുരോഗതിക്കും സമൂഹത്തിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കും വേണ്ടിയുള്ളതാവണമെന്നു ഉദ്ബോധിപ്പിച്ച വിശ്വഗുരുവാന് ശ്രീനാരായണ ഗുരുദേവനെന്നും ഗുരുദേവൻ ഈ സമൂഹത്തിന് നൽകിയ മഹത്തായ ഉൽബോധനങ്ങളെയും ഉപദേശങ്ങളെയും തത്വ സംഹിതയെയും സംബന്ധിച്ച് വിലയിരുത്തപ്പെടുവാനും ചർച്ച ചെയ്യപ്പെടുവാനും അത് ഹൃദയം കൊണ്ട് ഏറ്റുവാങ്ങി നമ്മുടെ ജീവിതത്തിൽ പകർത്തി യഥാർത്ഥ മനുഷ്യനായി ജീവിക്കുവാനുമുള്ള അവസ്ഥാവിശേഷം സൃഷ്ടിക്കുക എന്നുള്ളതാണ് ഓരോ കൂട്ടായ്‌മയിലൂടെയും നാം ചെയ്യേണ്ടതെന്ന് ശിവഗിരി ശ്രീനാരായണ ധർമസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന 171 -ആമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ശുഭാംഗാനന്ദ.
നമ്മുടെ രാജ്യത്ത്, ലോകത്തുതന്നെയും ധാരാളം ആദ്ധ്യാത്മിക ആചാര്യന്മാർ അവതരിക്കുകയും അവരുടെ മഹത്തായ ദർശനം ലോക സമൂഹത്തിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ അത്തരത്തിലുള്ള ആധ്യാത്മിക ആചാര്യന്മാരുടെ മനുഷ്യ സമൂഹത്തോടുള്ള സമീപനം നാം പരിശോധിക്കുമ്പോൾ, അവരിൽനിന്നൊക്കെ വ്യത്യസ്തസനായി മാനവസമൂഹത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുചെല്ലുവാനും മനുഷ്യസമൂഹത്തിൻറെ ജീവിതഗന്ധികളായ വിഷയങ്ങളിൽ ഇടപെടുവാനും അവയ്ക്കു പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്തുകൊണ്ട് ജനങ്ങൾക്കിടയിൽ ജീവിതം സമർപ്പിച്ച മഹാ മനീഷിയായിരുന്നു ഗുരുദേവൻ.സ്വാമി ശുഭാംഗാനന്ദ തുടർന്ന് പറഞ്ഞു.
ശ്രീനാരായണ ഗുരുദേവൻ ഒരുനൂറ്റാണ്ടിനു മുൻപ് ആവശ്യപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ കേന്ദ്ര,സംസ്ഥാന സർക്കാരുകളും നബാർഡ് ഉൾപ്പടെയുള്ള സാമ്പത്തിത വികസന സ്ഥാപനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുവെന്നു നബാർഡ് ചെയർമാൻ ഡോ. ഷാജി കെ. വി,. പറഞ്ഞു.
സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദർശനം കാലാതീതവും മനുഷ്യ നന്മയുടെ മോചന വചനങ്ങളുമാണെന്ന തിരിച്ചറിവ് നബാർഡ് ചെയർമാൻ എന്നനിലയിലുള്ള തന്റെ പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയാവുന്നുണ്ടെന്നും ഗ്രാമീണ ക്ഷീര കൃഷി ഉൾപ്പടെയുള്ള കാർഷിക മേഖലയുടെ സമഗ്ര വികസനമാണ് നബാർഡ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സർവകലാശാല മുൻ ഡീനും ശിവഗിരി മഠം മുൻ അഡ്മിനിസ്ട്രേറ്ററുമായ ഡോ. എം. ശാർങ്ഗധരൻ വിശിഷ്ടാഥിതിയായിരുന്നു.
സമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷനായിരുന്നു. സമിതിയുടെ വിദ്യാഭ്യാസ, സാമൂഹിക രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജനറൽ സെക്രട്ടറി ഒ കെ.പ്രസാദ് സ്വാഗതം പറഞ്ഞു.
വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, സോണൽ സെക്രട്ടറി മായാ സഹജൻ എന്നിവരും പ്രസംഗിച്ചു.ട്രഷറർ വി വി ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി വി. എൻ. അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറാർ പി. പൃഥ്വീരാജ്, സോണൽ സെക്രട്ടറിമാരായ പി. കെ. ആനന്ദൻ, വി. വി. മുരളീധരൻ, കെ മോഹൻദാസ്, കെ. ഉണ്ണികൃഷ്ണൻ, പി. ഹരീന്ദ്രൻ, എൻ. എസ്. രാജൻ , പി. പി. കമലാനന്ദൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
സമിതിയുടെ മുൻ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ ഇ. പി. വാസു,സമിതിയുടെ പാട്രണും വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ വി. കെ മുരളീധരൻ [റോയൽ രസോയി] റോളർ സ്‌കേറ്റിങ് ചാമ്പ്യൻ അഭിജിത് അമൽരാജ് എന്നിവരെ ആദരിച്ചു.
കഴിഞ്ഞ വര്ഷം മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ചെയ്തു. സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുമായി മൂവായിരത്തിലധികം പേർ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
എം. എം. രാധാകൃഷ്ണൻ കൺവീനർ ആയുള്ള പ്രോഗ്രാം കമ്മറ്റിയായിരുന്നു പരിപാടികൾ നിയന്ത്രിച്ചത്.