ഡോ. സി. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ ശ്രീ നാരായണ മന്ദിര സമിതി അനുശോചനം രേഖപ്പെടുത്തി

2007-ൽ ഹൈദരാബാദിൽ പോറ്റി ശ്രീരാമലു തെലുങ്ക് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ നാരായണ ദർശനത്തെക്കുറിച്ചുള്ള ദ്വിദിന സെമിനാറുകളിൽ മന്ദിര സമിതിയെ പ്രതിനിധീകരിച്ച് ഡോ. സി. എൻ. എൻ. നായർ ചർച്ചകൾ നയിച്ചു. ശ്രീ നാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും മലയാള സാഹിത്യത്തിലെ സംഭാവനകളെ പഠന വിഷയമാക്കിയ അദ്ദേഹത്തിന്റെ പ്രബന്ധം തെലുങ്ക് സർവകലാശാല പ്രസിദ്ധീകരിച്ച “The Legacy of Sree Narayana Guru” എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

author-image
Honey V G
New Update
vhkkkkknn

മുംബൈ : സി. എൻ. എൻ. എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡോ. സി. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ ശ്രീ നാരായണ മന്ദിര സമിതി അനുശോചനം രേഖപ്പെടുത്തി.

ബി.എസ്.എൻ.എൽ സർവീസിൽ നിന്ന് 30 വർഷങ്ങൾക്ക് മുൻപ് വിരമിച്ച ഡോ. സി. എൻ. എൻ. തന്റെ വസതിയിൽ സൂക്ഷിച്ചിരുന്ന അമൂല്യമായ ഗ്രന്ഥശേഖരം സംരക്ഷിക്കാനും പൊതുപഠനത്തിന് ഉപയോഗപ്പെടുത്തുന്നതിനുമായി ശ്രീ നാരായണ മന്ദിര സമിതിയെയും ശ്രീ നാരായണ ഗുരു കോളേജിനെയും തിരഞ്ഞെടുത്തതായി സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അനുസ്മരിച്ചു.

പാശ്ചാത്യ തത്വശാസ്ത്രം, ഇന്ത്യൻ ഫിലോസഫി, ഇംഗ്ലീഷ് സാഹിത്യം, ഇന്ത്യൻ ചരിത്രം, ഭാഷാശാസ്ത്രം, വ്യാകരണം, പഴഞ്ചൊല്ലുകൾ, ഐതിഹ്യങ്ങൾ, ശാസ്ത്ര-സാങ്കേതിക വിജ്ഞാനം, ചലച്ചിത്രം, നിയമസംഹിത തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിലെ പുസ്തകങ്ങൾ ഇന്ന് മന്ദിര സമിതിയുടെയും ശ്രീ നാരായണ ഗുരു കോളേജിന്റെയും ലൈബ്രറികളിൽ പഠന സഹായികളായി ഉപയോഗത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീ നാരായണ ഗുരു, കുമാരനാശാൻ, രാമായണം, മഹാഭാരതം, സിഖ് മത സ്ഥാപനം, ഗ്രീക്ക് സംസ്കാരം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയ ഒറ്റത്താൾ ചരിത്ര ഗവേഷണ ഗ്രാഫുകൾ മന്ദിര സമിതിയുടെ സെമിനാർ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നതായും ചെയർമാൻ ശ്രീ എൻ. മോഹൻദാസ് ചൂണ്ടിക്കാട്ടി.

ശ്രീ നാരായണ ഗുരു വിരചിച്ച “ദൈവദശകം” ഇംഗ്ലീഷിലേക്കു ലിപിമാറ്റം നടത്തി ഡോ. സി. എൻ. എൻ. നായർ ശ്രീ നാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

മലയാള ഭാഷയിൽ പരിജ്ഞാനമില്ലാത്ത പുതുതലമുറയ്ക്ക് ദൈവദശകത്തിന്റെ വ്യാഖ്യാനം ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം വിലപ്പെട്ട പഠന സഹായമാണെന്ന് സമിതി ട്രഷറർ വി. വി. ചന്ദ്രൻ അനുസ്മരിച്ചു.

2007-ൽ ഹൈദരാബാദിൽ പോറ്റി ശ്രീരാമലു തെലുങ്ക് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ നാരായണ ദർശനത്തെക്കുറിച്ചുള്ള ദ്വിദിന സെമിനാറുകളിൽ മന്ദിര സമിതിയെ പ്രതിനിധീകരിച്ച് ഡോ. സി. എൻ. എൻ. നായർ ചർച്ചകൾ നയിച്ചു. ശ്രീ നാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും മലയാള സാഹിത്യത്തിലെ സംഭാവനകളെ പഠന വിഷയമാക്കിയ അദ്ദേഹത്തിന്റെ പ്രബന്ധം തെലുങ്ക് സർവകലാശാല പ്രസിദ്ധീകരിച്ച “The Legacy of Sree Narayana Guru” എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുമാരനാശാൻ വിരചിച്ച “വീണപൂവ്” എന്ന കവിതയുടെ രചനാശതാബ്ദിയോടനുബന്ധിച്ച് മന്ദിര സമിതിയിൽ നടന്ന സെമിനാറിലെ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ, വീണപൂവ് ഇന്നും “വീഴാത്ത പൂവായി” വായനക്കാരുടെ മനസ്സിൽ വിരിഞ്ഞുനിൽക്കുന്നതായി വി. വി. ചന്ദ്രൻ പറഞ്ഞു.

മന്ദിര സമിതിയുടെ മുഖപത്രമായ “ഗുരുരത്നം” ത്രൈമാസികയിലൂടെ, ബംഗളൂരുവിലേക്ക് താമസം മാറ്റുന്നതുവരെ, ഡോ. സി. എൻ. എൻ. ഗുരുദർശനത്തെ പഠനവിഷയമാക്കി എഴുതിയിരുന്നു.

അന്താരാഷ്ട്ര ശ്രീ നാരായണ ഗുരു പഠനകേന്ദ്രത്തിലെ ലൈബ്രറി കമ്മിറ്റിയുടെ ഉപദേശകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചതായി പത്രാധിപ സമിതി അംഗം ശ്രീമതി ബിജിലി ഭരതൻ അനുസ്മരിച്ചു.

2023-ൽ ബംഗളൂരുവിലേക്ക് തിരിക്കവെ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ ഹൃദയസ്പർശിയായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചിരുന്നു.

വിദ്യാഭ്യാസ, ആത്മീയ, സാംസ്കാരിക മേഖലകളിൽ സമിതിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ ഡോ. സി. എൻ. നാരായണൻ നായരുടെ വേർപാടിൽ ശ്രീ നാരായണ മന്ദിര സമിതിക്കുവേണ്ടി ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് പ്രണാമം അർപ്പിച്ചു. സർവവിജ്ഞാനകോശമായ അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് മുന്നിൽ മന്ദിര സമിതിയുടെ ആദരാഞ്ജലി അർപ്പിച്ചു.