/kalakaumudi/media/media_files/2026/01/17/jdnsnjsn-2026-01-17-08-39-03.jpg)
മുംബൈ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നാടകത്തെ ഒരു ശക്തമായ മാർഗമായി ഉപയോഗിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളീയ കേന്ദ്ര സംഘടനയുടെ നേതൃത്വത്തിൽ പ്രത്യേക ആലോചനാ യോഗം സംഘടിപ്പിക്കുന്നു. നാടകകലയെ സാമൂഹിക സേവനവുമായി ബന്ധിപ്പിക്കുന്ന ഈ സംരംഭത്തിന് മുംബൈയിലെ മലയാളി സമൂഹത്തിന്റെ സഹകരണം തേടുകയാണ് സംഘാടകർ.
എഴുപതുകളിലും എൺപതുകളിലും മുംബൈയുടെ സാംസ്കാരിക ജീവിതത്തിൽ മലയാള നാടകങ്ങൾ വലിയ സ്വാധീനം ചെലുത്തിയിരുന്നു. സാമൂഹിക ബോധം വളർത്താനും മാറ്റങ്ങൾക്ക് വഴിയൊരുക്കാനും നാടകങ്ങൾക്കായിരുന്നു അന്നത്തെ പ്രധാന പങ്ക്. എന്നാൽ കാലക്രമേണ ദൃശ്യമാധ്യമങ്ങളുടെ വളർച്ചയിൽ ഈ നാടക സംസ്കാരം പിന്നിലായി. ഈ സാഹചര്യത്തിലാണ് നാടകകലയെ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.
നാടകം ഒരു വിനോദം മാത്രമല്ല, സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ കലാരൂപമാണെന്നും, നാടകാവതരണങ്ങളിലൂടെ സമാഹരിക്കുന്ന തുക നിർധനരായ രോഗികൾക്കും അശരണർക്കും സഹായമായി നൽകുമ്പോൾ കലയ്ക്ക് ഒരു വലിയ സാമൂഹിക അർത്ഥം ലഭിക്കുന്നുവെന്നും സംഘടന അറിയിച്ചു.
അതേസമയം, മുംബൈയിലെ പഴയകാല മലയാള നാടകപ്രവർത്തകരിൽ പലരും ഇന്ന് ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുകയാണ്. ഇവരെ ആദരിക്കുകയും ആവശ്യമായ ചികിത്സാസഹായം നൽകുകയും ചെയ്യുന്നത് സമൂഹത്തിന്റെ കടമയാണെന്ന തിരിച്ചറിവിലാണ് ഈ സംരംഭം രൂപം കൊണ്ടത്. നാടകകലയുടെ പഴയ പ്രതാപം തിരികെ കൊണ്ടുവരാനും, ദുരിതമനുഭവിക്കുന്ന കലാകാരന്മാർക്ക് കൈത്താങ്ങാകാനും സംഘടന ലക്ഷ്യമിടുന്നു.
ഈ ഉദ്യമത്തിന് ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഡോംബിവ്‌ലി കേരള സമാജം പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കലയും മനുഷ്യസ്നേഹവും ഒന്നിപ്പിക്കുന്ന ഈ സംരംഭത്തിന് മുംബൈയിലെ എല്ലാ മലയാളി സംഘടനകളുടെയും പിന്തുണയാണ് പ്രതീക്ഷിക്കുന്നത്.
/filters:format(webp)/kalakaumudi/media/media_files/2026/01/17/jfndndnn-2026-01-17-08-43-16.jpg)
ഇതിന്റെ ഭാഗമായി, കേരളത്തിലെ പ്രശസ്ത നാടകസംഘമായ അരുൺ ലാൽ നേതൃത്വം നൽകുന്ന ‘ലിറ്റിൽ എർത്ത്’ നാടകസംഘം അവതരിപ്പിക്കുന്ന പുതിയ നാടകം “കുഹൂ” മാർച്ച് 28, ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് കല്യാൺ വെസ്റ്റിലെ കെ.സി. ഗാന്ധി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഈ നാടകത്തിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
/filters:format(webp)/kalakaumudi/media/media_files/2026/01/17/ndnndnn-2026-01-17-08-42-41.jpg)
ഈ നാടക സംരംഭം വിജയകരമായി നടപ്പാക്കുന്നതിനായി കല്യാൺ–ഡോംബിവ്‌ലി മേഖലയിലെ സാംസ്കാരികവും സാമൂഹ്യവുമായ പ്രവർത്തകരുടെ പ്രത്യേക ആലോചനാ യോഗം ഇന്ന് ജനുവരി 17, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡോംബിവ്‌ലി കേരള സമാജം (ഈസ്റ്റ്) ഓഫീസ്, ശുഭം കരോട്ടി ബിൽഡിംഗ്, ഡോംബിവ്‌ലി ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ സമീപം നടക്കും.
നാടിന്റെ നന്മ ലക്ഷ്യമിട്ട ഈ മാതൃകാപരമായ പ്രവർത്തനത്തിൽ പങ്കാളികളാകാനും, അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ച് സംരംഭത്തിന് മാർഗനിർദേശം നൽകാനും ഏവരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മാത്യു തോമസ് – 91674 49349 സുരേന്ദ്ര ബാബു – 98200 63617 ജയപ്രകാശ് – 98330 74099
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
