സൂറത്തിൽ കേരള കലാസമിതി ജൂബിലി ആഘോഷം; അയ്യായിരത്തിലേറെ മലയാളികളുടെ മഹാസംഗമം, പായിപ്ര രാധാകൃഷ്ണന് അടൂരിന്റെ പുരസ്‌കാരം

പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ ഈ വിദ്യാഭ്യാസ–സാംസ്കാരിക സ്ഥാപനം നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന് മാതൃകയാണെന്നും മലയാളത്തിന്റെ അഭിമാനമായ അടൂർ ഗോപാലകൃഷ്ണൻപറഞ്ഞു

author-image
Honey V G
New Update
mddmd.

സൂറത്ത് : വിദ്യാഭ്യാസ–സാംസ്കാരിക രംഗങ്ങളിൽ സൂറത്തിലെ മലയാളികളുടെ മഹാപ്രസ്ഥാനമായി വളർന്ന കേരള കലാസമിതി, കേരളത്തിനുതന്നെ ദിശാനിർദേശം നൽകാൻ കഴിയുന്ന ശക്തമായ സംഘടനയായി മാറിയതായി പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ ഈ വിദ്യാഭ്യാസ–സാംസ്കാരിക സ്ഥാപനം നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന് മാതൃകയാണെന്നും മലയാളത്തിന്റെ അഭിമാനമായ അടൂർ ഗോപാലകൃഷ്ണൻപറഞ്ഞു.

സൂറത്ത് കേരള കലാസമിതി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച മലയാളി മഹാസംഗമവും ജൂബിലി സാഹിത്യ–സാംസ്കാരിക പ്രതിഭാ പുരസ്‌കാര സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.

കേരളത്തിലെ സാഹിത്യ, സാംസ്കാരിക, കലാരംഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തി പുരസ്‌കാരം നൽകി ആദരിക്കുന്ന ഈ സംരംഭവും, മലയാളി മഹാസംഗമവും ഭാവിയിലും തുടർന്നുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു.

mndndns

ചടങ്ങിൽ ജൂബിലി സാഹിത്യ പ്രതിഭാ പുരസ്‌കാരം പായിപ്ര രാധാകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങി. ഈ വേളയിൽ ജോണി ലുക്കോസ്, കേരള കലാസമിതി പ്രസിഡന്റ് സുരേഷ് പി. നായർ എന്നിവർ സമീപമുണ്ടായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ സമിതി പ്രസിഡന്റ് സുരേഷ് പി. നായർ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ജൂബിലി പ്രതിഭാ പുരസ്‌കാരങ്ങൾ സാഹിത്യ–കലാ–സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പായിപ്ര രാധാകൃഷ്ണൻ, ജോണി ലുക്കോസ്, ജയരാജ് വാര്യർ, വയലാർ ശരത് ചന്ദ്ര വർമ്മ, ആർട്ടിസ്റ്റ് മദനൻ എന്നിവർക്ക് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു.

ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്ന അടൂർ ഗോപാലകൃഷ്ണനെ വേദിയിൽ ആർട്ടിസ്റ്റ് മദനൻ രേഖാചിത്രത്തിലൂടെ ആവാഹിച്ചു, ചടങ്ങിന് പ്രത്യേക കലാസൗന്ദര്യം നൽകി.

ചടങ്ങിന് തുടർപരിപാടിയായി വയലാർ സ്മൃതിയും ജയരാജ് ഷോയും അരങ്ങേറി.

സാഹിത്യം, കല, സംസ്കാരം എന്നിവ ഒരേ വേദിയിൽ സംഗമിച്ച ഈ പരിപാടികൾക്ക് വൻ പങ്കാളിത്തമാണ് ലഭിച്ചത്. മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക ശക്തിയും വീണ്ടും തെളിയിക്കുന്ന വേദിയായി സൂറത്തിലെ മലയാളി മഹാസംഗമം മാറി.