/kalakaumudi/media/media_files/2025/08/25/kskskj-2025-08-25-18-14-37.jpg)
നവിമുംബൈ:പതിനാറു കരുക്കളും അറുപത്തിനാലു കളങ്ങളും ചെസ്സ് ബോർഡിൽ തെളിയുന്ന ഓരോ നീക്കവും കാണികളെ വിസ്മയിപ്പിക്കുകയായിരുന്നു. പക്ഷേ, ഇവിടെ ചിലരുടെ കണ്ണുകളിലൂടെ അല്ല, അവരുടെ മനസ്സിലൂടെ തന്നെ ആ കളം തെളിഞ്ഞു. കാഴ്ച നഷ്ടപ്പെട്ടിട്ടും, അവർ കരുത്തോടെ ബ്രെയിൽ ചെസ്സ് ബോർഡിലെ ഓരോ നീക്കവും നടത്തി.
രാഹുൽ നാവ് ഖാനെ, മധു കേശ് റാം, പ്രഗതി തുപേ എന്നിവർ, കാഴ്ചയുടെ അഭാവം ഒരു തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ടാണ് എല്ലാവരുടെയും കൈയ്യടി നേടി മുന്നേറിയത്.
24 ആഗസ്റ്റ് 2025 ന് നെരൂൾ അഗ്രികോളി ഭവനിൽ അരങ്ങേറിയ അഞ്ചാമത് താരാഭായി ഷിൻഡെ റാപ്പിഡ് ചെസ്സ് ടൂർണമെന്റ് മഹാരാഷ്ട്രയിലെ തന്നെ പ്രഗൽഭ മത്സരങ്ങളിൽ ഒന്നായി മാറി. ആകെ 635 മത്സരാർത്ഥികളിൽ നിന്നും 250 ൽ അധികംപേർ റേറ്റഡ് കളിക്കാരായിരുന്നു.
കഴിവിന്റെയും കൗശലത്തിന്റെയും തീപ്പൊരി വിതറിയ മത്സരങ്ങൾക്കൊടുവിൽ ശ്രീജിത് പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആരുഷ് ചെത്രെ രണ്ടാം സ്ഥാനവും, കുഷ് ഭഗത് മൂന്നാം സ്ഥാനവും നേടിയെടുത്തു.
ഈ അരങ്ങിൽ വിജയം നേടിയവരുടെ സന്തോഷം പോലെ തന്നെ, കുട്ടികളുടെയും സ്ത്രീകളുടെയും സാന്നിധ്യവും പ്രോത്‌സാഹനവുമാണ് മത്സരത്തെ വേറിട്ടതാക്കിയത്.
7,9,11,13,15 വയസ്സിന് താഴെയുള്ള കുട്ടികൾക്കു പ്രത്യേക സമ്മാനങ്ങൾ നൽകി. സ്ത്രീകൾക്കും സ്വന്തം വിഭാഗത്തിൽ അംഗീകാരം ലഭിച്ചു, കാരണം ഈ മത്സരത്തിന്റെ അടിത്തറ തന്നെ ഒരു സ്ത്രീയുടെ സാഹസിക ശബ്ദമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ പുരുഷാധിപത്യത്തെയും ജാതിയെയും തുറന്ന് ചോദ്യം ചെയ്ത താരാഭായി ഷിൻഡെയുടെ പേരിലാണ് ഈ മത്സരത്തിന് ജീവശക്തി ലഭിക്കുന്നത്. 1882-ൽ പ്രസിദ്ധീകരിച്ച സ്ത്രീ പുരുഷ തുലന ഇന്നും ഭാരതത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് സാഹിത്യ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. സമത്വത്തിന്റെയും സമഗ്രവികസനത്തിന്റെയും പ്രതീകമായി, അവരുടെ പേരിലുള്ള ഈ ചെസ്സ് വേദി ഒരു കളിനിരപ്പിൽ ഒതുങ്ങാതെ, സമൂഹത്തിന്റെ വിലപ്പെട്ട സന്ദേശമായും ഉയർന്നു.