താനെയിൽ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം;ജനങ്ങൾ ഭീതിയിൽ

ജനങ്ങൾ അവശ്യകാര്യങ്ങൾ ഒഴികെ പുറത്തിറങ്ങാതിരിക്കാനും, കുട്ടികളെയും വളർത്തുമൃഗങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും വനംവകുപ്പും പോലീസും മുന്നറിയിപ്പ് നൽകി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.

author-image
Honey V G
New Update
bgjkmmm

താനെ:താനെയിലെ പൊഖ്‌റൺ റോഡ് നമ്പർ 2 പ്രദേശത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ്‌ പുലിയെ ആദ്യം കണ്ടതായുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്.

ജനസാന്ദ്രമായ മേഖലയിലുണ്ടായ ഈ സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്കിടയിൽ ഭീതിയും ആശങ്കയും പടർന്നു.

ബഥനി ആശുപത്രിക്ക് സമീപമുള്ള അടച്ചിട്ട ഫാക്ടറി പരിസരത്താണ് പുലിയെ കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്ക് വെച്ചിരുന്നു.

വിവരം ലഭിച്ചതോടെ വർത്തക് നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വനവകുപ്പ് സംഘവും ഉടൻ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനും സഞ്ചാരപാത നിരീക്ഷിക്കാനുമായി ഫാക്ടറി പരിസരത്ത് ട്രാപ് ക്യാമറകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ നരേന്ദ്ര മുഥെ വ്യക്തമാക്കി.

“പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. നീക്കങ്ങൾ മനസിലാക്കാൻ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചുവരികയാണ്,” അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

vvnnmmm

അതേസമയം താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗറിനടുത്തുള്ള വർലി പാടയിലും ഇന്നലെ പുലിയെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

ഒന്നിലധികം ഓൺലൈൻചാനലുകളിൽ പുലി ഇറങ്ങിയ സി സി ടി വി ദൃശ്യങ്ങൾ വൈറൽ ആയി. അധികൃതർ ഇതിലൊരു സ്ഥിരീകരണം തരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

ജനങ്ങൾ അവശ്യകാര്യങ്ങൾ ഒഴികെ പുറത്തിറങ്ങാതിരിക്കാനും, കുട്ടികളെയും വളർത്തുമൃഗങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും വനംവകുപ്പും പോലീസും മുന്നറിയിപ്പ് നൽകി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.