ഉറങ്ങാത്ത നഗരം, ഇനി കച്ചവടക്കാരും ഉറങ്ങില്ല!

ഈ നീക്കം മഹാരാഷ്ട്രയിലുടനീളമുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു

author-image
Honey V G
New Update
ndmsn

മുംബൈ: മദ്യം വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള മറ്റെല്ലാ കടകളും സ്ഥാപനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയതോടെ നഗരത്തിലെ നല്ലൊരു ഭാഗം പേരും സന്തോഷത്തിലാണ്.

ഈ തീരുമാനം ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് വ്യവസായ, ഊര്‍ജ്ജ, തൊഴില്‍, ഖനന വകുപ്പ് ഒരു സര്‍ക്കുലര്‍ കഴിഞ്ഞ ആഴ്ച്ച പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക കടകളും ബിസിനസുകളും 24 മണിക്കൂറും തുറന്നിരിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

mxmdmx

പെര്‍മിറ്റ് റൂമുകള്‍, ബിയര്‍ ബാറുകള്‍, വൈന്‍ ഷോപ്പുകള്‍ പോലുള്ള മദ്യം വിളമ്പുകയോ വില്‍ക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണിത് ബാധകമല്ലാത്തത്.

എന്നാല്‍, മദ്യത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ എതിരഭിപ്രായവും ഉയരുന്നുണ്ട്. 'സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നു. പക്ഷേ രാത്രി കാലങ്ങളില്‍ മദ്യ കടകള്‍ക്കും ബാര്‍ & റെസ്റ്റോറന്റുകള്‍ക്കും തുറക്കാന്‍ അനുമതി കൊടുക്കാത്തത് അപ്രതീക്ഷിതമായി. ജനങ്ങള്‍ക്ക് സമയം കിട്ടുമ്പോള്‍ അവര്‍ ആസ്വദിച്ചോട്ടെ, മറ്റ് വിഷയങ്ങള്‍ ഉണ്ടാക്കാതിരുന്നാല്‍ മതി. ഇതില്‍ തീരുമാനം പിന്നീട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'. രണ്ട് മദ്യ കടകളുടെയും ബാറുകളുടെയും ഉടമയായ രാജേഷ് പി എസ് പ്രതികരിച്ചു.

ndmdm

24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ ഓരോ ജീവനക്കാരനും ആഴ്ചയില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഇടവേള നല്‍കണം. ഈ നിയമം 2017 ലെ മഹാരാഷ്ട്ര ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിന്റെ ഭാഗമാണ്. 'ഇത് സ്വാഗതാര്‍ഹമായ ഒരു നീക്കമാണ്, പാശ്ചാത്യ രാജ്യങ്ങളിലെ രീതികളുമായി വളരെയധികം യോജിക്കുന്നു,' 17 വയസ്സുള്ള നവ്യ സത്യരാജ് പറയുന്നു.നവ്യ പലപ്പോഴും അര്‍ദ്ധരാത്രിയിലോ അതിരാവിലെയോ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഒരു ഉപഭോക്താവണെന്ന് സാക്ഷ്യപ്പെടുത്തുന്നു. 'ഫാര്‍മസികളും കോഫി ഷോപ്പുകളും പുലര്‍ച്ചെ 3 മണി വരെ തുറന്നിരിക്കുമ്പോള്‍,എല്ലാ കടകളും സ്ഥാപനങ്ങളും 24×7 പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയുന്നത് എന്താണ്?,' നവ്യ ചോദിക്കുന്നു. 'ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കുകയും വിശാലമായ തോതില്‍ ഉപഭോക്താക്കള്‍ക്ക് വളരെയധികം പ്രയോജനം നല്‍കുകയും ചെയ്യും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഇതിനകം 24 മണിക്കൂറും സേവനം നല്‍കുന്നുണ്ട് - അപ്പോള്‍ ഓഫ്ലൈന്‍ സ്റ്റോറുകള്‍ അതേ അവസരം എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂടാ?,' നവ്യ പറയുന്നു.

നിയമം കൃത്യമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പോലീസ് വകുപ്പുകളെയും വിശദീകരണം അറിയിച്ചിട്ടുണ്ട്. നേരത്തെ, തിയേറ്ററുകളും സിനിമാശാലകളും നിയന്ത്രിത സമയമുള്ള ബിസിനസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു,എന്നാല്‍ ഇപ്പോള്‍ അവ നീക്കം ചെയ്തിരിക്കുന്നു.

'ഇത് തിരഞ്ഞെടുത്ത ബിസിനസ് മേഖലകളില്‍ പുതിയ അവസരങ്ങളും പുതിയ വരുമാന സ്രോതസ്സുകളും തുറക്കുമെന്ന് പറയേണ്ടതില്ലല്ലോ,' സംരംഭകയായ ശ്രീകല മുരളി പറയുന്നു. ബിസിനസിന്റെ സ്വഭാവത്തെയും അതിന്റെ പ്രവര്‍ത്തന മേഖലയെയും ആശ്രയിച്ച് സാധ്യതകള്‍ വ്യത്യാസപ്പെടുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, സാധ്യതയുള്ള വെല്ലുവിളികളെക്കുറിച്ചും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 'ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കാം, പക്ഷേ ജീവനക്കാര്‍ക്ക് അവര്‍ അനുയോജ്യമായ രീതിയില്‍ പരിചരണം നല്‍കുമെന്ന് ഉറപ്പില്ല,' അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 'തൊഴിലാളി ചൂഷണത്തിന് ഉയര്‍ന്ന സാധ്യതയുണ്ട്. 24×7 പ്രവര്‍ത്തിക്കുന്നത് എല്ലായ്‌പ്പോഴും മതിയായ ബിസിനസ്സ് സൃഷ്ടിച്ചേക്കില്ല, നിലവിലുള്ള ജീവനക്കാര്‍ ഭാരം പങ്കിടാന്‍ നിര്‍ബന്ധിതരാകാം, ഇത് മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം,' ശ്രീകല പറയുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ഏത് മാറ്റവും ജോലിഭാരം കൈകാര്യം ചെയ്യല്‍, ന്യായമായ വേതനം, ജീവനക്കാരുടെ ക്ഷേമം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കണമെന്ന് ശ്രീകല ഊന്നിപ്പറയുന്നു.

ഈ നീക്കം മഹാരാഷ്ട്രയിലുടനീളമുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ മികച്ച തീരുമാനങ്ങളിലൊന്നാണ് കടകളും മാളുകളും 24 മണിക്കൂറും തുറന്നിരിക്കാന്‍ അനുവദിക്കുക എന്നതെന്ന് മലയാളികള്‍ ഉള്‍പ്പെടെ യുള്ളവരുടെയും അഭിപ്രായം.

മുംബൈ നിവാസികള്‍ക്ക് യഥാര്‍ത്ഥ 'രാത്രി ജീവിതം' ആസ്വദിക്കാം എന്നതാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.രാത്രിയില്‍ തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ കഴിക്കാനും സാധിക്കും.വിശപ്പ് അനുഭവിക്കുന്നവര്‍ക്ക് പരിഹാരമായി.പുലര്‍ച്ചെ 3 മണിക്ക് ചോലേ ബട്ടൂര കഴിയ്ക്കണമെങ്കിലോ അല്ലെങ്കില്‍ മൈസൂര്‍ മസാല ദോശ കഴിക്കണ മെങ്കിലോ അത് ഇനി മുതല്‍ സാധിക്കും.കാരണം നഗരങ്ങളിലെ മാളുകളിൽ ഉള്ള ഫുഡ് കോർട്ടുകൾ ആണ് രാത്രി കാലങ്ങളിലും ബിസിനസ് പ്രതീക്ഷിക്കുന്നത്. രാത്രി കാലമായത് കൊണ്ട് പാര്‍ക്കിംഗ് ഒരു പ്രശ്‌നമാകില്ല എന്നതും പ്രതീക്ഷിക്കുന്നു.

രാത്രി കാലങ്ങളില്‍ അമിത തിരക്ക് ഉണ്ടാകാതിരുന്നാല്‍ സുഖമമായി ഷോപ്പിംഗ് നടത്താനും കഴിയും. ടൂറിസത്തിന് തീര്‍ച്ചയായും ഒരു ഉത്തേജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളും കരുതുന്നത്.

അതി രാവിലെ വീട്ടിലേക്ക് പോകാന്‍ ബസോ ട്രെയിനോ ലഭിക്കാത്ത കട ജീവനക്കാര്‍ക്ക് മാത്രമായിരിക്കും പ്രശ്‌നം. സര്‍ക്കാരിന്റെ ധീരമായ തീരുമാനത്തോട് മുംബൈ എങ്ങനെ പ്രതികരിക്കുമെന്ന് കാണാന്‍ മറ്റ് നഗരങ്ങളിലെ ഭരണകൂടങ്ങളും കാത്തിരിക്കുകയാണ്.