/kalakaumudi/media/media_files/2025/09/02/bdndnd-2025-09-02-11-36-17.jpg)
മുംബൈ:ജോലിയും പാഷനും ഒരുമിച്ചു കൊണ്ടു പോകുകയാണ് നീരജ ഗോപിനാഥൻ. നൃത്തം, മോഡലിംഗ്, ആങ്കറിങ്, അഭിനയം... അങ്ങനെ നവി മുംബൈയില്‍ താമസിക്കുന്ന നീരജ മുദ്രപതിപ്പിച്ചിരിക്കുന്ന മേഖലകള്‍ നിരവധിയാണ്. ഭരതനാട്യം 8 വര്‍ഷവും കഥക് നാല് വര്‍ഷവും പഠിച്ച നീരജ മുംബൈയിലാണ് ജനിച്ചു വളര്‍ന്നത്. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ സ്വദേശിയായ നൃത്തവും മോഡലിങ്ങും പാഷനായുള്ള നീരജ മുംബൈയിലെ സാംസ്‌കാരിക പരിപാടികളിലെ നിറ സാന്നിധ്യമാണ്. ചെറുപ്പം മുതല്‍ തന്നെ ബേലാപൂരിലെ കൈരളി അസോസിയേഷന്‍, നായർ സമാജം,കണ്ണൂര്‍ അസോസിയേഷന്‍, മറ്റ് സംഘടനകള്‍ നടത്തുന്ന പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട് നീരജ.ഒപ്പം ഇന്‍സ്റ്റാഗ്രാം പേജായ 'റീല്‍സ് ഒഫ് സ്മൈലിനായി' വീഡിയോകളും റീലുകളും നിര്‍മ്മിച്ച് നൃത്തത്തോടുള്ള അഭിനിവേശം തുടരുന്നു. ഇന്‍ഫ്‌ലുവന്‍സര്‍, വ്‌ലോഗര്‍ കൂടിയായ നീരജ 'വാക്ക് വിത്ത് നീരജ' എന്ന യൂട്യൂബ് ചാനലിലും സജീവമാണ്.
നൃത്തം പാഷനല്ല, പ്രാണന്‍
നൃത്തത്തെ പാഷനായല്ല, പ്രാണനാണ്.നവി മുംബൈയിലെ സിബിഡി ബേലാപൂരിലാണ് നീരജ താമസം. വീട്ടമ്മയായ സുനിത ഗോപിനാഥന്റെയും ബിസിനസുകാരനായ അടിയോടി വീട്ടില്‍ ഗോപിനാഥന്റെയും മകളായ നീരജ അഞ്ചാം വയസ്സില്‍ ഭരതനാട്യം പഠിക്കാന്‍ തുടങ്ങി. 'നൃത്തം പഠിക്കുക അമ്മയുടെ സ്വപ്നമായിരുന്നു. പക്ഷേ, അമ്മയ്ക്ക് അതിന് കഴിഞ്ഞില്ല. നൃത്തത്തോടുള്ള എന്റെ ഇഷ്ടം തിരിച്ചറിഞ്ഞപ്പോള്‍ എന്നെ അത് പിന്തുടരാന്‍ അനുവദിച്ചു. പിന്നീട്, 23-മത്തെ വയസ്സില്‍ ഞാന്‍ കഥക് പഠിക്കാന്‍ തുടങ്ങി.അത് 27 വയസ്സ് വരെ തുടര്‍ന്നു'. നീരജ പറഞ്ഞു.
നെഞ്ചോട് ചേര്‍ത്ത് ആങ്കറിംഗ്
ആങ്കറിങ്ങിനെ നെഞ്ചോട് ചേര്‍ക്കുന്നു നീരജ. 15-ാം വയസ്സ് മുതല്‍ ഡിഎവി പബ്ലിക് സ്‌കൂളിനായി വാര്‍ഷിക ഇന്റര്‍സ്‌കൂള്‍ ഫെസ്റ്റിവലില്‍ ആങ്കറിംഗ് ആരംഭിച്ച ഈ കലാകാരി 2016- ല്‍ മുംബൈയില്‍ കണ്ണൂര്‍ സാംസ്‌കാരിക സംഘടനയുടെ പുതുവത്സര പരിപാടിയിലൂടെയും തുടര്‍ന്ന് വിവിധ പരിപാടികളിലും സ്റ്റേജ് ഷോകള്‍ക്കായി അവതാരകയായി. 5 തവണ നാട്യാഞ്ജലി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സംഘടനയുടെ വാര്‍ഷിക പരിപാടിയില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പത്മശ്രീ അവാര്‍ഡ് ജേതാവ് സുരേഷ് വാഡ്കറും വൈശാലി സാമന്തും നയിച്ച 'ലെജന്‍ഡ്‌സ് ലൈവി'ന്റെ അവതാരകരിലൊരാളാകാന്‍ കഴിഞ്ഞത് വളരെയധികം അഭിമാനവും സന്തോഷവും ഉളവാക്കിയതായി അവര്‍ പറഞ്ഞു. മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍, സഞ്ജയ് ദിനാ പാട്ടീല്‍ എം പി എന്നിവര്‍ പങ്കെടുത്ത ശ്രീനാരായണ മന്ദിര സമിതിയുടെ 61-ാം വാര്‍ഷിക ആഘോഷത്തില്‍ അവതാരകയാകാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുകയാണ് ഈ നര്‍ത്തകി.
മോഡലിംഗില്‍ സജീവം
പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളില്‍ മോഡലാവാനും നീരജയ്ക്ക് കഴിഞ്ഞു. 2016-ല്‍ 'വൃദ്ധി ഡിസൈന്‍സ്' എന്ന കമ്പനിയുടെ കവര്‍ പേജ് മോഡലുകളില്‍ ഒരാളായി മോഡലിംഗ് കരിയര്‍ ആരംഭിച്ചു. ഇന്ദുലേഖ, ട്രെസെമ്മെ, പെപ്ര തുടങ്ങിയ സൗന്ദര്യ, ജീവിതശൈലി ബ്രാന്‍ഡുകള്‍, നഗരത്തിലെയും പരിസരങ്ങളിലെയും പ്രശസ്ത റെസ്റ്റോറന്റുകള്‍ എന്നിവയ്ക്ക് വേണ്ടി മോഡല്‍ ആയിട്ടുണ്ട്.
ഡോക്ടര്‍ നീരജ
1999 മുതല്‍ 2011 വരെ നെരൂളിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രസംഗ മത്സരങ്ങള്‍, സംവാദ മത്സരങ്ങള്‍, നൃത്ത മത്സരങ്ങള്‍, സ്‌കിറ്റ്, നാടകം, സ്‌പോര്‍ട്‌സ് എന്നിവയില്‍ അംഗീകാരങ്ങളും മെഡലുകളും നേടി. 2011-ല്‍ നവി മുംബൈയിലെ ഭാരതി വിദ്യാപീഠ് ഡെന്റല്‍ കോളേജില്‍ നിന്ന് ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം നേടി. 2016 ല്‍ രണ്ട് വിഷയങ്ങളില്‍ സബ്ജക്റ്റ് ഡിസ്റ്റിംഗും സ്വര്‍ണ്ണ മെഡലുകളും നേടി കോളേജില്‍ നാലാം റാങ്കും കരസ്ഥമാക്കി. 2016 ഡിസംബറില്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലില്‍ ജൂനിയര്‍ ഡെന്റല്‍ സര്‍ജനായി. തുടര്‍ന്ന് വാഷി, മുളുണ്ട്, മാഹിം എന്നിവിടങ്ങളിലെ ഫോർട്ടിസ് ആശുപത്രികളിലെ മൂന്ന് ഡെന്റല്‍ വകുപ്പുകളും കൈകാര്യം ചെയ്യുന്ന സീനിയര്‍ ഡെന്റല്‍ സര്‍ജനായി ജോലി ചെയ്തു.2021-ല്‍ ഹെല്‍ത്ത്‌കെയര്‍ ഐടി കമ്പനിയായ ഇന്‍വെന്ററസ് നോളജ് സൊല്യൂഷനിലേക്ക് മാറി.നിലവില്‍ ഐകെഎസിന്റെ പ്രോജക്ട് മാനേജ്‌മെന്റ് വകുപ്പില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്നു.
അച്ഛനാണ് ഹീറോ
കുട്ടിക്കാലം മുതല്‍ അച്ഛന്‍ ഗോപിനാഥനെ റോള്‍ മോഡലും ആരാധനാപാത്രവും ആയി കാണുന്ന നീരജ ജീവിതത്തില്‍ എന്തെങ്കിലും ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെങ്കില്‍ അച്ഛനെ കണ്ടു പഠിക്കണമെന്നും പറയുന്നു. 'പത്തു വര്‍ഷം മുന്‍പ് എനിക്ക് തോന്നിയ ഒരു കാര്യമാണ്, ആരാണ് സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ നിര്‍വചിക്കുന്നത് ? ലോകത്തിലെ ഓരോ സ്ത്രീയും തൊഴിലിനോടുള്ള അഭിനിവേശം പിന്തുടരാനും ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സമ്മര്‍ദ്ദത്തിന് വഴങ്ങി അതില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാനും തീരുമാനിക്കണം. നമ്മുടെ ഇഷ്ടങ്ങള്‍ ഒക്കെയും നമുക്ക് വേണമെങ്കില്‍ ചെയ്യാന്‍ സാധിക്കുന്നതേ ഉളളൂ. അതിപ്പോള്‍ മൈക്കിനൊപ്പം വേദിയില്‍ നില്‍ക്കുന്നതും ഗുംഗ്രൂ ധരിച്ച് താളങ്ങള്‍ക്കനുസരിച്ച് നൃത്തം ചെയ്യുന്നതും ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതും ഒക്കെ അങ്ങനെ തന്നെ. ഭാവിയില്‍ ധൈര്യവും ചിന്താശേഷിയും ഉപയോഗിച്ച്, സ്ത്രീകള്‍ക്ക് വേണ്ടി ലോകത്തെ മാറ്റാന്‍ കഴിയുന്ന ഒരു സ്വാധീന ശക്തിയായി മാറണം.അതാണ് ലക്ഷ്യം.' നീരജ പറയുന്നു.
അതേസമയം ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നീരജ സ്‌കൂളിലും കോളേജിലുമൊക്കെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഷോര്‍ട്ട് ഫിലിമിന്റെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിൽ ആണെന്നും അടുത്ത് തന്നെ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.
'പാഷൻ വിത്ത് പ്രൊഫഷൻ ആണ് എൻ്റെ ലൈഫിൻ്റെ മോട്ടോ! എല്ലാ വേദിയിലും ഞാൻ പറയുന്നത് അതാണ്! നീരജ പറയുന്നു.