'അവരുടെ സന്തോഷം, അതാണ് എന്റെ ആശ്വാസം'; നര്‍ഗീസ് ഈ ദുനിയാവിലെ മാലാഖ!

ജീവിക്കുന്ന മാലാഖ! ഒരു സാധാരണക്കാരിയുടെ അസാധാരണ ജീവിതം! അനേക മനുഷ്യരുടെ കണ്ണീരൊപ്പുന്ന നര്‍ഗീസ് ബീഗത്തെ അങ്ങനെ മാത്രമേ വിശേഷിപ്പിക്കാനാവൂ

author-image
Honey V G
New Update
bdndbsb

ദാഹജലത്തിനായി മൈലുകള്‍ താണ്ടിയവര്‍ക്കേ കുടിവെള്ളത്തിന്റെ വില അറിയൂ. ഒരു നേരത്തെ വിശപ്പകറ്റാന്‍ പെരുന്നാളുകള്‍ക്കും കല്യാണങ്ങള്‍ക്കും വേണ്ടി കാത്തിരുന്നവര്‍ക്കേ വിശപ്പിന്റെ വില അറിയൂ.

ndndndn

നാണം മറയ്ക്കാന്‍ ഒരു തുണ്ട് വസ്ത്രം പോലുമില്ലാത്തവരുടെ മനോവിഷമം.കേറിക്കിടക്കാന്‍ ഒരു ഇടമില്ലാത്തവന്റെ വേദന. കൊടും തണുപ്പില്‍ പുതയ്ക്കാന്‍ ഒരു കീറതുണി പോലുമില്ലാത്തവന്റെ നിസ്സഹായാവസ്ഥ. മാറാവ്യാധിക്കാരന് വേദന മാറ്റാന്‍ ഒരു വേദനസംഹാരി പോലും വാങ്ങാന്‍ പറ്റാത്തവന്റെ വിങ്ങല്‍. 

oxnnxmxn

തനിക്കു ചുറ്റും അവശത അനുഭവിക്കുന്നവരെ തേടിപ്പിടിച്ച്, അവരെ ചേര്‍ത്ത് പിടിച്ചു തലോടി അവരുടെ ദു:ഖങ്ങള്‍ തന്റെ കൂടിയാണെന്ന് സ്വയം ചിന്തിച്ച്, 'എല്ലാം ശരിയാക്കാം' എന്ന ആത്മ വിശ്വാസം നല്‍കി, അവരുടെ ജീവിതം മാറ്റിമറിക്കാന്‍ രാപകല്‍ ഓടിക്കൊണ്ടിരിക്കുന്നവളല്ലേ യഥാര്‍ത്ഥ മാലാഖ!ജീവിക്കുന്ന മാലാഖ. നീണ്ട 25 വര്‍ഷങ്ങളായി ഈ മാലാഖ നിരാലംബരായ ഒരുപാട് മനുഷ്യരുടെ ഹൃദയത്തിലുണ്ട്- അമ്മയായി, അച്ഛനായി, കൂടപ്പിറപ്പായി, മകളായി, മകനായി. മരുന്നുകളും ഭക്ഷണങ്ങളുമായി എത്തുന്ന ദേവദൂതയായി രണ്ടര പതിറ്റാണ്ട് തന്റെ ജീവിതോപാധിയായ നഴ്സിംഗ് ഉദ്യോഗം കൊണ്ട് നടക്കുന്ന പോലെ നിരാലംബരായ ഒരുപാട് ജീവിതങ്ങളെ കൂടെപിറപ്പുകളായി കണ്ട് അവര്‍ക്കു വേണ്ട മരുന്നുകള്‍, ഭക്ഷണ കിറ്റുകള്‍, കുട്ടികളുടെ പഠന സഹായം, വസ്ത്രങ്ങള്‍ എന്നു വേണ്ട എല്ലാം എത്തിച്ചു കൊടുക്കുന്ന വേറെയേത് മാലാഖയുണ്ട് ഈ ദുനിയാവില്‍! 

ndndnns

22 വര്‍ഷത്തോളമായി ഫറോക്ക് കോയാസ് ആശുപത്രിയില്‍ നഴ്സ് ആയി ഈ മാലാഖ പ്രവര്‍ത്തിക്കുന്നു. ജോലി സമയം കഴിഞ്ഞാല്‍ നേരെ വയനാട്ടിലെ ആദിവാസി ഊരുകളിലേക്കോ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായവരെ കാണാനോ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാറാരോഗികളെ കാണാനോ ഓടിക്കൊണ്ടേയിരിക്കുന്നു. 

ccnnn

സാമൂഹ്യ-ആതുര സേവന പ്രവര്‍ത്തനങ്ങളില്‍ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനം കാഴ്ച വച്ച്, തന്റെ സമയവും ആരോഗ്യവും നിര്‍ധനര്‍ക്കും ആശ്രയമേതുമില്ലാത്തവര്‍ക്കുമായി മാറ്റിവച്ച നര്‍ഗീസ് ബീഗം എന്ന പേരിലറിയപ്പെടുന്ന സാമൂഹിക സേവകയാണ് സോഷ്യല്‍ ആക്ടിവിസ്റ്റ് കൂടിയായ റോസിന ടി.പി. 

vbnnmm

കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തെ ചാപ്പയില്‍ മത്സ്യ തൊഴിലാളിയായിരുന്ന ഹംസക്കോയയുടെയും കമറുന്നീസയുടെയും മൂത്ത മകളാണ് റോസിന. രണ്ടു അനിയന്മാരും ഒരു അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍ പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിച്ചാണ് നര്‍ഗീസ് വളര്‍ന്നത്. മലപ്പുറം ജില്ലയില്‍ കാരാട് പറമ്പ് ഫാറൂഖ് കോളേജിന് അടുത്താണ് ഇവരുടെ സ്ഥിര താമസം. 

cvnbghj

സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും വിധവകള്‍ക്കും കുഞ്ഞുമക്കള്‍ക്കും രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി ജീവിതങ്ങള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന പോലെ അവര്‍ക്ക് വേണ്ടി ഒരു ഗൃഹനാഥയാവുന്നു നര്‍ഗീസ്. അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്നതിന് വേണ്ടി ചെറിയ തൊഴില്‍ സംരംഭങ്ങള്‍ നടത്തികൊടുക്കുന്നു. വീടെന്നത് ഒരു സ്വപ്നം മാത്രമായവര്‍ക്ക് സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കുന്നു. 

xxfnmm

ഇതു വരെ 90 ഓളം വീടുകള്‍ നിര്‍മിച്ച് അര്‍ഹരായവര്‍ക്ക് കൈമാറി; പത്തോളം വീടുകളുടെ പണി നടക്കുന്നു. രോഗങ്ങളാലും മറ്റു ബുദ്ധിമുട്ടുകളാലും കടബാധ്യത മൂലം പഠനം നടത്താന്‍ സാധിക്കാത്ത കുഞ്ഞുങ്ങളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കി വരുന്നു. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിക്കുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ അവര്‍ക്ക് വേണ്ട സഹായങ്ങളും നല്‍കുന്നു.കോഴിക്കോട് ജില്ലാ പിഎല്‍വി (പാര ലീഗല്‍ വോളന്റിയര്‍) എന്ന നിലയില്‍ കോഴിക്കോട് ജില്ലയില്‍ തന്നെ കോടഞ്ചേരി, തിരുവമ്പാടി കോളനികളിലെ കുടുംബങ്ങള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ എത്തിക്കുവാനും അവിടെയുള്ള ആദിവാസികളില്‍ യോഗ്യരായവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാനും വിദ്യാഭ്യാസ സഹായങ്ങള്‍ ചെയ്തു കൊടുക്കാനും നര്‍ഗീസ് ബീഗത്തിന് കഴിഞ്ഞു. 

സ്ബിന്ൻ.

കുറ്റ്യാടിയിലും കക്കയത്തുമുള്ള കോളനികള്‍ ഉള്‍പ്പടെ മറ്റ് ആദിവാസി മേഖലകളിലുമായി 50 ഓളം ഇടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ക്ക് കിണറുകളും പൊതു ടാപ്പുകളും നിര്‍മ്മിച്ച് കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ഈ കാലയളവില്‍ സാധിച്ചു.നട്ടെല്ല് ഒടിഞ്ഞും അപകടങ്ങള്‍ പറ്റിയും വര്‍ഷങ്ങളായി കിടപ്പിലായവര്‍, മാനസിക വൈകല്യം കാരണം ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍, ക്യാന്‍സര്‍, എയിഡ്സ് പോലുള്ള മാരക രോഗങ്ങള് ബാധിച്ച് വേദന തിന്നുന്നവര്‍, തെരുവിലൊറ്റപ്പെട്ടവര്‍, വീടില്ലാത്തവര്‍, വിദ്യാഭ്യാസത്തിന് വഴിയില്ലാത്തവര്‍, വിവാഹ സ്വപ്‌നങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് സഹായം, മാസാമാസം മരുന്നിനുള്ള പണം തുടങ്ങി നര്‍ഗീസിന്റെ സാന്ത്വനവും സഹായവും അനുഭവിക്കുന്നവരായി പല ജില്ലകളിലായി ഒരുപാട് പേരുണ്ട്. ലോകത്തിന്റെ പല ഭാഗത്തുള്ള അനേകം ആള്‍ക്കാരുടെ പിന്തുണയുണ്ട് നര്‍ഗീസിനിപ്പോള്‍. 

cbnnn

സുല്‍ത്താന്‍ ബത്തേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 1998 നിലവില്‍ വന്ന അഡോറ (ADORA) എന്ന സംഘടനയുടെ ഭാഗമാകുകയും ആ സംഘടനയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നിലവില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളം അഡോറയുടെ പ്രവര്‍ത്തനം എത്തിക്കാനുള്ള പ്രയത്നത്തിലാണിവര്‍.

xgnnmm

ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ അതിന് സന്നദ്ധയായ മനസ്സ് മാത്രം മതിയെന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് നര്‍ഗീസ്. അനേകം പേര്‍ക്ക് പ്രചോദനവും മരുന്നും ഭക്ഷണവും ദാഹജലവും വീടും സര്‍ജറി സഹായങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും വിദ്യാഭ്യാസ, വിവാഹ സഹായങ്ങളും അഡോറയിലൂടെ നര്‍ഗീസ് എത്തിക്കുന്നുണ്ട്. നര്‍ഗീസിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ കൂടെ ഉള്ളതിനാലാണ് ചെറുതും വലുതുമായ സഹായങ്ങള്‍ സാധ്യമാകുന്നത്. 

cgnnmm

ഓർമ്മകളുടെ കൂമ്പാരം

ഞങ്ങൾ ഇടയ്ക്ക് വയനാടിന്റെ കാടിനോട് ചേർന്നുള്ള ചില കോളനികൾ സന്ദർശിക്കാറുണ്ട് ആറോ എഴോ വർഷം മുൻപാണ്, ഒരിക്കൽ കോളനികൾ സന്ദർശിക്കാൻ പോയി കിടപ്പു രോഗികൾ ഉണ്ടെങ്കിൽ അവർക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാറുണ്ട്.കിടക്കകൾ അവശ്യം വേണ്ട മരുന്നുകൾ,തുണിത്തരങ്ങൾ,മറ്റുമൊക്കെ.അങ്ങനെ കാടിൽ കൂടി നടക്കുമ്പോൾ ഒരു കുഞ്ഞ് ആദിവാസി കുടിൽ കാണാനിടയായി. അതിനകത്തു എട്ടോ ഒൻപതോ വയസ്സുള്ള ഒരു ആൺകുട്ടിയും ഒരു മുത്തശ്ശനും ഉണ്ട്.മുത്തശ്ശൻ കിടപ്പ് രോഗിയാണ്. അവിടെ ചെന്നപ്പോൾ ഭയങ്കര സങ്കടം വന്ന ഒരു കാര്യം അവന് കാഴ്ച്ച യില്ലായിരുന്നു. അതുകൊണ്ട് തന്നെ സ്കൂളിൽ പറഞ്ഞ യച്ചിരുന്നില്ല അവന്റെ അമ്മ.പക്ഷെ അവന്റെ അമ്മ വൈകുന്നേരം ജോലി കഴിഞ്ഞു വരുന്നത് വരെ ഞങ്ങൾ അവിടെ പുറത്ത് കാത്തിരുന്നു.അവന്റെ അമ്മയെ പറഞ്ഞു മനസ്സിലാക്കി. ഞങ്ങൾ അവനെ കോഴിക്കോട്ടേക്ക് കൊണ്ടു വന്നു. കണ്ണിന് വേണ്ട വേണ്ട ചികിത്സ ആരംഭിച്ചു. ഭാഗ്യമെന്ന് പറയട്ടെ അവന്റെ കാഴ്ച്ച തിരിച്ചു കിട്ടി. അവൻ ആദ്യം കാണുന്നത് അവന്റെ അമ്മയെ ആയിരുന്നു. ആ നിമിഷം ഇന്നും മറക്കാനാവാത്തതാണ്. സന്തോഷവും സങ്കടവും ഒരുമിച്ച് അന്ന് അനുഭവിച്ചു

gxhjjjnh

നര്‍ഗീസ് ബീഗമല്ലേ, പൈസ വേണ്ട 

കൊല്ലത്തു നിന്നും നാട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ്. കോവിഡ് സമയമായതിനാല്‍ രാത്രി 10 മണിയോടെ ഹോട്ടലുകള്‍ എല്ലാം അടക്കും. എറണാകുളം എത്തിയപ്പോള്‍ 11 മണിയോടടുത്തായിരുന്നു. അങ്കമാലി എത്തുന്നതിനുമുമ്പ് റോഡരികിലെ ഒരു ചെറിയ കടക്കുമുന്നില്‍ കാര്‍ നിര്‍ത്തി. ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു. കുറച്ചു പ്രായമുള്ള ആളാണ് വെള്ളവുമായി കാറിനടുത്തേക്ക് വന്നത്. കുപ്പി നീട്ടി, വെള്ളത്തിന്റെ പൈസ കൊടുക്കുമ്പോള്‍ ഒരു ചോദ്യം, നര്‍ഗീസ് ബീഗം അല്ലേ? മറുപടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ പറഞ്ഞു വെള്ളത്തിന് പൈസ വേണ്ട പൊയ്‌ക്കോളൂ. ഒരു കുശലാന്വേഷണത്തിനും നില്‍ക്കാതെ അയാള്‍ കടക്കുള്ളിലേക്ക് കയറിപ്പോയി.

chnmmm

സമാനമായ മറ്റൊരു അനുഭവമുണ്ടായത് സുല്‍ത്താന്‍ബത്തേരി വച്ചാണ്. എടിഎമ്മില്‍ കയറി ക്യാഷ് എടുക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ എടിഎമ്മില്‍ നിന്നും പുറത്തേക്ക് ഇറങ്ങിവന്നയാള്‍ പൊടുന്നനെ എന്നെ കണ്ടതും അവിടെനിന്നു. പോക്കറ്റില്‍ നിന്ന് കുറച്ചു പണം എടുത്ത് കയ്യില്‍ തന്നിട്ട് ഇതു വച്ചോളൂ എന്നു പറഞ്ഞു. കൂടുതല്‍ ഒന്നും സംസാരിക്കാതെ പോയി. പരിചയപ്പെടണമെന്നോ ആരാണെന്ന് പറയണമെന്നോ അയാള്‍ക്ക് ആഗ്രഹമില്ലായിരുന്നു. പ്രയാസപ്പെടുന്നവരിലേക്ക് എത്തിക്കാന്‍ കുറച്ചു പണം എന്നെ ഏല്‍പ്പിച്ചു, അത്രമാത്രം. 

വഴിയിയോരത്തെ ആതിഥേയര്‍ യാത്രകളില്‍ വളരെ അപൂര്‍വമായിട്ടാണ് പുറത്തുനിന്നും ഭക്ഷണം കഴിക്കാറുള്ളത്. ഒരു ദിവസം കൊണ്ട് തീരുന്ന യാത്രയാണെങ്കില്‍ വീട്ടില്‍ നിന്നും ഭക്ഷണം ഉണ്ടാക്കി കൂടെ കരുതും. സമയമാകുമ്പോള്‍ കാറിലിരുന്ന് കഴിക്കും. ഒന്നിലധികം ദിവസത്തെ യാത്രകളില്‍ മിക്കപ്പോഴും പരിചയക്കാരുടെ വീടുകളായിരിക്കും ഭക്ഷണം. അതുകൊണ്ടുതന്നെ ഹോട്ടലില്‍ കയറുന്നത് ചുരുക്കമാണ്. ഹോട്ടലുകളിലും മിക്കപ്പോഴും പണം കൊടുക്കാനുള്ള അവസരം ഉണ്ടാകാറില്ല. അവിടെയുള്ള ആരെങ്കിലും വന്ന് ഞാന്‍ പണം കൊടുത്തോട്ടെ എന്ന് ചോദിക്കും. വേണ്ടെന്ന് എത്ര പറഞ്ഞാലും നിര്‍ബന്ധപൂര്‍വ്വം അവര്‍ പണം കൊടുക്കും. ചിലപ്പോള്‍ ഹോട്ടലുകാര്‍ തന്നെ പണം വാങ്ങാന്‍ വിസമ്മതിക്കും. വേണ്ടെന്നു പറഞ്ഞു നിര്‍ബന്ധിച്ച് മേശപ്പുറത്ത് വെച്ചാല്‍ ഇങ്ങനെയെങ്കിലും നിങ്ങള്‍ക്കൊപ്പം ഉണ്ടായിക്കോട്ടെ എന്നു പറഞ്ഞു തിരികെ തരുന്ന എത്രയോ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് വിഷമമാകേണ്ട എന്ന് കരുതി സമ്മതിക്കും. റംസാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ ഹോട്ടലില്‍ കയറുമ്പോള്‍ പലപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ അല്ലനഹള്ളിയിലെ കോളനിയില്‍ പോയി മടങ്ങിവരുന്ന വഴിയായിരുന്നു. സന്ധ്യ ആകാറായി. ഗുണ്ടല്‍പേട്ട് എത്തുന്നതിനു മുമ്പായി നോമ്പുതുറക്കാനുള്ള സമയമായി. വഴിയരികില്‍ കണ്ട ഒരു ഫ്രൂട്സ്, കരിക്ക് കടക്ക് മുന്നില്‍ വണ്ടി നിര്‍ത്തി. കരിക്കും കുറച്ച് പഴങ്ങളും വാങ്ങാനാണ് ഉദ്ദേശിച്ചത്. ഇറങ്ങി ചെന്നപ്പോള്‍ വയനാട്ടുകാരനായ ഒരാളാണ് കട നടത്തുന്നത്. ഞങ്ങളെ കണ്ടതും അദ്ദേഹത്തിന് വലിയ സന്തോഷം. ഇന്നത്തെ നോമ്പുതുറ എന്റെ വക എന്നു പറഞ്ഞ് ഇളനീരും വത്തക്കയും ആപ്പിളും പൈനാപ്പിളും മറ്റേതൊക്കെയോ ഫ്രൂട്ട്സും മുറിച്ച് ഞങ്ങളെ സല്‍ക്കരിച്ചു. മനസ്സും വയറും നിറച്ചാണ് ആ സുഹൃത്ത് ഞങ്ങളെ യാത്രയാക്കിയത്.

എവിടെ ചെന്നാലും ചേര്‍ത്തുപിടിക്കുന്ന നല്ലവരായ കുറേ മനുഷ്യര്‍ സ്‌നേഹമഴയില്‍ എന്നെ നനക്കാറുണ്ട്.

fgnmm

ഞാൻ കുറെക്കൂടി അഹങ്കാരിയാകുന്നത് ഇത്തരത്തിലുള്ള സന്ദർഭങ്ങളിലാണ് 

അന്ന് ആ കോളനിയിലെ ചോർന്നൊലിക്കുന്ന കൂരയിൽ ഒരു മൂലയിൽ വാശിക്കാരിയായ അവളിരിപ്പുണ്ടായിരുന്നു !ചെളിയിൽ കുതിർന്ന കീറി പിഞ്ഞിയ ഷമ്മീസുമിട്ട് ചാണകതറയിൽ പടിഞ്ഞിരിക്കുന്ന അവൾക്ക് കാഴ്ച്ചയില്ലെന്ന് ഞാൻ മനസ്സിലാക്കി , അടുത്ത് ചെന്ന് എഴുന്നേൽപ്പിച്ച് ഒലിച്ചിറങ്ങിയ മൂക്ക് തുടച്ച് കൊടുത്തുകൊണ്ട് അവളുടെ വിശേഷങ്ങൾ ചോദിച്ചു !എട്ട് വയസ്സ് കഴിഞ്ഞവൾക്ക് സ്ക്കൂളിൽ പോകാൻ വലിയ കൊതിയാണ് , കാഴ്ച്ചയില്ലാത്തതിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട കുഞ്ഞ് ! അന്നവൾക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടു ! കാഴ്ച്ചയില്ലാത്ത കുഞ്ഞുങ്ങൾ പഠിക്കുന്ന റഹ്മാനിയ സ്ക്കൂളിൽ അവളെ ചേർക്കാനുള്ള സംവിധാനമുണ്ടാക്കി ധാരാളം കുഞ്ഞുടുപ്പുകൾ വാങ്ങി നൽകി കാഴ്ച്ച തിരികെ കിട്ടാൻ സാധ്യതകളുണ്ടോ എന്ന് നോക്കാൻ കോൺട്രസ്റ്റ് ആശുപത്രിയിൽ കൊണ്ടുപോയി എല്ലാ ടെസ്റ്റുകളും പരിശോധനകളും നോക്കി സാധ്യതയില്ല എന്ന് ഉറപ്പ് വരുത്തി ! ഇന്നലെ റഹ്മാനിയയിലെ അധ്യാപകൻ അവിടുത്തെ യുവജനോത്സവത്തിന് അവൾ മനോഹരമായൊരു പാട്ട് പാടിയെന്ന് വിളിച്ച് പറയുകയും ഫോട്ടോ അയച്ച് തരികയും ചെയ്തപ്പോൾ നർഗീസ് സന്തോഷം കൊണ്ട് ആകാശം മുട്ടേ വലുതായി,സഞ്ചനകുട്ടി മിടുക്കി മോളായി ട്ടോ

bnnnn

സാമൂഹ്യമാധ്യമങ്ങള്‍ സജീവമായ സമയത്താണ് നര്‍ഗീസിനെ കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആളുകള്‍ അറിയാന്‍ തുടങ്ങിയത്. പത്തു വര്‍ഷമായി നര്‍ഗീസ് ബീഗം എന്ന ഫേസ്ബുക്ക് പ്രൊഫൈലിലും പേജിലും സജീവമായ നര്‍ഗീസ്, തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഒരു ഡയറി പോലെ ഫേസ്ബുക്കിലൂടെ തന്റെ സുഹൃത്തുക്കളിലേക്ക് എത്തിക്കുന്നു. സോഷ്യല്‍ മീഡിയ വളരെ ഗുണപ്രദമാക്കി മാറ്റി അതിലൂടെ ആയിരങ്ങളുടെ കണ്ണീര്‍തുടക്കാനും നര്‍ഗീസിന് സാധിച്ചു. താനൊരു ഇടനിലക്കാരി മാത്രമാണ് എന്നാണ് നര്‍ഗീസിന്റെ ഭാഷ്യം. പ്രവാസി സുഹൃത്തുക്കളടക്കം നല്ലവരായ ഒരുപാട് മനുഷ്യര്‍ നല്‍കുന്ന പണം, അത് അര്‍ഹത പ്പെട്ടവര്‍ക്ക് എത്തിക്കുന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് ആരോഗ്യമുള്ള കാലത്തോളം അത് ചെയ്യാന്‍ കഴിയണം എന്നാണ് നര്‍ഗീസിന്റെ ആഗ്രഹം.

ഇത്രയും സേവനങ്ങള്‍ ചെയ്യുമ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് നര്‍ഗീസ് പറഞ്ഞ മറുപടി ഇങ്ങനെയാണ്: ''മാനസികരോഗികളുടെ കൂടെ ചിലവഴിക്കുന്ന സമയം ഞാനും അവരിലൊരാളാണ്, വേദനിക്കുന്നവരുടെ കൂടെ കഴിയുമ്പോള്‍ ആ വേദന ഞാനും അനുഭവിക്കുന്നു. എന്റെ ഈ ശൂന്യമായ കൈകള്‍ ചേര്‍ത്ത് വച്ച് എന്നാലാവുന്ന സാന്ത്വനം ഞാന്‍ നല്‍കും. എന്നെ അറിയുന്ന പലരും എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഞാന്‍ പരാമര്‍ശിക്കുന്ന ചില രോഗികള്‍ക്ക് ചെറിയ സഖ്യ അയച്ചു തരും. അത് ഞാന്‍ അവരെ നേരിട്ട് ഏല്‍പ്പിക്കും, അവരുടെ മുഖത്ത് തെളിയുന്ന ആ സന്തോഷം അതാണ് എന്റെ ആശ്വാസം''. നര്‍ഗീസിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഈ സ്‌നേഹ കുടീരം. ആധുനിക സജ്ജീകരണങ്ങളോടെ ഒരു ഡയാലിസിസ് യൂണിറ്റ്. അതോടൊപ്പം നട്ടെല്ലിനും മറ്റും ക്ഷതം സംഭവിച്ചര്‍ക്കും കിടപ്പുരോഗികള്‍ക്കും കൂടെ പരിചരിക്കാന്‍ ആളില്ലാതെ വെളിച്ചം നഷ്ടപ്പെട്ട് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയ ഒരുപാട് പേര്‍ക്ക് കേറികിടക്കാനൊരു ഫിസിയോ തെറാപ്പി സൗകര്യമടക്കമുള്ള ഒരു വീട്. ഈ സ്വപ്നം സാമ്പത്തിക പ്രശ്നം കാരണം പാതി വഴിയില്‍ ഉപേക്ഷിച്ചു. ഈ സ്വപ്നം എന്നെങ്കിലും സുമനസ്സുകളുടെ കാരുണ്യത്താല്‍ യാഥാര്‍ഥ്യമാകുമെന്നുള്ള പ്രതീക്ഷ നര്‍ഗീസ് ഇന്നും മനസ്സില്‍ കൊണ്ട് നടക്കുന്നു. വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നു. ഇനി സുമനസ്സുകളുടെ സഹകരണത്തോടെ എത്രയും പെട്ടെന്ന് അത് ഉദ്ഘാടനം ചെയ്യണം.

എന്നും കൂടെ പന്താവൂർമന

nxndnxn

വയനാട് ജില്ലയിലെ നടവയല്‍ പഞ്ചായത്തില്‍, മലപ്പുറം, മൂക്കുതലയിലെ പന്താവൂര്‍ മന കുടുംബം 2 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. കൂടാതെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പന്താവൂര്‍ മന കുടുംബത്തെ പറ്റി പറയുമ്പോള്‍, അഡോറയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കാലത്തും കൂടെ നില്‍ക്കുന്ന ഈ കുടുംബത്തിലെ ആര്യ അന്തര്‍ജനം, തന്റെ പെന്‍ഷന്‍ തുക ഉപയോഗിച്ച് ചൂരല്‍മല പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അലി എന്ന നിസ്സഹായനായ ഓട്ടോ ഡ്രൈവര്‍ക്ക് പുതിയ ഓട്ടോ വാങ്ങി നല്‍കി. ഇത്തരം ഒരു പാട് ആര്യമാര്‍ ആണ് അഡോറയുടെ പിന്‍ബലം. 

fjkkk

25 വര്‍ഷങ്ങള്‍ക്കു മുന്‍പ് കിട്ടുന്ന 300 രൂപയില്‍ നിന്ന് മാസത്തില്‍ 30 രൂപയായും 50 രൂപയായും തനിക്ക് നേരിട്ട് അറിയാവുന്ന കിടപ്പ് രോഗികളായ മൂന്നാലാളുകള്‍ക്കു ചെയ്ത് തുടങ്ങിയ സഹായം ഇന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പതിനായിരങ്ങള്‍ക്ക് നര്‍ഗീസ് ഗൃഹനാഥയാവുന്നു. ഇന്നും 8 മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞ് ബാക്കിയുള്ള സമയം കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് ഓരോരുത്തരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നു. ദൂര യാത്രയിലുള്ള രണ്ടോ മൂന്നോ മണിക്കൂര്‍ ബസ്സിലോ ട്രെയിനിലോ നിന്നോ ഇരുന്നോ ഉള്ള ഉറക്കം. ഊണും ഉറക്കവും ഇല്ലാതെയുള്ള സേവനം എന്ന് നമ്മള്‍ കേട്ടിട്ടേയുള്ളൂ. പക്ഷെ അത് നമുക്ക് കാണിച്ചു തരുന്നയാളാണ് നര്‍ഗീസ്. സ്വന്തമായി അധ്വാനിച്ചു കുടുംബം പോറ്റുന്നുമുണ്ട്. 450 പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം കൊടുത്തു. 4000 ന് മുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹ വസ്ത്രങ്ങളും നല്‍കി. നട്ടെല്ല് പൊട്ടി ജീവിതം നിന്നുപോയ 45 ഓളം ആളുകള്‍ക്ക് കോയമ്പത്തൂര്‍ സഹായി ഹോസ്പിറ്റലില്‍ നേരിട്ടു കൊണ്ട് പോയി പുതുജീവന്‍ നല്‍കി. കൈകാലുകള്‍ ഇല്ലാത്ത 100 ഓളം ആളുകള്‍ക്ക് ലക്ഷങ്ങള്‍ ചിലവുള്ള കൃത്രിമ കൈകാലുകള്‍ വച്ച് നല്‍കി. 2000 ത്തിന് മുകളില്‍ വീല്‍ച്ചെയറുകള്‍ നല്‍കി.

ndndn

ചൂരല്‍മല ഉരുള്‍ പൊട്ടല്‍ മൂലം ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഓടിപ്പോകേണ്ടി വന്ന ഒരു പാട് കുടുംബങ്ങളെ ഏറ്റെടുത്തു ജീവിത മാര്‍ഗം നല്‍കാന്‍ നര്‍ഗീസിന്റെ സഹായത്തോടെ അഡോറക്ക് കഴിഞ്ഞു.

nxnxnnxnx

പദവികള്‍ക്കോ പുരസ്‌കാരങ്ങള്‍ക്കോ പിന്നാലെ പോകാന്‍ ആഗ്രഹം ഇല്ലാത്ത ഈ മാലാഖ തന്റെ കര്‍മമണ്ഡലത്തില്‍ ഇനിയും ഒരു പാട് കാലം അമ്മയായും അച്ഛനായും കൂടപ്പിറപ്പായും സ്നേഹിതയായും ആരോഗ്യ പ്രവര്‍ത്തകയായും സഹായിയായും വിരാജിക്കട്ടെ! Nargees Beegam: 99616 10145 ADORA NGO, Wayanad, Kerala

boby chemmanur international jewellers