/kalakaumudi/media/media_files/2026/02/01/mbnkmmn-2026-02-01-23-12-23.jpg)
മുംബൈ : എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ടൂർ ഓപ്പറേറ്ററുടെ വഞ്ചനയെ തുടർന്ന് മുംബൈയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവി മുംബൈയിലെ സി ബി ഡി കൈരളി സമാജവും,ബോംബെ കേരള മുസ്ലിം ജമാ അത്തും, സാമൂഹ്യ പ്രവർത്തകരും ചേർന്ന് സഹായം നൽകി.
മഹാരാഷ്ട്രയിലെ സിപിഎം നേതാവായ പ്രീതി ശേഖർ, സാമൂഹ്യ പ്രവർത്തകരായ പി.ഡി. ജയപ്രകാശ്, അശോക് കുമാർ,അനിൽ പ്രകാശ് നായർ,കോമളൻ, ബോംബെ കേരള മുസ്ലിം ജമാ അത്ത് ജനറൽ സെക്രട്ടറി അബ്‌ദുൾ റഹ്മാൻ, എന്നിവരാണ് ദുരിതത്തിലായ സംഘത്തിന് കൈത്താങ്ങായത്.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം കുമ്പള കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന ഏകദേശം 75 അംഗ സംഘം ലോനാവാല–മാതേരാൻ–മുംബൈ യാത്രയ്ക്കിടെയാണ് ദുരിതത്തിലായത്.
യാത്രയ്ക്കിടെ ഗൈഡൻസ്, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കേണ്ട ടൂർ ഓപ്പറേറ്റർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതോടെയാണ് സംഘം പ്രതിസന്ധിയിലായത്.
ഏകദേശം നാല് ലക്ഷത്തിലധികം രൂപ നൽകി കോളേജ് അധികൃതർ യാത്രാ പാക്കേജ് ബുക്ക് ചെയ്തിരുന്നു.എന്നാൽ താമസത്തിനോ ഭക്ഷണത്തിനോ യാതൊരു ക്രമീകരണവും ചെയ്തിട്ടില്ലെന്ന കാര്യം സംഘം മനസിലാക്കിയത് ലോനാവാലയിൽ വെച്ചാണ്.
ഇതോടെ വിദ്യാർത്ഥികളും അധ്യാപകരും സഹായം തേടി പി.ഡി ജയപ്രകാശിനെ ബന്ധപെടുകയും ശേഷം ബോംബെ കേരള മുസ്ലിം ജമാഅത്തുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഉച്ച ഭക്ഷണ സമയമായതിനാൽ ജമാഅത്ത് ജനറൽ സെക്രട്ടറി അബ്‌ദുൾ റഹ്മാന്റെ നിർദേശപ്രകാരം പ്രവർത്തകർ അടിയന്തിരമായി ഇടപെട്ട് ഏകദേശം 75 പേർക്കുള്ള ബിരിയാണി പാകം ചെയ്ത് ചത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിന്റെ മുന്നിലെത്തി സംഘത്തിന് വിതരണം ചെയ്തു.
സംഘത്തിൽ 39 പെൺകുട്ടികളും 32 ആൺകുട്ടികളും അഞ്ച് അധ്യാപകരുമുണ്ടായിരുന്നു. വഞ്ചിക്കപ്പെട്ട സംഘത്തിലെ പെൺകുട്ടികൾക്ക് താമസവും ഭക്ഷണവും കേരള ഹൗസിലും ആൺകുട്ടികൾക്ക് സി.ബി.ഡി. കൈരളി സമാജത്തിൽ പ്രസിഡന്റ് കോമളന്റെ നേതൃത്വത്തിലുമാണ് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയത്.
ശേഷം ഇന്നലെ 16345 നേത്രാവതി എക്സ്പ്രസിൽ സംഘം സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങി.
വിഷയത്തിൽ ഇടപെട്ട എല്ലാ സാമൂഹ്യ പ്രവർത്തകരോടും സമാജങ്ങളോടും സംഘടനാ പ്രതിനിധികളോടും വിദ്യാർത്ഥികളും അധ്യാപകരും നന്ദി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
