പരിസ്ഥിതി ശാസ്ത്രലോകത്തിന് വലിയ നഷ്ടം: മാധവ് ഗാഡ്ഗിൽ അന്തരിച്ചു

ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിലൂടെ ദേശീയ ശ്രദ്ധ നേടിയ ശാസ്ത്രജ്ഞൻ

author-image
Honey V G
New Update
msnsnnsn

പൂനെ : പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രമുഖ ശബ്ദവുമായ മാധവ് ഗാഡ്ഗിൽ അന്തരിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം.

രാജ്യത്തെ പരിസ്ഥിതി ചർച്ചകൾക്ക് ശാസ്ത്രീയവും സാമൂഹികവുമായ ദിശ നൽകിയ വ്യക്തിത്വത്തിന്റെ വിയോഗം ശാസ്ത്രലോകത്തിനും പൊതുസമൂഹത്തിനും വലിയ നഷ്ടമായി.

മകൻ സിദ്ധാർഥ് ഗാഡ്ഗിൽ ആണ് പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രി പൂനെയിൽ വെച്ച് ചെറിയ അസുഖത്തെത്തുടർന്നാണ് മാധവ് ഗാഡ്ഗിൽ അന്തരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ദുഃഖകരമായ വാർത്ത പങ്കുവെക്കേണ്ടി വന്നതിൽ ഏറെ വേദനയുണ്ടെന്നും സിദ്ധാർഥ് ഗാഡ്ഗിൽ അറിയിച്ചു.

പരിസ്ഥിതി ശാസ്ത്ര രംഗത്ത് ഇന്ത്യക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത ഗവേഷകനായിരുന്നു മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള ഇടപെടലുകൾ രാജ്യവ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചു.

പരിസ്ഥിതി സംരക്ഷണവും വികസനവും തമ്മിലുള്ള സന്തുലനം ശക്തമായി ഉയർത്തിക്കാട്ടിയ ശാസ്ത്രജ്ഞന്റെ വിയോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ അനുശോചനം രേഖപ്പെടുത്തി.