/kalakaumudi/media/media_files/2025/07/03/qweofkfkf-2025-07-03-13-13-21.jpg)
മുംബൈ:വയനാട് മുണ്ടക്കൈ ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി സർക്കാർ പണിയുന്ന കൽപ്പറ്റ ടൗൺഷിപ്പിലേക്ക് 4 വീടുകൾ കെയർ ഫോർ മുംബൈ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സ്വരൂപിച്ച 80 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
കെയർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, സെക്രട്ടറി പ്രിയ വർഗീസ്, ട്രസ്റ്റികളായ തോമസ് ഓലിക്കൽ, മെറിഡിയൻ വിജയൻ, ട്രഷറർ പ്രേംലാൽ എന്നിവരാണ് വന്യൂ മന്ത്രി കെ രാജനോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചെക്ക് കൈമാറിയത്.
ചൂരൽമലയിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സർക്കാരിനെ പിന്തുണച്ചതിലുള്ള സന്തോഷം മുഖ്യമന്ത്രി കെയർ ഫോർ മുംബൈ ഭാരവാഹികളുമായി പങ്ക് വച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വിധം മലയാളികളെയും മുബൈയിലെ പൊതുജനങ്ങളെയും സഹായിക്കുന്ന വിധത്തിലുള്ള കെയർ ഫോർ മുംബൈയുടെ നിലപാടുകളെ മന്ത്രി കെ രാജൻ പ്രകീർത്തിച്ചു.
ഇതിന് മുൻപ് കേരളം പ്രളയക്കെടുതിയിൽ വലഞ്ഞപ്പോഴും സാമൂഹിക പ്രതിബദ്ധതയോടെ ദുരിതബാധിതരെ ചേർത്ത് പിടിച്ചിട്ടുള്ള സന്നദ്ധ സംഘടനയാണ് കെയർ ഫോർ മുംബൈ. മഹാമാരിക്കാലത്ത് മുംബൈയിലെ പതിനായിരത്തിലധികം കുടുംബങ്ങളിലാണ് സഹായം എത്തിച്ചു നൽകിയത്. അത്യാവശ്യക്കാർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തും ജീവൻരക്ഷാ മരുന്നുകൾ സാധ്യമാക്കിയും ഒന്നര കോടിയോളം രൂപയാണ് സംഘടന ഇതിനായി ചിലവഴിച്ചത്.
കോവിഡ് കാലത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സമാനമനസ്കരായ മലയാളികൾ വാട്ട്സപ്പ് ഗ്രൂപ്പിലൂടെ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് സംവിധാനമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചാരിറ്റബിൾ ട്രസ്റ്റായി രൂപീകരിച്ചത്.
നോർക്കയുമായി ചേർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുംബൈയിലെ മലയാളി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ സാധ്യതകൾ നോർക്ക റൂട്ട്സ് സി ഇ ഓ അജിത് കൊലാശ്ശേരിയുമായി ചർച്ച ചെയ്തുവെന്ന് പ്രസിഡന്റ് എം കെ നവാസ് അറിയിച്ചു.
പ്രവാസികൾക്ക് ഗുരുതരമായ രോഗ പരിചരണം നൽകുന്നതിനായി നോർക്ക റൂട്ട്സ് ആരംഭിച്ച ഇൻഷുറൻസ് പോളിസിയുടെ ഗുണഭോക്താക്കളാക്കി കൂടുതൽ മലയാളി കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാണ് കെയർ ഫോർ മുംബൈ ലക്ഷ്യമിടുന്നത്. ചികിത്സ ചിലവ് കണ്ടെത്താനാകാതെ സഹായം അഭ്യർത്ഥിച്ച് നിരവധി മലയാളികളാണ് പോയ വർഷങ്ങളിൽ കെയർ ഫോർ മുംബൈയെ സമീപിച്ചതെന്ന് സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു.
ഈ സാഹചര്യത്തിലാണ് പ്രവാസികൾക്ക് ഗുരുതരമായ രോഗ പരിചരണം നൽകുന്നതിനായി നോർക്ക റൂട്ട്സ് ആരംഭിച്ച ഇൻഷുറൻസ് പോളിസിയുടെ സാദ്ധ്യതകൾ പരിഗണിച്ച് അർഹതപ്പെട്ടവർക്ക് സഹായം നൽകാൻ ആലോചിക്കുന്നതെന്നും പ്രിയ കൂട്ടിച്ചേർത്തു.