/kalakaumudi/media/media_files/2025/07/16/coaoaicnnnk-2025-07-16-20-57-57.jpg)
മുംബൈ:മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തറിലെ ദോഹയിൽ നിന്ന് കടത്തിയ 62.6 കോടി രൂപയുടെ കൊക്കെയ്‌നുമായി ഒരു യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഓറിയോ ബിസ്കറ്റിലും ചോക്ലേറ്റ് ബോക്സുകളിലുമായാണ് യുവതി കൊക്കയിൻ കടത്തിയതെന്നു ഉദ്യോഗസ്ഥർ പത്രകുറിപ്പിൽ പറഞ്ഞു.
ഡിആർഐയുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു ഇന്ത്യൻ യുവതി ദോഹയിൽ നിന്ന് മുംബൈയിലേക്ക് വരുമ്പോൾ മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മുംബൈ വിമാനത്താവളത്തിൽ യുവതി എത്തിയപ്പോൾ ഉദ്യോഗസ്ഥർ യാത്രക്കാരിയെ പരിശോധിക്കുക യായിരുന്നു.ആദ്യം ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും ബാഗ് വിശദമായി പരിശോധിച്ചപ്പോൾ, ഡിആർഐ ഉദ്യോഗസ്ഥർ ആറ് ഓറിയോ ബിസ്കറ്റ് പാക്കറ്റും മൂന്ന് ചോക്ലേറ്റ് ബോക്സുകളിലുമായി 300 കാപ്സ്യൂളുകളിൽ കൊക്കെയ്ൻ നിറച്ചതായി കണ്ടെത്തി.കാപ്സ്യൂളുകളിൽ നിന്ന് കണ്ടെടുത്ത പൊടി ഫീൽഡ് ഡ്രഗ് ടെസ്റ്റ് കിറ്റിൽ പരിശോധിച്ചപ്പോൾ കൊക്കെയ്നിന് ആണെന്ന് തിരിച്ചറിയുക യായിരുന്നു.
അനധികൃത വിപണിയിൽ ഏകദേശം 62.6 കോടി രൂപ വിലമതിക്കുന്ന 6,261 ഗ്രാം കൊക്കെയ്നാണ് കണ്ടെടുത്തത്.
1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ വ്യവസ്ഥകൾ പ്രകാരം യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തതായി കേന്ദ്ര ഏജൻസി അറിയിച്ചു.
നിരോധിത വസ്തുക്കളുടെ ഉറവിടം, മറ്റ് കൂട്ടാളികൾ എന്നിവയെക്കുറിച്ച് ഡിആർഐ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.ഇത്തരത്തിൽ കള്ളക്കടത്ത് നടത്താനായി മാത്രം മുമ്പ് യുവതി വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.