“ബിജെപിയും അദാനിയും ചേർന്ന് മുംബൈ നഗരത്തെ കവർന്നെടുക്കുന്നു” :രാജ് താക്കറേ

ബിഎംസി തിരഞ്ഞെടുപ്പ് മുംബൈയുടെ ഭാവി നിർണയിക്കുന്ന നിർണായക പോരാട്ടമാണെന്നും, നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയും സ്വത്വവും സംരക്ഷിക്കാൻ ജനങ്ങൾ ജാഗ്രതയോടെ വോട്ട് ചെയ്യണമെന്നും ഇരുവരും ആഹ്വാനം ചെയ്തു.

author-image
Honey V G
New Update
gbbnnn

മുംബൈ: ബ്രിഹൺ മുംബൈ നഗരസഭ (BMC) തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി, ശിവസേന (ഉദ്ധവ് ബാലാസാഹബ് തക്കറെ വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറേയും മഹാരാഷ്ട്ര നവനിർമാണ സേന (MNS) നേതാവ് രാജ് താക്കറേയും ഒന്നിച്ച വേദിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

മുംബൈയെ ബിജെപിയും വ്യവസായ പ്രമുഖൻ ഗൗതം അദാനിയും ചേർന്ന് കൈവശപ്പെടുത്താൻ ശ്രമിക്കുകയാണെന്നും, അത്തരം നീക്കങ്ങൾ ജനങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും ഇരുവരും പറഞ്ഞു.

മുംബൈയിലെ വിവിധ വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലായിരുന്നു ഇരുവരുടെയും പ്രതികരണം.

മുംബൈയുടെ സമ്പദ്‌വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും ക്രമേണ ഒരു കോർപ്പറേറ്റ് ശക്തിയുടെ നിയന്ത്രണത്തിലേക്ക് പോകുകയാണെന്നാരോപിച്ച രാജ് താക്കറെ, “നഗരത്തിന്റെ പ്രധാന പദ്ധതികളും വരുമാന സ്രോതസുകളും ഗുജറാത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മുംബൈ മഹാരാഷ്ട്രയുടെ സ്വത്താണ്; അത് മറ്റൊരു സംസ്ഥാനത്തിന്റെ ലാഭത്തിനായി ഉപയോഗിക്കാൻ അനുവദിക്കില്ല,” എന്നും വ്യക്തമാക്കി.

ബിജെപി ഭരണകാലത്ത് മുംബൈയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഗതാഗത പദ്ധതികൾ തുടങ്ങി നിർണായക പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരണത്തിലൂടെ കോർപ്പറേറ്റ് കൈകളിലേക്ക് മാറിയതായും രാജ് ആരോപിച്ചു. “ഇത് വികസനം അല്ല; മുംബൈയെ വിറ്റഴിക്കലാണ്. ,” അദ്ദേഹം പറഞ്ഞു.

ഉദ്ധവ് താക്കറേ തന്റെ പ്രസംഗത്തിൽ മുംബൈയുടെ ഭരണാധികാരം മഹാരാഷ്ട്രക്കാരുടെ കൈകളിൽ തന്നെ തുടരണമെന്ന് ആവർത്തിച്ചു.

 “മുംബൈ നമ്മുടെ വീടാണ്. എന്നാൽ ബിജെപി ഈ നഗരത്തെ വെറും വരുമാന കേന്ദ്രമായി മാത്രമാണ് കാണുന്നത്. നഗരത്തിന്റെ ഭരണം, മേയർ പദവി, തീരുമാനാധികാരം എല്ലാം മഹാരാഷ്ട്രക്കാരുടെ കൈകളിലായിരിക്കണം,” എന്നും അദ്ദേഹം പറഞ്ഞു.

ഭാഷ, സംസ്കാരം, തൊഴിൽ അവസരങ്ങൾ എന്നിവ സംരക്ഷിക്കേണ്ടത് നഗരസഭയുടെ പ്രധാന ഉത്തരവാദിത്വമാണെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.

മതപരമായ വിഷയങ്ങൾ ഉയർത്തി നഗരസഭാ തിരഞ്ഞെടുപ്പിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളെയും ഉദ്ധവ് താക്കറേ വിമർശിച്ചു.

“വെള്ളം, റോഡ്, മാലിന്യസംസ്‌കരണം, ആരോഗ്യ സൗകര്യങ്ങൾ — ഇവയാണ് നഗരസഭാ തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങൾ. മതം പറഞ്ഞ് ജനങ്ങളെ വിഭജിച്ച് മുംബൈയുടെ സ്വത്ത് കൊള്ളയടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്,” അദ്ദേഹം ആരോപിച്ചു.

ബിഎംസി തിരഞ്ഞെടുപ്പ് മുംബൈയുടെ ഭാവി നിർണയിക്കുന്ന നിർണായക പോരാട്ടമാണെന്നും, നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയും സ്വത്വവും സംരക്ഷിക്കാൻ ജനങ്ങൾ ജാഗ്രതയോടെ വോട്ട് ചെയ്യണമെന്നും ഇരുവരും ആഹ്വാനം ചെയ്തു.