/kalakaumudi/media/media_files/2026/01/08/jvjjnnn-2026-01-08-15-14-16.jpg)
മുംബൈ : ബോംബെ കേരളീയ സമാജം (ബി.കെ.എസ്) ദേശീയ യുവജന ദിനം ജനുവരി 11 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
കേരള ഭവനിലെ നവതി മെമ്മോറിയൽ ഹാളിൽ വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ ന്യൂറോ സർജനും വാശി ന്യൂ എറ ഹോസ്പിറ്റൽസ് ഫൗണ്ടർ ഡയറക്ടറുമായ ഡോ. സുനിൽ കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.
യുവജനങ്ങളുടെ ശാരീരിക–മാനസിക ആരോഗ്യത്തെ മുൻനിർത്തിയുള്ള പ്രത്യേക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
പരിപാടിയുടെ ഭാഗമായി മുംബൈയിലെ യുവാക്കളെ ലക്ഷ്യമിട്ട് ‘സംശുദ്ധ ഭക്ഷണം – സമ്പൂർണ്ണ ആരോഗ്യം’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ലേഖന മത്സരത്തിലെ വിജയികൾക്കും പ്രോത്സാഹന സമ്മാനം നേടിയവർക്കും അന്നേദിവസം സമ്മാനങ്ങൾ വിതരണം ചെയ്യും.
യുവാക്കളുടെ ആരോഗ്യ സംരക്ഷണം, ജീവിതശൈലി രോഗങ്ങൾ, ശരിയായ ഭക്ഷണ ശീലങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ഡോ. സുനിൽ കുട്ടി നടത്തുന്ന പ്രഭാഷണം പരിപാടിയുടെ മുഖ്യ ആകർഷണമാകും.
തുടർന്ന് മുംബൈയിലെ ഗായികാ–ഗായകർ അവതരിപ്പിക്കുന്ന സംഗീത വേദിയും അരങ്ങേറും. ആഘോഷപരിപാടികളോടനുബന്ധിച്ച് പങ്കെടുക്കുന്നവർക്കായി ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
യുവജനങ്ങളെ ചിന്തയിലും പ്രവർത്തനത്തിലും ഉണർത്തുന്ന, അറിവും ആസ്വാദനവും ഒരുമിച്ചുള്ള ഈ പരിപാടി ശ്രദ്ധേയമായ ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് ബോംബെ കേരളീയ സമാജം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
