യുവ സംഗീത സംവിധായകർക്കിടയിൽ ശ്രദ്ധേയനാണ് യുവൻ ശങ്കർ രാജ. ദളപതി വിജയ് നായകനായ ഗോട്ട് ആയിരുന്നു യുവൻ സംഗീതം ചെയ്ത് തിയേറ്ററുകളിൽ എത്തിയ അവസാന ചിത്രം. ചിത്രത്തിൽ യുവന്റെ സഹോദരിയും ഇളയരാജയുടെ മകളുമായ ഭവതാരിണി ഇളയരാജയുടെ ശബ്ദം മരണ ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പുനർസൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയാണ് യുവൻ ശങ്കർ രാജ. യുവന്റെ പുതിയ സംഗീത പരിപാടിയുടെ പ്രചാരണാർത്ഥം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു എഐ സാങ്കേതിക വിദ്യയെ കുറിച്ച് യുവൻ ശങ്കർ രാജ സംസാരിച്ചത്.
പത്ത് വർഷത്തിനുള്ളിൽ എഐ മൂലം സംഗീത സംവിധായകരുടെ ജോലി നഷ്ടമാവുമെന്ന് യുവൻ പറഞ്ഞു. എഐ ഇപ്പോൾ തന്നെ സംഗീത വ്യവസായം ഏറ്റെടുത്തിട്ടുണ്ട്. എഐ സംഗീത വ്യവസായം പൂർണമായി കൈയടക്കിയാൽ സംഗീത മേഖലയിൽ ആധികാരികത നഷ്ടപ്പെടുമെന്നും യുവൻ ശങ്കർ രാജ വ്യക്തമാക്കി.
അതേസമയം പഴയ ഗാനങ്ങൾ റീമേക്ക് ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. റീമേക്ക് ചെയ്യുന്നത് യഥാർത്ഥ ട്രാക്കിന്റെ മറ്റൊരു പതിപ്പ് മാത്രമാണെന്നും പാട്ടിന്റെ മൗലികതയിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റീമേക്കുകളിൽ പകർപ്പവകാശം ഒരു പ്രശ്നമായിരിക്കാമെന്നും എന്നാൽ മുൻകൂർ അനുമതി നേടിയാൽ അത് വെല്ലുവിളിയാകില്ലെന്നും യുവൻ അഭിപ്രായപ്പെട്ടു.