എന്നും സംഗീതത്തെ സ്‌നേഹിച്ചു, ഒപ്പം സാഹസികതയെയും ഗായകന്‍ സുബീന്‍ ഗാര്‍ഗിന് വിട

അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഗാര്‍ഗിന് സിപിആര്‍ നല്‍കി സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ് ഗാര്‍ഗ് മരിച്ചത്

author-image
Biju
New Update
gargi

ഗുവാഹത്തി : സ്‌കൂബാ ഡൈവിംഗിനിടെയുണ്ടായ അപകടത്തില്‍ പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗ് (52) അന്തരിച്ചു. സിംഗപ്പൂരിലായിരുന്നു അപകടം. സെപ്തംബര്‍ 20, 21 തിയതികളില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായാണ് അസം സ്വദേശിയായ ഗായകന്‍ സിംഗപ്പൂരിലെത്തിയത്. 

അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഗാര്‍ഗിന് സിപിആര്‍ നല്‍കി സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ് ഗാര്‍ഗ് മരിച്ചത്. സ്‌കൂബ ഡൈവിംഗിനിടെ ഗാര്‍ഗിന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ പ്രതിനിധി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുബീന്‍ ഗാര്‍ഗ് അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി, കങ്കണ റണാവത്ത് എന്നിവര്‍ അഭിനയിച്ച ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ക്രിഷ് 3 ലെ ദില്‍ തു ഹി ബടാ ഉള്‍പ്പെടെ നിരവധി ഹിറ്റുകള്‍ നേടി. മണിരത്‌നം ചിത്രം ദില്‍സേയില്‍ എ ആര്‍ റഹ്‌മാന്റെ സംഗീതസംവിധാനത്തില്‍ ഒരുങ്ങിയ പോഖി പോഖി ബിദേഖി എന്ന ട്രാക്കും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിവിധ ഭാഷകളില്‍ ഈ ട്രാക്ക് പാടിയത് സുബീര്‍ ഗാര്‍ഗ് ആയിരുന്നു.

നിരവധി ഗാനങ്ങള്‍ വിവിധ ഭാഷകളിലായി പാടിയ സുബീന്‍ ഗാര്‍ഗ് സംഗീത സംവിധായകന്‍, ഗാനരചയിതാവ്, അഭിനേതാവ്, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുബീന്റെ വിയോഗത്തില്‍ സിനിമ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി. ഫാഷന്‍ ഡിസൈനര്‍ ഗരിമ സൈക്യ ഗാര്‍ഗാണ് സുബീന്റെ ജീവിതപങ്കാളി.