ലളിതം മനോഹരം; ടെയ്ലര്‍ സ്വിഫ്റ്റിന്റെ വിവാഹനിശ്ചയം

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്രസ്സില്‍ ടെയ്ലര്‍ സ്വിഫ്റ്റ് എത്തിയപ്പോള്‍ ബ്ലൂ ടീ ഷര്‍ട്ടിലാണ് ട്രാവിസ് കെല്‍സ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 'നിങ്ങളുടെ ഇംഗ്ലിഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

author-image
Biju
New Update
TAYLOR

വാഷിങ്ടണ്‍: പോപ് ഗായിക ടെയ്ലര്‍ സ്വിഫ്റ്റിന്റെയും ഫുട്‌ബോള്‍ താരം ട്രാവിസ് കെല്‍സിന്റെയും വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂന്തോട്ടത്തില്‍ വിവാഹ മോതിരം അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് ടെയ്ലര്‍ സ്വിഫ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ലളിതമായ വസ്ത്രത്തിലാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്രസ്സില്‍ ടെയ്ലര്‍ സ്വിഫ്റ്റ് എത്തിയപ്പോള്‍ ബ്ലൂ ടീ ഷര്‍ട്ടിലാണ് ട്രാവിസ് കെല്‍സ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 'നിങ്ങളുടെ ഇംഗ്ലിഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. 

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. 2023 ജൂലൈ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. മുന്‍പ് തന്റെ മൊബൈല്‍ നമ്പര്‍ ടെയ്ലര്‍ സ്വിഫ്റ്റിന് നല്‍കാന്‍ ശ്രമിക്കുകയും അത് പരാജയപ്പെട്ടപ്പോള്‍ പോഡ്കാസ്റ്റായ ന്യൂ ഹൈറ്റ്സിലൂടെ തന്റെ പ്രണയത്തെ കുറിച്ച് ട്രാവിസ് കെല്‍സ് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഇരുവരും അടുക്കുന്നതും ഡേറ്റ് ചെയ്യാന്‍ തുടങ്ങുന്നതും. 2023 സെപ്റ്റംബറില്‍ ടെയ്ലര്‍ സ്വിഫ്റ്റ് ട്രാവിസ് കെല്‍സിന്റെ മല്‍സരം കാണാന്‍ എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരാന്‍ ആരംഭിക്കുന്നത്. 

ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ആല്‍ബം 'ദി ലൈഫ് ഓഫ് എ ഷോഗേളിന്റെ' പ്രഖ്യാപനത്തിന് ഇരുവരും ന്യൂ ഹൈറ്റ്‌സില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി.  അന്നു മുതല്‍ ഇരുവരുടേയും ആരാധകരര്‍ വിവാഹനിശ്ചയ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ട്രാവിസ് കെല്‍സിന്റെ മൊബൈല്‍ ലോക്ക്-സ്‌ക്രീനില്‍ ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ കണ്ടതും അഭ്യൂഹങ്ങള്‍ക്ക് ചൂടുപിടിപ്പിച്ചു.

കോടികള്‍ ചെലവഴിച്ച് ടെയ്ലര്‍ സ്വിഫ്റ്റ് അമേരിക്കയിലെ റോഡ് ഐലന്‍ഡിലെ 'ഹൈ വാച്ച്' എന്ന തന്റെ ആഡംബര വസതി മോടിപിടിപ്പിക്കുന്നെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. 14 കോടി രൂപ മുടക്കി വീട് മോടി പിടിപ്പിക്കുന്നത് ട്രാവിസ് കെല്‍സിനൊപ്പം അവിടെ താമസിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായിട്ടാണ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, പ്രമുഖരും തങ്ങളുടെ ആരാധകരുമടക്കം നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തുന്നത്. വാര്‍ത്തയറിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇരുവര്‍ക്കും ആശംകള്‍ നേര്‍ന്നിരുന്നു.

taylor swift