രാഷ്ട്രീയ പാർട്ടികൾക്കോ നേതാക്കൾക്കോ വേണ്ടി ഒരു തിരഞ്ഞെടുപ്പിന്റെ തന്ത്രജ്ഞനായാൽ ലഭിക്കുന്ന പ്രതിഫലം 100 കോടി ആണെന്ന് വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി കൺവീനറുമായ പ്രശാന്ത് കിഷോർ. ബിഹാറിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രശാന്ത് കിഷോർ തന്റെ പ്രതിഫലം വെളിപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ പത്ത് സർക്കാരുകൾ തന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോർ വേദിയിൽ പറഞ്ഞു.
ക്യാമ്പയിനുകൾക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് ആളുകൾ തന്നോട് പതിവായി ചോദിക്കാറുണ്ടെന്ന് പറഞ്ഞാണ് പ്രശാന്ത് പ്രതിഫലം വെളിപ്പെടുത്തിയത്. ‘എന്റെ പ്രചാരണത്തിനായി ടെന്റുകളും മേലാപ്പുകളും സ്ഥാപിക്കാൻ എനിക്ക് പണമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ അത്രക്ക് ദുർബലനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ബിഹാറിൽ എനിക്ക് ലഭിക്കുന്നത് പോലുള്ള പ്രതിഫത്തെക്കുറിച്ച് ആരും കേട്ടിട്ടില്ല. അടുത്ത രണ്ട് വർഷം കൂടി ഒരു തിരഞ്ഞെടുപ്പിന്റെ പ്രതിഫലം കൊണ്ട് എനിക്ക് പ്രചാരണങ്ങൾ നടത്താനാവും പ്രശാന്ത് കിഷോർ പറഞ്ഞു.
ബിജെപി, ജനതാദൾ (യുണൈറ്റഡ്), കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഒപ്പം രാഷ്ട്രീയ നയതന്ത്രജ്ഞനായി പ്രവർത്തിച്ചിട്ടുള്ളയാളാണ് പ്രശാന്ത് കിഷോർ. അടുത്തിടെയാണ് മറ്റ് പ്രധാന പാർട്ടികളുമായി അകന്ന് സ്വന്തമായി ‘ജൻ സ്വരാജ്’ പാർട്ടി രുപീകരിച്ചത്. നരേന്ദ്രമോദിയുടെ 2014 പൊതു തിരഞ്ഞെടുപ്പ് വിജയത്തോടെയാണ് അദ്ദേഹം വലിയ ജനശ്രദ്ധ നേടിയത്.
ഭാരതീയ ജനതാ പാർട്ടി: നരേന്ദ്ര മോദിയുടെ 2014 ലോക്‌സഭാ പ്രചാരണത്തിൻ്റെ പ്രധാന തന്ത്രജ്ഞൻ എന്ന നിലയിലാണ് പ്രശാന്ത് കിഷോർ ആദ്യം ശ്രദ്ധ നേടിയത്, ഇത് ബിജെപിക്ക് വൻ വിജയം ഉറപ്പാക്കാൻ സഹായിച്ചു.
ജനതാദൾ (യുണൈറ്റഡ്): 2015ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിൻ്റെ ജെഡിയുവിനെയും ആർജെഡി-കോൺഗ്രസ് സഖ്യത്തെയും പിന്തുണച്ച പ്രശാന്ത് കിഷോർ നിർണായക പങ്ക് വഹിച്ചു.
കോൺഗ്രസ്: 2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോർ കോൺഗ്രസിനൊപ്പം പ്രവർത്തിച്ചു, പ്രചാരണം വിജയിച്ചില്ലെങ്കിലും, 2021ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയം ഉറപ്പാക്കാൻ അദ്ദേഹം പിന്നീട് സഹായിച്ചു.
വൈഎസ്ആർ കോൺഗ്രസ് പാർട്ടി: 2019ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡിയെയും അദ്ദേഹത്തിൻ്റെ പാർട്ടിയെയും കിഷോർ ഉപദേശിച്ചു, ഇത് വൈഎസ്ആർസിപിക്ക് കാര്യമായ വിജയം നേടിക്കൊടുത്തു.
തൃണമൂൽ കോൺഗ്രസ്: 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിയുടെ കടുത്ത വെല്ലുവിളിയ്ക്കിടയിലും മമത ബാനർജിയെയും ടിഎംസിയെയും അധികാരം നിലനിർത്താൻ സഹായിക്കുന്നതിൽ കിഷോറിൻ്റെ തന്ത്രം നിർണായകമായിരുന്നു.
ആം ആദ്മി പാർട്ടി: 2020 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ അദ്ദേഹം ഉപദേശിച്ചു, ഡൽഹിയിലെ ആം ആദ്മിയുടെ വൻ വിജയത്തിന് അത് കാരണമായി.