2008 നവംബര്‍ 26... രാജ്യചരിത്രത്തിലെ കറുത്ത താളുകളായി നില്‍ക്കുന്ന മുംബൈ ഭീകരാക്രമണം നടന്നിട്ട് 16 വര്‍ഷം പിന്നിടുന്നു. മുംബൈയിലെ പ്രൗഢഗംഭീരമായ താജ് ഹോട്ടലിന്റെ മുകള്‍ നിലകളില്‍ നിന്നും തീജ്വാലകളും വെടിയൊച്ചകളും കൂട്ടക്കൊല നടന്ന ഛത്രപതി ശിവാജി ടെര്‍മിനലിന്റെ ചിത്രങ്ങളൊന്നും രാജ്യത്തെ ഒരാളുടെയും മനസില്‍ നിന്നും അത്രവേഗം മാഞ്ഞുപോകില്ല.
രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ 166 ജീവനുകളാണ് ആരൊറ്റ ദിവസത്തില്‍ നഷ്ടമായത്. . 300 പേര്‍ക്ക് പരുക്കേറ്റിരുന്നു. എന്‍എസ്ജി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മേധാവി ഹേമന്ദ് കര്‍ക്കറെ, പൊലീസ് അഡീഷണല്‍ കമ്മിഷണര്‍ അശോക് കാംഠെ, ഏറ്റുമുട്ടല്‍ വീരന്‍ വിജയ് സലാസ്‌കര്‍ എന്നിവര്‍ വീരമൃത്യു വരിച്ച ഉന്നത ഉദ്യോഗസ്ഥരില്‍പ്പെടും. കനത്ത പോരാട്ടത്തിനൊടുവില്‍ 9 ഭീകരര്‍ കൊല്ലപ്പെട്ടു. 86 കുറ്റങ്ങള്‍ ചുമത്തപ്പെട്ട അജ്മല്‍ കസബിനെ 2012ല്‍ പുനെ യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി.
പാക്കിസ്ഥാനില്‍നിന്ന് ബോട്ടില്‍ കടല്‍മാര്‍ഗം ഗുജറാത്തിലെ പോര്‍ബന്തര്‍ വഴി മുംബൈയിലെത്തി കൊളാബയ്ക്കടുത്ത് കഫ് പരേഡ് തീരത്തൂകൂടിയാണ് 10 അംഗ ഭീകരസംഘം നഗരത്തില്‍ പ്രവേശിച്ചത്. 2008 നവംബര്‍ 26ന് രാത്രി ഒന്‍പതരയോടെ വിവിധ സംഘങ്ങളായി പിരിഞ്ഞ് അതീവരഹസ്യമായി ഒരേസമയം വിവിധ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ ഛത്രപതി ശിവജി ടെര്‍മിനസ് റയില്‍വേ സ്റ്റേഷന്‍, താജ് ഹോട്ടല്‍, ഒബ്റോയ്-ട്രൈഡന്റ് ഹോട്ടലുകള്‍, നരിമാന്‍ ഹൗസ്, കാമ ഹോസ്പിറ്റല്‍, ലിയോപോള്‍ കഫെ എന്നിവിടങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു.
എകെ 47 തോക്ക് ഉള്‍പ്പെടെയുളള ആയുധങ്ങളുമായി തുടര്‍ച്ചയായി നിറയൊഴിച്ച ഭീകരര്‍ക്കു മുന്നില്‍,ഒരു കരുതലും ഇല്ലാതിരുന്ന നഗരത്തിലെ പൊലീസ് പകച്ചുപോയിരുന്നു.പിറ്റേന്ന് പുലര്‍ച്ചെ ഹരിയാനയില്‍നിന്ന് എന്‍എസ്ജി കമാന്‍ഡോകള്‍ എത്തിയതോടെയാണ് ഇന്ത്യയുടെ തിരിച്ചടി ശക്തമായത്. പിറ്റേന്നു പുലര്‍ച്ചെ ഒന്നരയോടെ, ഭീകരസംഘത്തിലുള്‍പ്പെട്ട അജ്മല്‍ കസബ് പിടിയിലായി.
ഫൊട്ടോഗ്രാഫര്‍ സെബാസ്റ്റിയന്‍ ഡിസൂസ തന്റെ നിക്കോണ്‍ ഡി 200 ക്യാമറയില്‍ പകര്‍ത്തിയ, തുടരെ നിറയൊഴിച്ചുകൊണ്ട് സിഎസ്ടിയിലുടെ നടന്നുനീങ്ങുന്ന കസബിന്റെ ചിത്രം കേസില്‍ നിര്‍ണായക തെളിവായി മാറി. അജ്മല്‍ കസബിനെ പിടികൂടാനായതുവഴി ആക്രമണത്തിന് പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. കസബിന് 2010 മേയ് ആറ് വിചാരണക്കോടതി വിധിച്ച വധശിക്ഷ 2011 ഫെബ്രുവരി 21ന് ഹൈക്കോടതിയും തുടര്‍ന്ന് 2012 ഓഗസ്റ്റ് 29ന് സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.
ദയാഹര്‍ജി 2012 നവംബര്‍ അഞ്ചിന് രാഷ്ട്രപതി തള്ളിയതോടെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിച്ചിരുന്ന കസബിനെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുണെ യേര്‍വാഡ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. 2012 നവംബര്‍ 21ന് കസബിനെ തൂക്കിലേറ്റി. മുംബൈയെ കുരുതിക്കളമാക്കിയ ഭീകരാക്രമണത്തിന്റെ ഓര്‍മകളുണര്‍ത്തി പലയിടങ്ങളിലും വെടിയുണ്ടയുടെ പാടുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്.