/kalakaumudi/media/media_files/2026/02/08/finance-c-2026-02-08-08-21-24.jpg)
ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പുറത്തുവന്ന പതിനാറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് കേന്ദ്ര നികുതി വിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധനവ്. അതേസമയം, തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മറ്റൊരു സംസ്ഥാനമായ പശ്ചിമ ബംഗാളിന് വിഹിതത്തില്‍ തിരിച്ചടി നേരിട്ടു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകളുള്ളത്.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ (2021-26) 1.925 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം. പതിനാറാം കമ്മീഷന്‍ 2.382 ശതമാനമായി ഉയര്‍ത്തി. ഇതിലൂടെ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് ഏകദേശം 6,975 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രകടനവും മറ്റ് വികസന സൂചികകളും പരിഗണിച്ചാണ് ഈ വര്‍ദ്ധനവ്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിന് വിഹിതത്തില്‍ വലിയ കുറവാണുണ്ടായത്. ബംഗാളിന്റെ വിഹിതം 7.523 ശതമാനത്തില്‍ നിന്ന് 7.215 ശതമാനമായി കുറഞ്ഞു. ഇതിലൂടെ വരും സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 4,700 കോടി രൂപയുടെ കുറവുണ്ടാകും.
ബംഗാളിലെ ലക്ഷ്മീര്‍ ഭണ്ഡാര്‍ പോലുള്ള പണക്കൈമാറ്റ പദ്ധതികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിരീക്ഷിച്ചു. സബ്‌സിഡികള്‍ക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളായ അസമിലും തമിഴ്നാട്ടിലും വിഹിതത്തില്‍ നേരിയ വര്‍ദ്ധനവുണ്ട്.അസംമില്‍ വിഹിതം 3.128 ശതമാനത്തില്‍ നിന്ന് 3.258 ശതമാനമായി ഉയര്‍ന്നു. തമിഴ്നാട്ടില്‍ വിഹിതം 4.079 ശതമാനത്തില്‍ നിന്ന് 4.097 ശതമാനമായി ഉയര്‍ന്നു.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് (2026-31) തദ്ദേശ സ്ഥാപനങ്ങള്‍ക്കായി 7.91 ലക്ഷം കോടി രൂപയുടെ ഗ്രാന്‍ഡാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 3,308 കോടി രൂപയും നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 16,683 കോടി രൂപയും ലഭിക്കും.
സംസ്ഥാനങ്ങളുടെ ജി.ഡി.പി സംഭാവനയ്ക്ക് 10 ശതമാനം വെയ്റ്റേജ് നല്‍കിക്കൊണ്ടുള്ള പുതിയ മാനദണ്ഡമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടമായത്. ജനസംഖ്യ, വിസ്തൃതി തുടങ്ങിയ പഴയ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ വിഹിതം വര്‍ദ്ധിക്കാന്‍ കാരണമായി. എന്നാല്‍, റവന്യൂ കമ്മി ഗ്രാന്‍ഡ് നിര്‍ത്തലാക്കിയത് കേരളത്തിന് വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബിജെപി സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
