19 tribals, including 18 women, killed after pick up truck overturns
ഛത്തീസ്ഗഢില്‍ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞ് 19 ബൈഗ ആദിവാസികള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കവര്‍ധയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 18 പേരും സ്ത്രീകളാണ്.
ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. 13 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തില്‍ 35-40 പേര്‍ ഉണ്ടായിരുന്നു. മരിച്ചവരെല്ലാം സെംഹാര ഗ്രാമത്തിലെ താമസക്കാരാണ്.നാട്ടുകാരാണ് അപകട വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അപകടത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ദുഃഖം രേഖപ്പെടുത്തി.