/kalakaumudi/media/media_files/2025/09/19/manipur-2025-09-19-21-29-36.jpg)
ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് ട്രക്കിനുനേരെ ആക്രമണം. ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. തോക്കുധാരികളായ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെയുള്ള നമ്പോള്‍ സബല്‍ ലെയ്കായ് പ്രദേശത്തുവച്ചാണ് അര്‍ദ്ധസൈനിക വിഭാഗം സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ആക്രമണമുണ്ടായത്. 33 ജവാന്മാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2023 ല്‍ മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സംഘര്‍ഷഭരിതമായ മണിപ്പൂരില്‍, കഴിഞ്ഞ വര്‍ഷത്തിനുശേഷം കേന്ദ്ര സുരക്ഷാ സേനയ്ക്ക് നേരെയുണ്ടാകുന്ന ആദ്യത്തെ മാരകമായ ആക്രമണമാണിത്.
കഴിഞ്ഞ വര്‍ഷം അസമിലെ കാച്ചാര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ജിരിബാം ജില്ലയിലാണ് അവസാനമായി സമാനമായ ആക്രമണം ഉണ്ടായത്. ഈ സംഭവത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെടുകയും രണ്ട് സിആര്‍പിഎഫ് ജവാന്‍മാരും രണ്ടു മണിപ്പൂര്‍ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.