/kalakaumudi/media/media_files/2025/09/20/mohanlal-2025-09-20-18-27-51.jpg)
ന്യൂഡല്‍ഹി: 2023ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നടന്‍ മോഹന്‍ലാലിന്. ഇന്ത്യന്‍ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.
ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വച്ച് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്നും കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
അതിനിടെ നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായ 'ഹൃദയപൂര്‍വ്വം' വന്‍ കുതിപ്പില്‍ മുന്നേറുകയാണ്. ചിത്രം ഒടിടി റിലീസിനും ഒരുങ്ങുകയാണ്. ഓണം റിലീസായി തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ഈ ചിത്രം സെപ്റ്റംബര്‍ 26 മുതല്‍ ജിയോ ഹോട്ട്സ്റ്റാര്‍ വഴി സ്ട്രീമിങ് ആരംഭിക്കും.
തിയറ്റര്‍ റിലീസിന് ശേഷം ഏകദേശം ഒരു മാസം പിന്നിടുമ്പോഴാണ് 'ഹൃദയപൂര്‍വ്വം' ഓണ്‍ലൈന്‍ സ്ട്രീമിങ്ങിനായി എത്തുന്നത്. മോഹന്‍ലാലിന്റെ ശ്രദ്ധേയ പ്രകടനവും സത്യന്‍ അന്തിക്കാടിന്റെ സംവിധാന മികവും കാരണം ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. മാളവിക മോഹനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഈ ചിത്രം കേരളത്തിലും പൂണെയിലുമായിട്ടാണ് ചിത്രീകരിച്ചത്.