അഹമ്മദാബാദ് വിമാനാപകടം; ആകെ മരണം 275

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറുപേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്.

author-image
Biju
New Update
AHAsdv

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറുപേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ തിരിച്ചറിയല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

ജൂണ്‍ 12-ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നതിനുശേഷം ആകെ മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്ക്കേ യഥാര്‍ഥ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിങ് ഡ്രീംലൈനര്‍ വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം വിമാനത്താവള പരിധിക്കപ്പുറത്തുള്ള ആശുപത്രി കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

airindiaexpresnews