കാരാട്ടടക്കം ഒഴിവായി, പിബിയില്‍ അഞ്ച് മലയാളികള്‍

കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആര്‍. അരുണ്‍ കുമാറും അടക്കം എട്ട് പുതുമുഖങ്ങള്‍ പുതുതായി പി.ബിയില്‍ എത്തി. അരുണ്‍കുമാര്‍ ആന്ധ്രയില്‍നിന്നുള്ള നേതാവാണ്

author-image
Biju
Updated On
New Update
hh

മധുര: സിപിഎമ്മില്‍ തലമുറമാറ്റത്തിന് വഴിവെച്ച് മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ്സ് പിന്നിട്ട നേതാക്കള്‍ ഒന്നടങ്കം സിപിഎം പോളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവായി. കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് 80 വയസ്സ് തികയുന്ന പിണറായി വിജയന് മാത്രം ഇളവ് നല്‍കിയത്. മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ പി.ബി കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്‍ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയില്‍ നിന്ന് ഒഴിവാക്കി.

അതേസമയം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആര്‍. അരുണ്‍ കുമാറും അടക്കം എട്ട് പുതുമുഖങ്ങള്‍ പുതുതായി പി.ബിയില്‍ എത്തി. അരുണ്‍കുമാര്‍ ആന്ധ്രയില്‍നിന്നുള്ള നേതാവാണ്. വനിതാ പ്രതിനിധികളായ സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും പുറത്തുപോകുന്ന പശ്ചാത്തലത്തില്‍ യു. വാസുകിയും മറിയം ധാവ്ളെയും പോളിറ്റ് ബ്യൂറോയിലെത്തി. പ്രകാശ് കാരാട്ടിനോട് അടുപ്പു പുലര്‍ത്തുന്നവരാണ് യു വാസുകിയിലും അരുണ്‍ കുമാറും വിജു കൃഷ്ണനും.

തമിഴ്നാട്ടില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന്‍ നേതാവുമാണ് യു. വാസുകി. മഹാരാഷ്ട്രയില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മറിയം, മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമാണ്. കെ ബാലകൃഷ്ണന്‍ (തമിഴ്‌നാട്), അമ്രാറാം (രാജസ്ഥാന്‍), ജിതേന്ദ്ര ചൗധരി ( ത്രിപുര), ശ്രീദിപ് ഭട്ടാചാര്യ (ബംഗാള്‍) മറ്റ് പുതിയ പിബി അംഗങ്ങള്‍.

എം എ ബേബി ജനറല്‍ സെക്രട്ടറിയാകുന്ന സിപിഎം അഖിലേന്ത്യാ കമ്മറ്റിയില്‍ അഞ്ച് മലയാളികളാണ് ഉള്ളത്. കഴിഞ്ഞ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പ്രായപരിധി കര്‍ശനമായി നടപ്പാക്കിയത്. എന്നാല്‍, മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്ക് ഇളവ് നല്‍കി. ഇത്തവണ പിബിയംഗങ്ങള്‍ക്ക് ഇളവ് പാടില്ലെന്ന് ബംഗാള്‍ ഘടകം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏഴ് പേരില്‍ പിണറായി മാത്രമാണ് ഇളവ് നല്‍കിയത്. പി.ബിയില്‍ ഒഴിവാക്കപ്പെട്ട ആറ് നേതാക്കളെയും കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി

സിപിഎം പിബി അംഗങ്ങള്‍

1 എം.എ. ബേബി

2 മുഹമ്മദ് സലിം

3 പിണറായി വിജയന്‍

4 ബി.വി. രാഘവലു

5 തപന്‍ സെന്‍

6 നീലോത്പല്‍ ബസു

7 രാമചന്ദ്ര ഡോം

8 എ. വിജയരാഘവന്‍

9 അശോക് ധാവ്‌ളെ

10 എം.വി. ഗോവിന്ദന്‍

11 യു. വാസുകി

12 വിജു കൃഷ്ണന്‍

13 ആര്‍. അരുണ്‍കുമാര്‍

14 മറിയം ധാവ്‌ളെ

15 ജിതേന്‍ ചൗധരി

16 ശ്രീദീപ് ഭട്ടാചാര്യ

17 അമ്രാ റാം

18 കെ. ബാലകൃഷ്ണന്‍

  • Apr 06, 2025 21:04 IST

    സമാപനവേദിയില്‍ എമ്പുരാന്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി

    മധുര: പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേദിയില്‍ എമ്പുരാന്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന്‍ ആക്രമിക്കപ്പെട്ടെന്ന് പിണറായി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേദിയില്‍ പരാമര്‍ശിച്ചു. 

    സിബിഎഫ്‌സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

    മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തി. ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ച പിണറായി കേന്ദ്ര അവഗണനക്കെതിരെ കേരളവും തമിഴ്‌നാടും ഒറ്റക്കെട്ടാണെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേദിയില്‍ പറഞ്ഞു.



  • Apr 06, 2025 18:15 IST

    വരുന്ന തിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ നയിക്കും: ബേബി

    മധുര: ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അവകാശ സമര പോരാട്ടങ്ങള്‍ കൂടുതലായി ഏറ്റെടുത്ത് മുന്നോട്ടുപോകനാണ്  സിപിഎം മധുര പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി എം.എ. ബേബി. പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ച രാഷ്ടീയ കടമ്പകള്‍ക്ക് 3 ഭാഗങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ഒന്നാമത്തേത്, നവ ഫാഷിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്ന സംഘപരിവാറിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നയങ്ങള്‍ക്ക് എതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുക എന്നതാണ്. കേന്ദ്ര  സംസ്ഥാന ബന്ധങ്ങളില്‍ തന്നെ അമിതാധികാര നയവുമായാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

    രണ്ടാമതായി സിപിഎമ്മിന്റെയും ഇടുപക്ഷത്തിന്റെയും സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കണം. മൂന്നാമതായി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടത്ത് പ്രാദേശികമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി മുന്നോട്ടു പോകണം. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ അവകാശ സമര പോരാട്ടങ്ങള്‍ ഏറ്റെടുക്കുകയും വേണം. ഈ മൂന്നു കടമകളും ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ പിബി മുതല്‍ ലോക്കല്‍ ഘടങ്ങള്‍ വരെയുള്ള എല്ലാവരുടയും ഉത്തരവാദിത്തപരമായ സമീപനം ഉണ്ടാകണമെന്നും ബേബി പറഞ്ഞു.
    സിപിഎമ്മിന് സംഘടാപരമായ പുനശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ടെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും സമ്മേളിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കും. അതിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബേബി പറഞ്ഞു.

    ''സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്തും അതിന് മുന്‍പും പ്രകാശ് കാരാട്ട് പാര്‍ട്ടി ഏകോപന ചുമതല ഏറ്റെടുത്ത ശേഷവും ദേശീയ തലത്തില്‍ സിപിഎമ്മിന്റെ സമീപനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. നവ ഫാഷിസ്റ്റ് ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന ബിജെപിക്കും സംഘപരിവാറിനും എതിരായി ഏറ്റവും വിശാലമായ രാഷ്ട്രീയ യോജിപ്പ് വളര്‍ത്തിയെടുക്കണം എന്നതുതന്നെയാണ് പാര്‍ട്ടി പിന്തുടരുന്ന സമീപനം. എന്നാല്‍ ഈ യോജിപ്പ് വളര്‍ത്തുന്നത് ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ടീയ സാഹചര്യങ്ങള്‍ക്കൂടെ പരിഗണിച്ചാകും. ഉദാഹരണത്തിന് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയിലെ കക്ഷികളായ ആം ആദ്മിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിച്ചില്ലേ, ബംഗാളില്‍ ത്രികോണ മത്സരം നടന്നപ്പോള്‍ അവിടെയും പരസ്പരം മത്സരിച്ചതില്‍ ഇന്ത്യ സഖ്യകക്ഷികള്‍ ഉണ്ടായിരുന്നു. ഇത് വിരല്‍ചൂണ്ടുന്നത് ഒന്നിലേക്ക് തന്നെയാണ്. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ച് സമീപനങ്ങള്‍ സ്വീകരിക്കും. ദേശീയ തലത്തില്‍ സ്വീകരിച്ചുവരുന്ന നിലപാട് തുടര്‍ന്ന് പോവുകയും ചെയ്യും''  ബേബി പറഞ്ഞു.

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിലെ ഇടതുപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് പിണറായി വിജയന്‍ തന്നെ ആയിരിക്കുമെന്നും പുതിയ ജനറല്‍ സെക്രട്ടറി പറഞ്ഞു. ''പിണറായി വിജയന്‍ കേരളത്തിലെ സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണ്. അതിനാല്‍ തന്നെ അടുത്ത തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയാകും ഇടതുപക്ഷ മുന്നണിയെ നയിക്കുക. തുടര്‍ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം ഫലം വന്നതിന് ശേഷം ഉണ്ടാകേണ്ടതാണ്. പാര്‍ട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഒരിക്കല്‍ക്കൂടി തുടര്‍ഭരണം ഉറപ്പാണ്.'' ബേബി പറഞ്ഞു.

    1978ലെ ജലന്തര്‍ മുതലുള്ള 15 പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്രയും കാലത്തിനിടയില്‍ ഒരിക്കല്‍ പോലും കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നിട്ടുള്ളതായി ഓര്‍മയില്ലെന്നും ഇത്തവണത്തേത് ആദ്യ അനുഭവം ആയിരുന്നെന്നും ബേബി പറഞ്ഞു. പി.കെ. ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയത് അവര്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ അധ്യക്ഷ ആയതിനാലാണെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. സംഘടനാ അധ്യക്ഷ എന്ന ഉത്തരവാദിത്തം രാജ്യത്തുടനീളം നിര്‍വഹിക്കുന്നതിന് കേന്ദ്ര കമ്മിറ്റി അംഗം എന്ന പാര്‍ട്ടിയുടെ അംഗീകാരം ശ്രീമതിക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.



  • Apr 05, 2025 06:05 IST

    സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ഇന്ന് ചര്‍ച്ച

    മധുര: സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ന് സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചര്‍ച്ച നടക്കും. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് പികെ ബിജു, പിഎ മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു എന്നി മൂന്ന് അംഗങ്ങള്‍ പങ്കെടുക്കും. പിബി അംഗങ്ങളുടെ അടക്കം പ്രവര്‍ത്തനം എല്ലാ വര്‍ഷവും വിലയിരുത്തണമെന്ന് സംഘടന റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. 

    മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെയുള്ള കേസ് സംഘടനാ ചര്‍ച്ചയില്‍ ആരെങ്കിലും ഉയര്‍ത്തുമോ എന്നതും കേരളത്തിലെ പാര്‍ട്ടി ഉറ്റുനോക്കുന്നുണ്ട്. ഇന്നലെ ഏകകണ്ഠമായാണ് കരടു രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ചടക്കം ആലോചിക്കാന്‍ സിപിഎം പിബി യോഗം ഇന്ന് വൈകിട്ട് ചേര്‍ന്നേക്കും. 

    സിപിഎം പിബിയില്‍ രണ്ട് വനിതകളെ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരമാണിത്. യു വാസുകി, കെ ഹേമലത, മറിയം ധാവ്‌ലെ എന്നിവരില്‍ രണ്ടു പേര്‍ പിബിയിലെത്തും. പ്രായപരിധി കഴിഞ്ഞവര്‍ക്ക് ഇളവ് നല്‍കുന്നതില്‍ കൂടുതല്‍ പേര്‍ക്കും എതിര്‍പ്പാണ് ഉള്ളത്. സിപിഎമ്മിലെ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള സംഘടന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. മഹിളാ സംഘടനകളുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവര്‍ത്തനം പാര്‍ട്ടി വില കുറച്ചു കാണുന്നു  എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍. 

    പുരുഷന്മാരുടെ പരിപാടികള്‍ ഉണ്ടെങ്കില്‍ മഹിളാ സംഘടനയുടെ പരിപാടി മാറ്റുന്നു. വനിത സഖാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ കുടുംബ ഉത്തരവാദിത്തങ്ങള്‍ കൂടി നിര്‍വഹിക്കേണ്ടതാണെന്ന് പരിഗണിക്കുന്നില്ല. സ്ത്രീകള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഹിന്ദി സംസ്ഥാനങ്ങളിലെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. മൂന്ന് വര്‍ഷം മുന്‍പുള്ള അവസ്ഥയില്‍ തന്നെ കാര്യങ്ങള്‍ തുടരുന്നു. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും വിഷയം ചര്‍ച്ച ആയെങ്കിലും കാര്യമായ മാറ്റമില്ല എന്നിങ്ങനെയാണ് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്.



  • Apr 04, 2025 22:02 IST

    ബേബിയെ വെട്ടുമോ ധാവ്‌ളെ

    മധുര:  സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിക്ക് മുന്‍തൂക്കം. എന്നാല്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബി.വി. രാഘവുലു, അശോക് ധാവ്‌ളെ, മുഹമ്മദ് സലീം എന്നിവരുടെ പേരുകളും ചര്‍ച്ചയില്‍. സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ രാഘവുലുവിനെ ചുമതലപ്പെടുത്തിയത് അദ്ദേഹത്തിന് മുന്‍തൂക്കമുണ്ടെന്ന സൂചന നല്‍കുന്നു. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയുടെ പേര് കുറച്ചുകാലമായി ചര്‍ച്ചയിലുണ്ട്. പാര്‍ട്ടിയിലെ സീനിയോറിറ്റിയും ദേശീയതലത്തിലെ പ്രവര്‍ത്തന പരിചയവും മുതല്‍ക്കൂട്ടാണ്. മാത്രമല്ല കേരളത്തിന്റെ പിന്തുണയും. പാര്‍ട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. അതിനാല്‍ തന്നെ കേരളാഘടകത്തിന്റെ നിലപാട് നിര്‍ണായകമാണ്. അതിലുപരി മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. പിണറായി കഴിഞ്ഞാല്‍ പൊളിറ്റ് ബ്യൂറോയില്‍ സീനിയര്‍ എം.എ.ബേബിയാണ്. ബേബി എസ്‌ഐഫ്‌ഐ ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ പിന്‍ഗാമിയായത് സീതാറാം യച്ചൂരിയാണ്.

    ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നതിന് ഇടയിലാണ് സംഘടനാ റിപ്പോര്‍ട്ടമായി രാഘവുലു ശ്രദ്ധയില്‍ എത്തിയത്. ബംഗാള്‍ ഘടകവും രാഘവുവുലിനെ പിന്തുണയ്ക്കുന്നുവെന്ന സൂചനകളും ലഭിക്കുന്നു. നേരത്തെ ബംഗാള്‍ ഘടകം അശോക് ധാവ്‌ളെയെ പിന്തുണയ്ക്കുന്നതായി സൂചനയുണ്ടായിരുന്നു. ബേബി വരുന്നത് കേരളഘടകത്തിന്റെ  മേല്‍ക്കോയ്മയ്ക്ക് ഇടയാകുമെന്ന ചിന്തയാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാടിനു പിന്നില്‍. യച്ചൂരിയും രാഘവുലുവും തെലങ്കാനയില്‍ നിന്നുള്ളവരാണ്. ആ നിലയ്ക്ക് യച്ചൂരിക്കുശേഷം തെലങ്കാനയില്‍ നിന്നുള്ളയാളെ പരിഗണിക്കുമോ എന്ന സംശയവും ഉയരുന്നു.

    കിസാന്‍ സഭ ദേശീയ പ്രസിഡന്റാണ് അശോക് ധാവ്‌ളെ. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവാണെങ്കിലും ദേശീയതലത്തില്‍ പ്രവര്‍ത്തന പരിചയമുണ്ട്. കര്‍ഷകരുടെ ലോങ് മാര്‍ച്ചിലൂടെ ശ്രദ്ധേനായിരുന്നു. തുടക്കം മുതല്‍ ധാവ്‌ളെയ്ക്ക് മുന്‍തൂക്കവും ലഭിച്ചിരുന്നു. ബംഗാള്‍ ഘടകത്തിന്റെ പിന്തുണയും ഉറപ്പാക്കാനും കഴിയും. എന്നാല്‍ ധാവ്‌ളെയെ കേരള ഘടകം എത്രത്തോളം പിന്തുണയ്ക്കും എന്നതും സംശയമാണ്. സില്‍വര്‍ലൈന്‍ പോലുള്ള വിഷയങ്ങളില്‍ കടുത്ത നിലപാടാണ് ധാവ്‌ളെയ്ക്ക്. ആ നിലയ്ക്ക് സിപിഎം പുതിയ ലൈനില്‍ ധാവ്‌ളെ വഴിമുടക്കിയായേക്കാം.

    നിലവില്‍ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് സലീം. തൃണമൂല്‍ തരംഗത്തില്‍ സംസ്ഥാനത്ത് സിപിഎമ്മിന് അടിതെറ്റിയപ്പോഴും അടുത്തകാലം വരെ സലീം പിടിച്ചുനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. വൃന്ദാ കാരാട്ടിന്റെ പേരു ചര്‍ച്ചയില്‍ വന്നിരുന്നു. എന്നാല്‍ പ്രായപരിധി നടപ്പാക്കണമെന്ന് കര്‍ശന നിലപാട് നേരത്തെ എടുത്തത് വൃന്ദയാണ്. പുതിയ തലമുറയ്ക്കായി വഴിമാറുകയാണെന്ന് വൃന്ദ അറിയിച്ചതായാണ് വിവരങ്ങള്‍. പുതിയ ജനറല്‍ സെക്രട്ടറിയുടെ നിലപാട് ഇന്ത്യാ സഖ്യത്തിനും നിര്‍ണായകമാണ്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും സീതാറാം യച്ചൂരിയും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തോട് അനുകൂല നിലപാട് എടുത്തിരുന്നു. പ്രകാശ് കാരാട്ട് അല്‍പം കര്‍ശന നിലപാട് പുലര്‍ത്തിയിരുന്നു.

     



  • Apr 04, 2025 16:55 IST

    കേരള സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കണം; പ്രമേയം പാസാക്കി പാര്‍ട്ടി കോണ്‍ഗ്രസ്

    മധുര: കേരള സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കണമെന്ന പ്രമേയം മധുരയില്‍ നടക്കുന്ന സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കി. പിബി അംഗം മുഹമ്മദ് സലീമാണ് പ്രമേയം അവതരിപ്പിച്ചത്. വീണ വിജയനെതിരായ കേസ് പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ കേരള മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വയ്ക്കുന്നുവെന്ന് പ്രമേയത്തില്‍ മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി.

    അതേസമയം പ്രമേയം പാസാക്കിയത് വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി നേരിടുമെന്ന് മുഹമ്മദ് സലീം വിശദീകരിച്ചു. എന്നാല്‍ കേസ് നേരിടുന്നവര്‍ തന്നെ നിയമപരമായി കേസിനെ നേരിടും. 

    പാര്‍ട്ടി ഇതില്‍ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ നിയമപരമായും നേരിടുമെന്ന് ഇന്നലെ പിബി അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രകാശ് കാരാട്ടും താനും പറഞ്ഞതിനിടയില്‍ വ്യത്യാസമില്ലെന്നായിരുന്നു മുഹമ്മദ് സലീമിന്റെ പ്രതികരണം.

    fhdg



  • Apr 04, 2025 16:48 IST

    തമിഴ്നാട്ടില്‍ നടക്കുന്ന അഞ്ചാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ്

    മധുര: തമിഴ്നാട്ടില്‍ നടക്കുന്ന അഞ്ചാമത്തെ പാര്‍ട്ടി കോണ്‍ഗ്രസാണ് മധുരയില്‍ പുരോഗമിക്കുന്നത്; മധുരയില്‍ നടക്കുന്ന മൂന്നാമത്തേതും. മുമ്പ് രണ്ടു തവണയും നിര്‍ണായക ഘട്ടത്തിലാണ് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. 1952ലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ വിജയം നേടാന്‍ കഴിഞ്ഞ പശ്ചാത്തലത്തിലായിരുന്നു മൂന്നാം കോണ്‍ഗ്രസ് 1953 ഡിസംബര്‍ 27 മുതല്‍ 1954 ജനുവരി നാലുവരെ മധുരയില്‍ നടന്നത്. പാര്‍ട്ടി പരിപാടിയും ഭരണഘടനാ ഭേദഗതിയും അംഗീകരിച്ചു.

    രണ്ടാംകോണ്‍ഗ്രസിനു ശേഷം രൂപപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് പാര്‍ടി ഒറ്റപ്പെട്ട സാഹചര്യം നിലനില്‍ക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ ഉള്‍പ്പാര്‍ടി സമരം മൂര്‍ച്ഛിക്കുകയും പാര്‍ടി അച്ചടക്കം അയഞ്ഞുപോകുകയും ചെയ്തു. കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം സാര്‍വദേശീയ രംഗത്തെ സ്ഥിതിഗതികളെ വിലയിരുത്തി. 

    കൊറിയയിലെ യുദ്ധവിരാമ കരാര്‍ സോഷ്യലിസ്റ്റ് ചേരികളുടെ വിജയവും സാമ്രാജ്യത്വശക്തികള്‍ക്ക് തിരിച്ചടിയും നല്‍കുന്നതാണ് എന്ന കാര്യം അതില്‍ വ്യക്തമാക്കി. ഭൂപരിഷ്‌കരണം നടപ്പാക്കാത്ത കോണ്‍ഗ്രസിന്റെ നിലപാടിനും വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന നയങ്ങള്‍ക്കുമെതിരെ പോരാട്ടം ശക്തമായി തുടരണമെന്ന് പാര്‍ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചു. പാര്‍ടി പരിപാടിയും നയപ്രഖ്യാപനരേഖയും അംഗീകരിച്ച സാഹചര്യത്തില്‍ യോജിപ്പിന്റേതായ ഒരുതലം പൊതുവില്‍ ഈ കോണ്‍ഗ്രസില്‍ ഉണ്ടായി. ഇ എം എസ് അവതരിപ്പിച്ച പാര്‍ടി ഭരണഘടനാ ഭേദഗതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ലക്ഷത്തിലധികം പേര്‍ അണിനിരന്ന റാലിയോടും പൊതുസമ്മേളനത്തോടും കൂടിയാണ് മൂന്നാം പാര്‍ടി കോണ്‍ഗ്രസ് സമാപിച്ചത്. പി രാമമൂര്‍ത്തി, എം ആര്‍ വെങ്കിട്ടരാമന്‍ എന്നിവരായിരുന്നു മുഖ്യ സംഘാടകര്‍.

    ദേശീയതലത്തില്‍ ഇടതുപക്ഷ ഐക്യം ഏറെ തകരുകയും സിപിഐ എം പ്രവര്‍ത്തകരെ രാജ്യമാകെ രാഷ്ട്രീയ എതിരാളികളും ഭരണകൂടവും വേട്ടയാടുകയും ചെയ്ത ഘട്ടത്തിലാണ് 1972 ജൂണ്‍ 27 മുതല്‍ ജൂലൈ രണ്ടു വരെ ഒമ്പതാം പാര്‍ടി കോണ്‍ഗ്രസ് മധുരയില്‍ നടന്നത്. 1969 മാര്‍ച്ച് മുതല്‍ 1972 ജൂണ്‍ വരെ 656 സഖാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ രക്തസാക്ഷികളായിരുന്നു. ബി ടി രണദിവെ അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തിന്റെ ആദ്യ ഭാഗത്ത് സാമ്രാജ്യത്വവും ലോകമെമ്പാടും ശക്തിപ്രാപിച്ചുവരുന്ന ദേശീയ വിമോചന പ്രസ്ഥാനങ്ങളും തമ്മില്‍ തുടരുന്ന വൈരുധ്യംതന്നെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈരുധ്യമെന്ന് ചൂണ്ടിക്കാട്ടി. 

    ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച, നാലാം പഞ്ചവത്സരപദ്ധതിയുടെ പരാജയം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ വിജയം, ഭരണത്തിലുള്ള കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍, ഏക പാര്‍ടി മേധാവിത്വത്തിന്റെ അപകടങ്ങള്‍, പശ്ചിമബംഗാളിലെ അര്‍ധ ഫാസിസ്റ്റ് ഭീഷണി, സംഘടിത പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമം, ജനാധിപത്യശക്തികളെ പിളര്‍ത്താനുള്ള കോണ്‍ഗ്രസ് തന്ത്രങ്ങള്‍, പാര്‍ടിയുടെ അടവുനയങ്ങള്‍, വിഭജന തന്ത്രങ്ങള്‍ക്കെതിരെ ഐക്യത്തിനുവേണ്ടി വളര്‍ന്നുവരുന്ന ബഹുജനപോരാട്ടങ്ങള്‍, പശ്ചിമബംഗാളിലെ സമരം തുടങ്ങിയ കാര്യങ്ങളാണ് രാഷ്ട്രീയപ്രമേയത്തില്‍ വിശദീകരിച്ചത്. 

    എട്ടാം പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചകളിലുണ്ടായ മാറ്റങ്ങളെപ്പറ്റി ഹര്‍കിഷന്‍ സിങ് സുര്‍ജിത് റിപ്പോര്‍ട്ട് ചെയ്തു. ദേശീയ പ്രശ്‌നത്തെ സംബന്ധിച്ചുള്ള സെന്‍ട്രല്‍ കമ്മിറ്റിയുടെ കുറിപ്പും പാര്‍ടി പരിപാടിയുടെ ഭേദഗതിയും എം ബസവപുന്നയ്യ അവതരിപ്പിച്ചു. പശ്ചിമ ബംഗാളിലെ അര്‍ധ ഫാസിസ്റ്റ് ഭീകരതയെയും രാജ്യത്താകമാനമുള്ള അടിച്ചമര്‍ത്തലിനെയും പറ്റി ജ്യോതി ബസുവും തൊഴിലാളികള്‍ക്ക് സംഘടിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ പി രാമമൂര്‍ത്തിയും അവതരിപ്പിച്ച പ്രമേയങ്ങള്‍ അംഗീകരിച്ചു.

    സോവിയറ്റ് യൂണിയന്റെ പതനത്തെ തുടര്‍ന്ന് ലോകത്ത് സോഷ്യലിസ്റ്റ് ചേരി വലിയ തിരിച്ചടി നേരിട്ട കാലഘട്ടത്തിലാണ് പതിനാലാം പാര്‍ടി കോണ്‍ഗ്രസ് 1992 ജനുവരി മൂന്നുമുതല്‍ ഒമ്പതുവരെ മദ്രാസില്‍ നടന്നത്. നവ ഉദാരവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ സമയമായിരുന്നു അത്. കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണവും ഈ ഘട്ടത്തില്‍ അവസാനിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച പ്രതിപാദിക്കുന്ന 'പ്രത്യയശാസ്ത്രപരമായ ചില പ്രശ്നങ്ങളിന്മേലുള്ള പ്രമേയ'ത്തില്‍ മാര്‍ക്സിസം- ലെനിനിസത്തിലുള്ള വിശ്വാസം പാര്‍ടി ആവര്‍ത്തിച്ച് ഉറപ്പിച്ചു. 

    പാര്‍ടി പരിപാടി കാലോചിതമായി പരിഷ്‌കരിക്കുന്നതിനായി കമീഷനെ നിശ്ചയിക്കാന്‍ കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്തി. കയ്യൂര്‍ രക്തസാക്ഷിത്വത്തിന്റെ 65-ാം വാര്‍ഷികത്തിലാണ് കോയമ്പത്തൂരില്‍ 2008 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ടുവരെ 19-ാം പാര്‍ടി കോണ്‍ഗ്രസ് നടന്നത്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും ഇന്തോ-അമേരിക്കന്‍ ആണവ കരാറിന്റെ അപകടങ്ങള്‍ തുറന്നുകാണിക്കുകയും ചെയ്യുന്നതില്‍ പാര്‍ട്ടി നിര്‍ണായക പങ്കുവഹിച്ച സമയമായിരുന്നു അത്. 



  • Apr 04, 2025 16:43 IST

    എസ്എഫ്‌ഐഒയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും: പ്രകാശ് കാരാട്ട്

    മധുര: മാസപ്പടി വിഷയത്തില്‍ എസ്എഫ്‌ഐഒയുടെ രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കോ-ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് കേന്ദ്ര ഏജന്‍സിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

    ഹൈക്കോടതി തീരുമാനം വരും മുമ്പേ

    എസ്എഫ്‌ഐഒയുടെ രാഷ്ട്രീയ നീക്കം രാഷ്ട്രീയമായി നേരിടുമെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ് പറഞ്ഞു. രാഷ്ട്രീയ പ്രേരിത ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനം വരും മുമ്പാണ് തിടുക്കത്തില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയോ സര്‍ക്കാരോ വിവാദ കമ്പനിക്ക് വഴിവിട്ടോ അല്ലാതെയോ ആനുകൂല്യമൊന്നും നല്‍കിയിട്ടില്ലെന്ന് നാല് കോടതികള്‍ വ്യക്തമാക്കിയ വിഷയമാണിത്.

    തിരുവനന്തപുരം, മൂവാറ്റുപുഴ, കോട്ടയം വിജിലന്‍സ് കോടതികളും കേരള ഹൈക്കോടതിയും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോള്‍ മകള്‍ ആയിപ്പോയെന്ന പേരില്‍ വീണയ്‌ക്കെതിരെ കേസെടുത്തിരിക്കയാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കം ജനങ്ങള്‍ തിരിച്ചറിയുമെന്നും പി രാജീവ് പ്രതികരിച്ചു.

    മുന്ന് വിജിലന്‍സ് കോടതികള്‍ തള്ളിയ കേസ്

    മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള എസ്എഫ്‌ഐഒയുടെ നടപടി വിശദമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു. മൂന്ന് വിജിലന്‍സ് കോടതികള്‍ തള്ളിയ കേസാണിതെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കേസില്‍ തെളിവുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം സ്റ്റേ ചെയ്യാന്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൊച്ചിയിലെ സാമ്പത്തികകാര്യ കോടതിയില്‍ തിടുക്കപ്പെട്ട് കുറ്റപത്രം നല്‍കിയത്. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി പറയാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയത്.

     



  • Apr 04, 2025 16:25 IST

    പാര്‍ട്ടി കോണ്‍ഗ്രസില്‍ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം

    മധുര: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 24ാം പാര്‍ട്ടി കോണ്‍ഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ് പലസ്തീന്‍ ജനതയോട് പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ ഐക്യപ്പെട്ടത്.

    സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉയര്‍ത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ പ്രതിനിധികള്‍ ഏറ്റുചൊല്ലി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു.

    dsgf



  • Apr 03, 2025 16:01 IST

    നരേന്ദ്ര മോദിയും സര്‍ക്കാരും യുഎസിനു മുന്നില്‍ നാണംകെട്ട് കീഴടങ്ങി: പ്രകാശ് കാരാട്ട്

    മധുര: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും യുഎസിനു മുന്നില്‍ നാണം കെട്ട് കീഴടങ്ങിയെന്നു പോളിറ്റ് ബ്യൂറോ കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. യുഎസ് നടപ്പാക്കിയ പകര തീരുവയ്ക്കെതിരെ ഒരു വാക്കുപോലും മോദി സംസാരിച്ചില്ല. യുഎസ് പകര തീരുവ ഏര്‍പ്പെടുത്തിയ പല രാജ്യങ്ങളിലെയും നേതാക്കന്മാര്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയോ സര്‍ക്കാരോ ഒരുവാക്കു കൊണ്ടുപോലും പ്രതിഷേധിച്ചില്ലെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. 

    ട്രംപിന്റെ പകരം തീരുവ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുഎസ് ശരാശരി 10% നിരക്കില്‍ തീരുവ ഏര്‍പ്പെടുത്തിയാല്‍ത്തന്നെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ 600 കോടി ഡോളറിന്റെ (51,600 കോടി രൂപയോളം) ഇടിവാണുണ്ടാകുക എന്നാണ് കണക്കാക്കിയിരുന്നത്. ശരാശരി തീരുവ 25 ശതമാനത്തിലേക്കുയര്‍ത്തിയാല്‍ കനത്ത ആഘാതം ഉണ്ടാകുമെന്നും കണക്കാക്കിയിരുന്നു. 

    വസ്ത്രങ്ങള്‍, ഔഷധങ്ങള്‍, ആഭരണങ്ങള്‍, വാഹന അനുബന്ധ ഘടകങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കള്‍ക്കാണ് വലിയ തോതില്‍ ആഘാതം നേരിടുക.



  • Apr 03, 2025 14:44 IST

    വിടപറഞ്ഞവര്‍ക്ക് ആദരം

    മധുര: കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനുശേഷം വിടപറഞ്ഞ നേതാക്കള്‍ക്ക് വികാരവായ്പോടെ ആദരം. പാര്‍ടി കോണ്‍ഗ്രസിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചശേഷം വിടപറഞ്ഞ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ബുദ്ധദേബ് ഭട്ടാചാര്യ, എന്‍ ശങ്കരയ്യ എന്നിവര്‍ക്ക് പ്രത്യേക അനുശോചനം അര്‍പ്പിച്ചു. 

    സീതാറാം യെച്ചൂരിക്കാണ് സമ്മേളനം ആദ്യം അനുശോചനം അര്‍പ്പിച്ചത്. അഞ്ച് ദശകം നീണ്ട യെച്ചൂരിയുടെ രാഷ്ട്രീ ജീവതത്തില്‍  വിദ്യാര്‍ഥി പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകളെ അനുസ്മരിച്ചാണ് ബൃന്ദ കാരാട്ട് അനുശോചനപ്രമേയം തുടങ്ങിയത്. 

    മുപ്പതിലേറെ വര്‍ഷം പാര്‍ടി സെന്ററിന്റെ ഭാഗമായിരുന്ന സീതാറാം മാര്‍ക്സിസത്തിലെ ആഴത്തിലുള്ള അറിവ് ഉപയോഗപ്പെടുത്തി സിപിഐ എമ്മിന്റെ ആശയ- രാഷ്ട്രീയ നിലപാടുകള്‍ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സമീപകാലത്ത് മതനിരപേക്ഷ പ്രതിപക്ഷ പാര്‍ടികളുടെ ഇന്ത്യാ കൂട്ടായ്മയ്ക്ക് രൂപമേകി. അദ്ദേഹത്തിന്റെ അകാല വിയോഗം രാജ്യത്തെ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്- അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

    കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ എസ്എഫ്ഐയെ കെട്ടിപ്പടുത്തവരില്‍ ഒരാളാണ്. അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി 18 മാസം ജയിലില്‍ കഴിഞ്ഞു. മികച്ച സംഘാടകനായ അദ്ദേഹം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തലശേരിയില്‍നിന്ന് അഞ്ചുവട്ടം നിയമസഭയിലെത്തിയ കോടിയേരി മികച്ച സാമാജികനുമായിരുന്നു. 

    ആഭ്യന്തരമന്ത്രിയായും പ്രവര്‍ത്തിച്ചു- അനുശോചന പ്രമേയം അനുസ്മരിച്ചു. ബുദ്ധദേബിന്റെയും ശങ്കരയ്യയുടെയും സംഭാവനകളും അനുശോചനപ്രമേയം അനുസ്മരിച്ചു. അന്തരിച്ച കേന്ദ്രകമ്മിറ്റി അംഗം കെ എം തിവാരിക്കും എം എം ലോറന്‍സ് അടക്കം മുന്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും പാര്‍ടി കോണ്‍ഗ്രസ് അനുശോചനം അര്‍പ്പിച്ചു.

    ബസുദേബ് ആചാര്യ, ശിവജി പട്നായിക്ക്, കനായ് ബാനര്‍ജി, കുമാര്‍ ഷിറാള്‍ക്കര്‍, മദന്‍ ഘോഷ്, മൃദുല്‍ ദേ, സുനീത് ചോപ്ര എന്നിവരാണ് കഴിഞ്ഞ സമ്മേളനകാലയളവിനുശേഷം അന്തരിച്ചവര്‍. കേരളത്തില്‍ കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനുശേഷം അന്തരിച്ച ടി ശിവദാസ മേനോന്‍, ആനത്തലവട്ടം ആനന്ദന്‍, എം ചന്ദ്രന്‍, എ വി റസ്സല്‍, കെ വി രാമകൃഷ്ണന്‍, സരോജനി ബാലാനന്ദന്‍, എ കെ നാരായണന്‍, കെ കുഞ്ഞിരാമന്‍ എന്നിവര്‍ക്കും സമ്മേളനം അനുശോചനം അര്‍പ്പിച്ചു.

     



  • Apr 02, 2025 21:42 IST

    ഹിന്ദുത്വശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നത് ഇലക്ടറല്‍ രീതിയിലൂടെ മാത്രമല്ല: കാരാട്ട്

    മധുര: ഹിന്ദുത്വ ശക്തികള്‍ ആശയപരമായി കൂടി രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നുണ്ടെന്ന് പൊളിറ്റ്ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട്. കേന്ദസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ എതിര്‍ക്കുന്നതില്‍ കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ മുന്‍പന്തിയിലുണ്ടെന്നും കാരാട്ട് പറഞ്ഞു. സി.പി.എമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടി ഉയര്‍ന്നതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്‍ ഹാളില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

    പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ദിശ നല്‍കുകയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രധാനലക്ഷ്യം. അതിന് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും ഭരിക്കുന്ന പാര്‍ട്ടിയെകുറിച്ചും ആഴത്തില്‍ മനസിലാക്കേണ്ടത് ആവശ്യമാണെന്ന് കാരാട്ട് പറഞ്ഞു.

    'ആരാണ് ഡൊണാള്‍ഡ് ട്രംപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്നത്? ഗൗതം അദാനിയുടെയും മുകേഷ് അമ്പാനിയുടെയും അടുത്ത സുഹൃത്താരാണ്? ആര്‍എസ്എസ്സിനോട് വിശ്വസ്തത പുലര്‍ത്തുന്നത് ആരാണ്? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം ഒന്നാണ്. നരേന്ദ്രമോദിയും ബി.ജെ.പിയുമാണ്. മോദി സര്‍ക്കാര്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് നെക്സസിനെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്.' - കാരാട്ട് പറഞ്ഞു.

    'ഹിന്ദുത്വ ശക്തികള്‍ രാഷ്ട്രീയമായി ആധിപത്യം സ്ഥാപിക്കുന്നത് ഇലക്ടറല്‍ രീതിയിലൂടെ മാത്രമല്ലെന്നും അവര്‍ ആശയപരമായും സാമൂഹികപരമായും ആധിപത്യം സ്ഥാപിക്കുന്നുണ്ട്. കോര്‍പ്പറേറ്റുകളുടെയും സാമുദായികമായ അതിക്രമങ്ങളെയും ഇടതുശക്തികള്‍ ഒരുമിച്ച് എതിര്‍ക്കേണ്ടതുണ്ട്. കേന്ദസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ എതിര്‍ക്കുന്നതില്‍ കേരളത്തിലെ സര്‍ക്കാര്‍ മുന്‍പന്തിയിലുണ്ട്.' എല്‍.ഡി.എഫ്. ബദല്‍നയങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിവേചനം നേരിടുന്നതായും കാരാട്ട് പറഞ്ഞു.

    സി.പി.എമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ഇന്നലെയാണ് കൊടി ഉയര്‍ന്നത്. തമുക്കം മൈതാനത്ത് സജ്ജമാക്കിയ സീതാറാം യെച്ചൂരി നഗറില്‍ ബുധനാഴ്ച രാവിലെ മുതിര്‍ന്ന സി.പി.എം. നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി. ഉച്ചയ്ക്ക് നടന്ന പ്രതിനിധിസമ്മേളനത്തില്‍ 731 പ്രതിനിധികളും 80 നിരീക്ഷകരും പങ്കെടുത്തു.

    രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായിവിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസാരിക്കും. സമാപനദിവസമായ ഏപ്രില്‍ ആറിന് വൈകീട്ട് റെഡ് വൊളന്റിയര്‍ മാര്‍ച്ചും റാലിയും നടക്കും.

     



  • Apr 02, 2025 15:39 IST

    യുകെയില്‍ നിന്നുള്ള മലയാളി പ്രതിനിധിയെ തിരിച്ചയച്ച് സിപിഎം

    മധുര: പാര്‍ട്ടി കോണ്‍ഗ്രസിലെ വിദേശ പ്രതിനിധിയെ ഒഴിവാക്കി. അസാധാരണ നടപടിയുമായി സിപിഎം രംഗത്തു വരുന്നത് അഴിമിതി ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന തിരിച്ചറിവില്‍. യുകെയില്‍ നിന്നുള്ള പ്രതിനിധി മലയാളിയായ രാജേഷ് കൃഷ്ണയെയാണ് ഒഴിവാക്കിയത്. സിനിമാ നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാജേഷ് കൃഷ്ണ. 

    മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ് രാജേഷ് കൃഷ്ണയുടെ സാന്നിധ്യത്തെ ചോദ്യം ചെയ്തത്. സിപിഎമ്മിന്റെ അടുത്ത ജനറല്‍ സെക്രട്ടറിയാകാന്‍ സാധ്യതയുള്ള പേരുകാരന്‍ കൂടിയാണ് ബേബി. ഈ സാഹചര്യത്തിലാണ് വിദേശ പ്രതിനിധിയെ പുറത്താക്കിയത്. രാജേഷിനെ പ്രതിനിധിയാക്കി ഉള്‍പ്പെടുത്തിയത് എന്തിനെന്ന ചോദ്യം കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. കേരള ഘടകം നേതാക്കള്‍ ഇടപെട്ടാണ് രാജേഷിനെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. കടുത്ത നിലപാട് ബേബി എടുത്തുവെന്നാണ് സൂചന. 

    അതിനിടെ കേരളത്തിലെ വലിയൊരു വിഭാഗം നേതാക്കളുമായി അടുത്ത ബന്ധം രാജേഷ് കൃഷ്ണയ്ക്കുണ്ട്. ഇതുപയോഗിച്ച് ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാതിരിക്കാനുള്ള കരുനീക്കങ്ങള്‍ രാജേഷ് കൃഷ്ണ നടത്തിയിട്ടുണ്ട്. കേരളത്തിലെ ചില നേതാക്കള്‍ ഇതിന് പിന്തുണയും നല്‍കുന്നുണ്ട്. ബേബി ജനറല്‍ സെക്രട്ടറിയാകുമോ എന്നതില്‍ ഇതോടെ അനിശ്ചിതത്വം എത്തുകയാണ്. പലവട്ടം മറുനാടന്‍ മലയാളി തുറന്നു കാട്ടിയ വ്യക്തിത്വമാണ് രാജേഷ് കൃഷ്ണയുടേത്.

    യുകെയില്‍ നിന്നുള്ള പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി മലയാളിയായ രാജേഷ് കൃഷ്ണനെയാണ് ഒഴിവാക്കിയത് അസാധാരണ നടപടിയിലൂടെയാണ്. രാജേഷിനെ പ്രതിനിധിയാക്കി ഉള്‍പ്പെടുത്തിയത് എന്തിനെന്ന ചോദ്യം കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. കേരള ഘടകം നേതാക്കള്‍ ഇടപെട്ടാണ് രാജേഷിനെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. സിനിമാ നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാജേഷ് കൃഷ്ണ. 

    സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് രാജേഷ് കൃഷ്ണയ്ക്ക് എതിരെ പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും ഒഴിവാക്കിയതെന്ന വിവരമുണ്ട്. ഇന്നലെ മധുരയിലെത്തിയ രാജേഷ് കൃഷ്ണയെ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി തന്നെ നേരിട്ട് വിളിച്ച് ഒഴിവാക്കിയ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ രാജേഷ് കൃഷ്ണയെ ഏത് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. പിന്നീട് രാജേഷ് കൃഷ്ണയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും ഒഴിവാക്കി കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം എടുക്കുകയായിരുന്നു.

    കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഹവാലപ്പണവുമായി കടന്നുവരുന്ന ദല്ലാളന്മാരെക്കുറിച്ച് പുഴു എന്ന മമ്മൂട്ടി സിനിമയുടെ സംവിധായിക രത്തീനയുടെ ഭര്‍ത്താവും, ചെന്നൈ വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദിന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. 

    കണ്ണൂര്‍ ന്യൂമാഹി സ്വദേശിയായ ഈ സിപിഎം സഹയാത്രികന്‍, പാര്‍ട്ടിയില്‍ എങ്ങനെയാണ് യുകെയിലെ വിവാദ നായകന്‍ രാജേഷ് കൃഷ്ണയെപ്പോലുള്ള ദല്ലാളുകള്‍ പിടിമുറുക്കിയത് എന്നതിന്റെ വിശീദകരണമാണ്, മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായുള്ള അഭിമുഖത്തില്‍ നല്‍കിയത്. പല സിപിഎം നേതാക്കളെയും രാജേഷ് കൃഷ്ണ ട്രാപ്പിലാക്കിയെന്ന് ഷര്‍ഷാദ് പറയുന്നു. കോടിയേരിയുള്ള സമയത്ത് ഒതുങ്ങിയ ഇയാള്‍, ഇപ്പോള്‍, എം വി ഗോവിന്ദന്റ മകന്റെ ബന്ധം വെച്ച് പാര്‍ട്ടിയില്‍ തിരിച്ചുവന്നിരിക്കയാണ്. 

    സിപിഎം നേതാവ് തോമസ് ഐസക്ക് രാജേഷ് കൃഷ്ണയുടെ വലംകൈയാണെന്നും ഷര്‍ഷാദ് പറഞ്ഞിരുന്നു. പി കെ ബിജുവും, എം ബി രാജേഷും, ശ്രീരാമകൃഷ്ണനുമൊക്കെയുള്ള നേതാക്കള്‍ രാജേഷിന്റെ ട്രാപ്പിലാണ്. എന്തിന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പോലും രാജേഷിന്റെ സ്വാധീനത്തിലാണോ എന്ന സംശയവും, അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 

    കണ്ണൂരില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസ് വേദിക്കരികില്‍ വെച്ച് രാജേഷ് കൃഷ്ണ തന്നെ ആക്രമിച്ചിട്ടും, പൊലീസ് ഒരു എഫ്ഐആര്‍ ഇട്ടിട്ടുപോലുമില്ലെന്ന് ഷര്‍ഷാദ് ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ സര്‍വാധിപത്യകാലത്ത് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതിന്റെ നേര്‍ ചിത്രമാണ് ഷര്‍ഷാദിന്റെ ജീവിതം. ഇതേ തുടര്‍ന്നാണ് രാജേഷ് കൃഷ്ണയെ സമ്മേളന പ്രതിനിധിയില്‍ നിന്നും മാറ്റുന്നത്.



  • Apr 02, 2025 11:24 IST

    നേതാക്കളെ വരവേറ്റ് മധുര

    മധുര:  പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ നേതാക്കളും പ്രതിനിധികളും മറ്റ് ഇടതുപക്ഷ പാര്‍ടി നേതാക്കളും ചൊവ്വാഴ്ച വൈകിട്ടോടെ എത്തി. പൊളിറ്റ്ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, പിബി അംഗം ബൃന്ദ കാരാട്ട് എന്നിവര്‍ ചൊവ്വാഴ്ച പകല്‍ 12ന് എത്തി. മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ തിരുവനന്തപുരത്തുനിന്ന് റോഡുമാര്‍ഗമാണ് വന്നത്. കേരളത്തില്‍നിന്നുള്ള മറ്റ് പിബി അംഗങ്ങളായ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എം എ ബേബി, എ വിജയരാഘവന്‍, മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍പിള്ള തുടങ്ങിയ നേതാക്കളും മധുരയിലെത്തി.

     പിബി അംഗം മണിക് സര്‍ക്കാര്‍ തിങ്കളാഴ്ചയും സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ നേതൃത്വത്തില്‍ ബംഗാളില്‍നിന്നുള്ള പ്രതിനിധികളും ത്രിപുരയില്‍ നിന്നുള്ള പ്രതിനിധികളും ചൊവ്വാഴ്ച രാവിലെ എത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും റോഡ്-റെയില്‍-വ്യോമ മാര്‍ഗം നഗരത്തിലെത്തി. പ്രതിനിധികളെ സ്വീകരിക്കാനും താമസയിടങ്ങളില്‍ എത്തിക്കുന്നതിനുമായി വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. 

    പിബി അംഗങ്ങളായ ബി വി രാഘവുലു, ജി രാമകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, കെ ബാലകൃഷ്ണന്‍, പി സമ്പത്ത്, വിജൂ കൃഷ്ണന്‍, തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം, മധുര എംപിയും സംഘാടക സമിതി സെക്രട്ടറിയുമായ സു വെങ്കടേശന്‍ തുടങ്ങിയ നേതാക്കള്‍ വേദിയിലെത്തി ഒരുക്കം വിലയിരുത്തി. കേന്ദ്രകമ്മിറ്റി അംഗം മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്രകമ്മിറ്റി ഓഫീസിന്റെ പ്രവര്‍ത്തനങ്ങളും പാര്‍ടി കോണ്‍ഗ്രസ് വേദിയില്‍ സജീവമായി. പ്രതിനിധികളുടെ രജിസ്ട്രേഷന്‍ നടപടികളും മറ്റും പകല്‍ രണ്ടുമുതല്‍ തുടങ്ങി. പാര്‍ടി കോണ്‍ഗ്രസിനു മുമ്പായുള്ള അവസാന പിബി യോഗവും കേന്ദ്രകമ്മിറ്റി യോഗവും വൈകിട്ട് ചേര്‍ന്നു.

    jjh



  • Apr 02, 2025 10:42 IST

    മധുര നിറഞ്ഞ് കേരള മോഡല്‍

    മധുര: സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് മധുരയില്‍ തുടങ്ങുമ്പോള്‍ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനം കേരളത്തിലെ പാര്‍ട്ടി പ്രതിനിധികള്‍ക്കായിരിക്കും. കോണ്‍ഗ്രസില്‍ ആകെ 811 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതില്‍ 175 പേര്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളാണ്.

    പശ്ചിമ ബംഗാളിലും ത്രിപുരയിലും പെട്ടെന്നു തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട നിലയാണ് നിലവില്‍ സിപിഎം. അതിനാല്‍ തന്നെ രാജ്യത്ത് പാര്‍ട്ടി കരുത്തോടെ അവശേഷിക്കുന്ന ഏക പ്രദേശമെന്ന നിലയില്‍ കേരളമായിരിക്കും ശ്രദ്ധാ കേന്ദ്രം. കേരളം ഉള്‍പ്പെടെ ബിജെപി- ആര്‍എസ്എസിനു മുന്നില്‍ സിപിഎമ്മിന്റെ അടിത്തറ നഷ്ടപ്പെടുന്നുണ്ടെന്ന പാര്‍ട്ടി വിലയിരുത്തല്‍ കണക്കിലെടുക്കുമ്പോള്‍ ഇതിനു പ്രാധാന്യം ഏറും. എല്‍ഡിഎഫിന് മൂന്നാം തവണയും അനുയോജ്യമായ ഒരു രാഷ്ട്രീയ കാലാവസ്ഥ കേരളത്തില്‍ ഉറപ്പാക്കുക, സംസ്ഥാനത്ത് വീണ്ടും ഭരണത്തുടര്‍ച്ച ഉറപ്പാക്കുക എന്നതെല്ലാം പ്രധാന ചര്‍ച്ചാ വിഷയമാകും.

    ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടത്തില്‍ ബിജെപി- ആര്‍എസ്എസ് കൈകടത്തുന്നതിനാല്‍ അതിനനുസരിച്ച് സമീപനം പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് ഒരു കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ വോട്ട് അടിത്തറയില്‍ വിള്ളല്‍ തീര്‍ത്തു മുന്നേറുന്നുണ്ട്. ഈ വിഷയത്തിലും പാര്‍ട്ടി ഉചിതമായ തീരുമാനങ്ങള്‍ എടുക്കണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇടതുപക്ഷ വോട്ടര്‍മാര്‍ പോലും ബംഗാളില്‍ ടിഎംസിയെയാണ് ഇഷ്ടപ്പെടുന്നതെന്നു ബംഗാളില്‍ നിന്നുള്ള പ്രതിനിധി പറയുന്നു.

    നിലവില്‍ പശ്ചിമ ബംഗാളിലോ ത്രിപുരയിലോ സിപിഎമ്മിന് തിരിച്ചുവരവ് നടത്താന്‍ കഴിയില്ല. അത്തരമൊരു ഘട്ടത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാം തവണയും അധികാരം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മറ്റ് രണ്ട് തന്ത്ര പ്രധാന സംസ്ഥാനങ്ങളിലെ മാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ പാര്‍ട്ടിയെ അത് പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയും ബംഗാളില്‍ നിന്നുള്ള പ്രതിനിധി പങ്കിടുന്നു.

    ബംഗാളില്‍ ടിഎംസിയാണ് ബിജെപിക്കു ബദലായി പലരും കാണുന്നത്. പാര്‍ട്ടി കേഡര്‍മാര്‍ പോലും തൃണമൂലിന് വോട്ട് ചെയ്യുന്നു. ടിഎംസിയോടുള്ള സമീപനം പുനഃപരിശോധിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പശ്ചിമ ബംഗാള്‍ സിപിഎമ്മിന് അത്ര താത്പര്യമില്ല. ഒരു സിസി അംഗം ചൂണ്ടിക്കാട്ടി.

    രാഷ്ട്രീയ പ്രമേയത്തിലും സംഘടനാ റിപ്പോര്‍ട്ടിലും നടക്കുന്ന ചര്‍ച്ചകള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ബഹുജന അടിത്തറ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചായിരിക്കും. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം ത്രിപുരയില്‍ പാര്‍ട്ടിക്കു ഒരു പുരോഗതിയും കൈവരിക്കാന്‍ കഴിയില്ല. പാര്‍ട്ടി കേഡര്‍മാര്‍ വ്യാപകമായ ആക്രമങ്ങള്‍ക്കാണ് അവിടങ്ങളില്‍ വിധേയരാകുന്നത്. അതിനാല്‍ അവര്‍ വോട്ട് ചെയ്യാന്‍ പോലും എത്തുന്നില്ല.

    സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, ഓഹരി വിറ്റഴിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി പുതിയ സംരംഭങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കേരള സര്‍ക്കാരിന്റെ അഭിലാഷമായ നവ കേരള പദ്ധതിക്ക് പാര്‍ട്ടി അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ നയമാറ്റം വലിയ ചര്‍ച്ചയാകും. പുതിയ രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്ത് ഇന്ത്യ സഖ്യത്തോടുള്ള രാഷ്ട്രീയ സമീപനം പുനഃസ്ഥാപിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ് ചര്‍ച്ചയ്ക്കു വരുന്ന മറ്റൊരു സുപ്രധാന വിഷയം.

    പ്രതിപക്ഷ സഖ്യത്തിന് വ്യക്തതയില്ലെന്നു പൊളിറ്റ്ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, പ്രതിപക്ഷ സഖ്യത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടം നഷ്ടപ്പെടുമെന്ന ആശങ്കയും രാഷ്ട്രീയ പ്രമേയത്തിന്റെ പ്രാരംഭ കരടില്‍ പങ്കിടുന്നുണ്ട്. കേരളത്തിലും പശ്ചിമ ബംഗാളിലും ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികളായ കോണ്‍ഗ്രസിനും ടിഎംസിക്കും എതിരെ സിപിഎം പോരാടുന്നുണ്ടെന്നതും ചര്‍ച്ചകളില്‍ പരിഗണിക്കും.

    കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ ഫലപ്രദമായി എങ്ങനെ നേരിടാം, സാമ്പത്തിക പരിമിതികള്‍ കണക്കിലെടുത്ത് ഫെഡറലിസത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ എന്നിവയും ചര്‍ച്ചകളില്‍ പ്രധാന വിഷയമാകും. ബഹുജന, വര്‍ഗ സമരങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതടക്കമുള്ള മുന്‍കാല തീരുമാനങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് പരിമിതമായ രാഷ്ട്രീയ ഇടം മാത്രമുള്ളതിനാല്‍, ദേശീയ ബദലായി കേരള മാതൃക എന്നതും പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രധാന ചര്‍ച്ചയാകും.

    ഇത് മൂന്നാം തവണയാണ് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. 1972ല്‍ മധുരയില്‍ കോണ്‍ഗ്രസ് നടന്നപ്പോള്‍ സിപിഎം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടമായിരുന്നു. വീണ്ടും മധുരയില്‍ മറ്റൊരു കോണ്‍ഗ്രസ് നടക്കുമ്പോള്‍ ഇവിടെ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പാര്‍ട്ടിയുടെ ഭാവി വളര്‍ച്ചയിലും പ്രസക്തിയിലും നിര്‍ണായക പങ്കുണ്ടാകും.

    hhj



  • Apr 02, 2025 07:40 IST

    പിബി അംഗങ്ങള്‍ക്ക് മേല്‍ നിയന്ത്രണം; സംഘടനാ റിപ്പോര്‍ട്ടില്‍ കേരളത്തിന് പുകഴ്ത്തല്‍

    മധുര: പിബി അംഗങ്ങള്‍ക്ക് മേല്‍ നിയന്ത്രണം വരുന്നു. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം ഓരോ വര്‍ഷവും വിലയിരുത്തും. പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പാര്‍ലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു. പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരുന്നില്ലെന്നും സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

    സോഷ്യലിസം പ്രചരിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍, നഗരങ്ങളില്‍ പാര്‍പ്പിട മേഖലകളിലേക്ക് ഇറങ്ങി ചെല്ലണമെന്നും നിര്‍ദേശിക്കുന്നു. പല സംസ്ഥാന ഘടകങ്ങളും കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും പ്രായപരിധി കാരണം പിരിയുന്നവര്‍ക്ക് ചില സംസ്ഥാനങ്ങള്‍ ചുമതല നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കേരളത്തെ പുകഴ്ത്തുന്ന സംഘടന റിപ്പോര്‍ട്ടില്‍ പ്രായപരിധിയില്‍ ഇളവിന് നിര്‍ദ്ദേശം നല്‍കുന്നില്ല.

    ആശാ പ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇവര്‍ക്കായി തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയെ എതിര്‍ക്കുന്നവരുമായി ആശാവര്‍ക്കര്‍മാര്‍ ചേര്‍ന്നുനില്‍ക്കുന്നു. പാര്‍ട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പോലും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ആശാ വര്‍ക്കര്‍മാരെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കേരളത്തില്‍ ശ്രമമില്ല. കര്‍ണാടക ആന്ധ്ര സംസ്ഥാനങ്ങളാണ് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിയത്. ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍ അടക്കമുള്ളവരെ സംഘടിപ്പിക്കുന്നത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.



  • Apr 01, 2025 18:35 IST

    മധുര മാരിയറ്റ് ഹോട്ടല്‍ 6ദിനം മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസാകും

    മധുര: സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ മധുരയിലെത്തി. മധുര മാരിയറ്റ് ഹോട്ടല്‍ ഇനിയുള്ള ആറു ദിവസം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവര്‍ത്തിക്കും. 

    മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയിലെത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ അതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഗാര്‍ഡ് ഓഫ് ഓര്‍ഡര്‍ നല്‍കിയാണ് പൊലീസ് സ്വീകരിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം, മധുര എം പി സു വെങ്കിടേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തമിഴ്‌നാട് പാര്‍ട്ടി ഘടകവും കേരള മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കി. സി പി എമ്മിന്റെ മന്ത്രിമാരില്‍ വീണ ജോര്‍ജ്ജും വി അബ്ദുറഹിമാന്‍ ഒഴികെയുള്ള ഒമ്പത് മന്ത്രിമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

    സീതാറാം യെച്ചൂരി നഗറില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തുന്ന തോടുകൂടിയാണ് ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമാവുക. പുതിയ ജനറല്‍ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് തന്നെയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിനെ ശ്രദ്ധേയമാക്കുക. സി പി എം ജനറല്‍ സെക്രട്ടറി ആകാനുള്ള സാധ്യതയില്‍ എം എ ബേബിയാണ് മുന്നിലെന്നാണ് സൂചന. 

    മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ദാവലെയുടെ പേരും പാര്‍ട്ടി പരിഗണനയിലുണ്ട്. കേന്ദ്ര നേതൃത്വത്തില്‍ സംഘടനാ ചുമതല വഹിക്കുന്ന മുതിര്‍ന്ന നേതാവ് എന്നതാണ് എം എ ബേബിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയേറ്റുന്നത്. കേരള നേതൃത്വത്തിനും ബേബിയോട് ഇപ്പോള്‍ കാര്യമായ അകല്‍ച്ചയില്ല എന്നതും ഗുണമായേക്കും. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയതാണ് അശോക് ദാവലെക്ക് ഗുണമായിട്ടുള്ളത്.

    പി ബിയിലേക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ വേണ്ട എന്നാണ് തീരുമാനം എങ്കിലും വനിത പ്രാധിനിധ്യം കൂട്ടാന്‍ തീരുമാനിച്ചാല്‍ കെ കെ ശൈലജ എത്തിയേക്കും. അതേസമയം സി പി എമ്മിന് വനിതാ ജനറല്‍ സെക്രട്ടറി ഉണ്ടാകുമെന്ന പ്രചാരണം തള്ളിയ ബ്രിന്ദ കാരാട്ട് പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിയും എന്നും വ്യക്തമാക്കിയിട്ടുണ്ട്. 

    മുഖ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരുന്നു. തുടര്‍ന്നും ഇളവ് നല്‍കുന്നതില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും. ബംഗാള്‍ ഘടകത്തിന്  അസ്വാരസ്യം ഉണ്ടെങ്കിലും പി ബിയില്‍ എതിര്‍ക്കാന്‍ ഇടയില്ല. മണിക് സര്‍ക്കാര്‍ സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, പി രാമകൃഷ്ണന്‍, ബ്രിന്ദ കാരാട്ട് അടക്കം നേതൃ നിരയില്‍ നിന്ന് 7 പേര് ഇക്കുറി ഒഴിഞ്ഞേക്കുമെന്നാണ് വ്യക്തമാകുന്നത്. 

    പകരം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മലയാളി വിജു കൃഷ്ണന്‍, യൂ വാസുകി, മറിയം ദാവളെ, ബംഗാളില്‍ നിന്ന് സുജന്‍ ചക്രവര്‍ത്തി, ത്രിപുരയില്‍ നിന്ന് മണിക്ക് സര്‍ക്കാരിന്റെ പകരക്കാരന്‍ ആയി ജിതേന്ദ്ര ചൗധരി, സുഭാഷിണി അലിക്ക് പകരം കേരളത്തില്‍ നിന്ന് വനിതയെ പരിഗണിച്ചാല്‍ കെ കെ ശൈലജയും പി ബിയില്‍ എത്തിയേക്കും. 

     



  • Apr 01, 2025 18:33 IST

    സിപിഎമ്മില്‍ നേതൃത്വ പ്രതിസന്ധിയില്ല: എം എ ബേബി

    മധുര: സിപിഎമ്മില്‍ നേതൃത്വ പ്രതിസന്ധി ഇല്ലെന്ന് പിബി അംഗം എം എ ബേബി. താന്‍ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്റെയും പാര്‍ട്ടിയുടെയും ശത്രുക്കള്‍ ആണെന്നും എം എ ബേബി പറഞ്ഞു. പാര്‍ട്ടി കൂട്ടായ നേതൃത്വത്തില്‍ മുന്നോട്ട് പോകും. തുടര്‍ച്ച ഉറപ്പാക്കുകയും പുതുനിരയെ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്യുമെന്ന് എം എ ബേബി കൂട്ടിച്ചേര്‍ത്തു.

    എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി ആകാനുള്ള സാധ്യതയേറുമ്പോള്‍ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ നാളെ തുടക്കമാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ദാവലെയുടെ പേരും പാര്‍ട്ടി പരിഗണനയിലുണ്ട്. പി ബിയിലേക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ പേര് വേണ്ട എന്നാണ് തീരുമാനമെങ്കിലും വനിത പ്രാധിനിധ്യം കൂട്ടാന്‍ തീരുമാനിച്ചാല്‍ കെ കെ ശൈലജ എത്തിയേക്കും. അതേസമയം സിപിഎമ്മിന് വനിതാ ജനറല്‍ സെക്രട്ടറി ഉണ്ടാകുമെന്ന പ്രചാരണം തള്ളിയ ബൃന്ദ കാരാട്ട് പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിയുമെന്നും വ്യക്തമാക്കി.



  • Apr 01, 2025 15:14 IST

    ബൂര്‍ഷ്വാ പാര്‍ട്ടികളെ കൂട്ടുപിടിച്ച് സ്ഥാനമാനങ്ങള്‍ നേടാന്‍ ശ്രമമെന്ന് സിപിഎം

    മധുര:പാര്‍ലമെന്ററി വ്യാമോഹം ചെറുക്കാനാകാതെ പാര്‍ട്ടി നില്‍ക്കുന്നുവെന്ന് സിപിഎം. പാര്‍ലമെന്റി താല്പര്യം വര്‍ഗ്ഗസമരത്തെയും ബാധിക്കുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവലോകന റിപ്പോര്‍ട്ടിലാണ് നേതാക്കളെ വിമര്‍ശിക്കുന്നത്. 

    പണമുള്ളവരുടെ കൂടെ പാര്‍ട്ടി നേതാക്കള്‍ നില്‍ക്കുന്ന പ്രവണത കൂടുകയാണ്. ബൂര്‍ഷ്വാ പാര്‍ട്ടികളെ കൂട്ടുപിടിച്ച് സ്ഥാനമാനങ്ങള്‍ നേടാനുള്ള വഴി തേടുകയാണ്. ഉപരിവര്‍ഗ്ഗത്തിനെതിരായ സമരം ഇതുകാരണം ഉപേക്ഷിക്കുകയാണെന്നും അവലോകന റിപ്പോര്‍ട്ടി പറയുന്നു. ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സംഘടിപ്പിക്കാനും അവര്‍ക്കായി സമരം ചെയ്യാനും പാര്‍ട്ടിക്ക് കഴിയുന്നില്ല.

    പാര്‍ട്ടിയില്‍ പിന്തിരിപ്പന്‍ ചിന്താഗതി വര്‍ദ്ധിക്കുകയാണെന്നും ധനികരുമായും അധികാര വര്‍ഗ്ഗവുമായും ഏറ്റുമുട്ടാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടി പറയുന്നു. പാര്‍ലമെന്ററി വ്യാമോഹം കാരണം മേല്‍കമ്മിറ്റികളും ഉപരിവര്‍ഗ്ഗവുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയാണെന്നും തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ പാര്‍ട്ടിയുടെ സ്വാധീനമിടഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



cpim party congress