/kalakaumudi/media/media_files/2024/11/06/NRrlJzWOCzAoqNTb56hi.jpg)
രാജസ്ഥാനിലെ രണ്‍ധംബോര്‍ ദേശീയ പാര്‍ക്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായത് 25 കടുവകളെ. 75 കടുവകളുണ്ടായിരുന്നതില്‍ 25 എണ്ണത്തെ കാണാതായതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ഇതാദ്യമായാണ് ഒരു വര്‍ഷത്തിനിടെ ഇത്രയധികം കടുവകളെ കാണാതാകുന്നത്. നേരത്തെ 2019 ജനുവരിക്കും 2022 ജനുവരിക്കുമിടയില്‍ 13 കടുവകളെ കാണാതായിരുന്നു. കടുവകള്‍ അപ്രത്യക്ഷമായ സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ രാജസ്ഥാന്‍ വന്യജീവി വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് രാജസ്ഥാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പവന്‍ കുമാര്‍ ഉപാധ്യായ് പറഞ്ഞു.
ഇക്കൊല്ലം മേയ് 17നും സെപ്റ്റംബര്‍ മുപ്പതിനും ഇടയില്‍ കാണാതായ 14 കടുവകളെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഒരു കൊല്ലമായിട്ട് 11 കടുവകളെ കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍മാസം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് 14 കടുവകളെ കൂടി ഇപ്പോള്‍ കാണാതായിരിക്കുന്നത്.
അതേസമയം, കടുവകളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ ദേശീയ പാര്‍ക്ക് വെല്ലുവിളികള്‍ നേരിട്ടിരുന്നതായും കടുവകള്‍ അവനവന്റെ ആവാസവ്യവസ്ഥയ്ക്കായി പരസ്പരം ഏറ്റുമുട്ടിയിരുന്നതായും രണ്‍ധംബോര്‍ അധികൃതര്‍ പറഞ്ഞു. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നേരത്തെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായ 40 കടുവകളെയാണ് രണ്‍ധംബോറില്‍ പാര്‍പ്പിക്കാന്‍ കഴിയുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
