/kalakaumudi/media/media_files/2025/01/29/Q4uRJ1OEhkafBhTfLF5o.jpg)
Rep. Img
പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിച്ചതായി സ്ഥിരീകരണം. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായും ഉത്തര്‍പ്രദേശ് ഡി.ഐ.ജി വൈഭവ് കൃഷ്ണ പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം.
ഭക്തരുടെ വന്‍കൂട്ടം തിക്കിലും തിരക്കിലും ബാരിക്കേഡ് മറികടന്നതോടെ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. തിരക്കില്‍പ്പെട്ട് ആളുകള്‍ നിലത്തുവീണു. അവരെ എഴുന്നേല്‍പിക്കാന്‍ പോലും സാധിക്കാത്ത വിധം കൂടുതല്‍പേര്‍ അതിനു മുകളിലേക്കു വീണു. ബഹളത്തില്‍ ആശയക്കുഴപ്പമുണ്ടായ ജനം ചിതറിയോടിയത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടെ സ്നാനം പൂര്‍ത്തിയായി മടങ്ങുന്നവര്‍ക്ക് പുറത്തു കടക്കാനുള്ള പാതയില്‍ തിരക്ക് അനിയന്ത്രിതമായതും സ്ഥിതി വഷളാക്കി.
144 വര്‍ഷത്തിനു ശേഷം നടക്കുന്ന മഹാകുംഭമേളയിലെ പ്രധാന വിശേഷമായിരുന്നു അപൂര്‍വമായ 'ത്രിവേണി യോഗ' ആകാശ വിന്യാസം. ഈ സമയത്തെ സ്നാനത്തിനാണ് ജനങ്ങള്‍ എത്തിയത്. 10 കോടി തീര്‍ഥാടകരെങ്കിലും മൗനി അമാവാസിയിലെ 'അമൃത് സ്നാനം' നടത്താന്‍ എത്തുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിലും വളരെക്കൂടുതല്‍ പേര്‍ എത്തിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.
'ത്രിവേണി യോഗ' ആകാശ വിന്യാസ ദിവസം പുണ്യനദികളിലെ ജലം അമൃത് ആയി മാറുമെന്നാണു വിശ്വാസം. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ എന്നിവയുടെ പ്രത്യേക വിന്യാസമാണ് 'ത്രിവേണി യോഗ' ആകാശ വിന്യാസം.
ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനമാണ് ത്രിവേണീസംഗമം. മൗനി അമാവാസി ദിനത്തില്‍ ഇവിടെ സ്നാനം നടത്തുന്നത് വിശുദ്ധമാണെന്നാണ് വിശ്വാസം. സന്യാസി, ബൈരാഗി, ഉദസീന്‍ എന്നീ മൂന്ന് അഖാഡകളില്‍പെട്ട സന്യാസിമാര്‍ ഘോഷയാത്രയായി എത്തി ഒരു നിശ്ചിത ക്രമത്തില്‍ ഗംഗയില്‍ സ്നാനം നടത്തുന്നതാണ് ചടങ്ങ്. പിന്നാലെ വിശ്വാസികളും സ്നാനം നടത്തും. ഇത്രയധികം ജനങ്ങള്‍ സംഗമസ്ഥാനത്തേക്ക് എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി വര്‍ധിക്കുകയായിരുന്നു.
എന്നാല്‍ തിരക്ക് വര്‍ധിക്കുകയും അപകട വാര്‍ത്ത പരക്കുകയും ചെയ്തതോടെ നിരവധി ഭക്തര്‍ സ്നാനം നടത്താതെ മടങ്ങി. ത്രിവേണീസംഗമത്തിലേക്ക് പോകുകയായിരുന്ന നിരവധി അഖാഡകള്‍, സ്നാനം നടത്തുന്നതു നിര്‍ത്തിവച്ചു. അഖില ഭാരതീയ അഖാഡ പരിഷത്തും ജുന അഖാഡ നരേന്‍ ഗിരിയും പഞ്ചായത്ത് മഹാനിര്‍വാണിയും ത്രിവേണീസംഗമത്തിലെ സ്നാനം ഒഴിവാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
തിക്കിലും തിരക്കിലും പരുക്കേറ്റവരെ പുറത്തെത്തിക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ മുന്‍പിലെ വെല്ലുവിളി. നിരവധി ആംബുലന്‍സുകള്‍ ഘാട്ടിലേക്കു കുതിച്ചെത്തിയെങ്കിലും കോടിക്കണക്കിന് ആളുകള്‍ വന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ത്രിവേണീസംഗമത്തിനു സമീപത്തേക്ക് അവയെത്തിക്കുക പ്രയാസമായിരുന്നു. പരുക്കേറ്റവരിലേറെയും സ്ത്രീകളാണെന്നാണ് സൂചന. തിങ്ങിനിറഞ്ഞ ഭക്തരുടെ ഇടയിലൂടെ പരുക്കേറ്റവരെ പുറത്തെത്തിക്കാന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടി.
പരുക്കേറ്റവരെ കുംഭമേള മൈതാനത്തു സജ്ജീകരിച്ച സെന്‍ട്രല്‍ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്.