/kalakaumudi/media/media_files/2025/04/07/rQJEQgVIytoEspKIFNzI.jpg)
മുംബൈ:ശ്രീനാരായണ മന്ദിരസമിതി സംഘടിപ്പിച്ച വിവാഹ ബാന്ധവ മേള എൻപിസിഐഎൽ ശാസ്ത്രജ്ഞനായ പി.എ. സുരേഷ്ബാബു ഉദ്ഘാടനംചെയ്തു. വിവാഹം രണ്ടു കുടുംബത്തിന്റെയും രണ്ട് സംസ്കാരത്തിന്റെയും ഒത്തുചേരലാണെന്ന് സുരേഷ്ബാബു പറഞ്ഞു. വിവാഹ ബന്ധങ്ങൾ ജീവിതകാലം മുഴുവൻ വിട്ടുവീഴ്ചകളോടും പരസ്പരധാരണയോടുംകൂടി കൊണ്ടു പോകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ദിര സമിതി നടത്തുന്ന ഈ സത്കർമത്തിൽ അനേകം പേർക്കാണ് മംഗല്യ ഭാഗ്യമുണ്ടാകുന്നതെന്ന് യുവതീയുവാക്കളെ ആശംസിച്ച വേളയിൽ സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ പറഞ്ഞു. മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിൽ നിന്നും ജബൽപുർ, ഗുജറാത്ത് ഡൽഹി കൂടാതെ കേരളം എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളായ യുകെ, അയർലൻഡ്, ജർമനി, ദുബായ് എന്നിവിടങ്ങളിൽ നിന്നും യുവതീയുവാക്കൾ പങ്കെടുക്കുന്നുണ്ടെന്നും യുവതീയുവാക്കളെ ആശംസിച്ച വേളയിൽ സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അറിയിച്ചു. പങ്കെടുത്ത ഓരോരുത്തരും വിവാഹബാന്ധവമേളയെ പ്രശംസിച്ചു. വിവാഹസ്വപ്നം പൂവണിയുന്നതിന് ഇത്തരം മേളകൾ യുവതീ യുവാക്കളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണെന്നും അഭിപ്രായപ്പെട്ടു.
ഗുജറാത്തിൽ നിന്നെത്തിയ 29 വയസ്സുകാരി സ്മിതയും അനുഭവം പങ്ക് വച്ചു . ഒരു ദിവസം കൊണ്ട് തന്നെ കുറെ അനുയോജ്യരായവരെ കണ്ടെത്താൻ സാധിച്ചുവെന്നും മാറിയ ജീവിത സാഹചര്യത്തിൽ ഇങ്ങനെയുള്ള സംരംഭങ്ങൾ യുവതിയുവാക്കൾക്കും ഒപ്പം മാതാപി താക്കൾക്കും ഏറെ ഗുണപരമാണെന്നും അഭിപ്രായപ്പെട്ടു. 32 വയസ്സുകാരനായ റോഷൻ കുറെ നാളുകളായി അനുയോജ്യരായ പങ്കാളിയെ തേടുകയായിരുന്നു. കുറെയേറെ വിവാഹ മാധ്യമങ്ങളിൽ കൂടി ശ്രമിച്ചെങ്കിലും ഒന്നും ശരിയാകാതെ വന്നപ്പോഴാണ് മന്ദിരസമിതി വിവാഹ ബാന്ധവ മേളയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. പങ്കെടുത്ത ആദ്യ ദിവസം തന്നെ അനുയോജ്യരായ നിരവധി പേരെയാണ് അറിയാനും പരിചയപ്പെടാനും കഴിഞ്ഞതെന്നും റോഷൻ പറഞ്ഞു. ആദ്യകാലങ്ങളെ അപേക്ഷിച്ചു ഇത്തവണയും യുവാക്കളുടെ രജിസ്ട്രേഷൻ ആണ് കൂടുതലെന്നും അവരുടെ വിദ്യാഭ്യാസ യോഗ്യത വർധിച്ചു വരുന്നതായും വയസ്സിന്റെ അനുപാതം കൂടിവരുന്നതായും കിട്ടിയ രജിസ്ട്രേഷനിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞെന്നു സമിതി ജനറൽ സെക്രട്ടറി ഒ.കെ പ്രസാദ് സ്വാഗതപ്രസംഗത്തിനിടയിൽ പറഞ്ഞു. 46 - മത് വിവാഹ ബാന്ധവമേളയ്ക്ക് വി വി ചന്ദ്രൻ, പ്രിത്വിരാജ്,കൺവീനർ സുനിൽ സുകുമാരൻ, സെക്രട്ടറി ശശാങ്കൻ,മനു മോഹൻ, അനിൽ കുമാർ, പങ്കജാക്ഷൻ, തമ്പാൻ, പവിത്രൻ, ഐശ്വര്യ, രജിത, രാഹുൽ, ബിനി പ്രദീപ്, Dr. ശ്യാമ, ഓഫീസ് സ്റ്റാഫ് ബീന, വിഷ്ണു, ജീവൻ കൂടാതെ സമിതി ഭാരവാഹികളായ മായ സഹജൻ, എൻ എസ് രാജൻ, കമലനാന്ദൻ എന്നിവർ നേതൃത്വം നൽകി.