ജയ്പൂര്‍: ജയ്പൂരില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ അഞ്ചു പേർ വെന്തു മരിച്ചു.രാസവസ്തു കയറ്റി വന്ന ട്രക്ക് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് വൻ തീപിടിത്തമുണ്ടായത്. സംഭവത്തിൽ 37 പേര്‍ക്ക് പരിക്കേറ്റു. ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തില്‍ മുപ്പതോളം ട്രക്കുകളും മറ്റ് വാഹനങ്ങളും അഗ്‌നിക്കിരയായതായി പൊലീസ് പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് വന്‍ അഗ്നിബാധയാണ് ഉണ്ടായത്. അഗ്നിശമന വാഹനങ്ങള്‍ക്ക് തീപിടിച്ച വാഹനങ്ങളുടെ സമീപമെത്താന്‍ കഴിഞ്ഞിരുന്നില്ല. വളരെ ബുദ്ധിമുട്ടിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം പ്രദേശത്ത് മൂന്ന് പെട്രോള്‍ പമ്പുകളുണ്ട്. അവയെല്ലാം സുരക്ഷിതമാണെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
പരിക്കേറ്റ് എസ്എംഎസ് ആശുപത്രിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ സന്ദര്‍ശിച്ചു. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ വൈദ്യചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.