/kalakaumudi/media/media_files/2025/08/03/quary-2025-08-03-16-25-02.jpg)
അമരാവതി: ആന്ധ്രാ പ്രദേശിലെ ബപത്ല ജില്ലയിലെ ഗ്രാനൈറ്റ് ക്വാറിയിലുണ്ടായ അപകടത്തില്‍ ഒഡീഷയില്‍ നിന്നുള്ള ആറു തൊഴിലാളികള്‍ മരിച്ചു. ബല്ലിക്കുരവയ്ക്കടുത്തുള്ള സത്യകൃഷ്ണ ഗ്രാനൈറ്റ് ക്വാറിയില്‍ പാറയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. പാറ ഇടിഞ്ഞുവീഴുമ്പോള്‍ 16 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്തു വച്ചു തന്നെയാണ് 6 പേര്‍ മരിച്ചത്. 10 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടു തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാലു മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. പരുക്കേറ്റവരെ നരസറോപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ക്വാറിയിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും അപകട കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പരുക്കേറ്റ തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.