ജമ്മുകശ്മീരിലെ പേമാരി; മരണം 41 ആയി

ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോട് കൂടിയാണ് ദുരന്തമുണ്ടായത്.

author-image
Biju
New Update
kashmir

ശ്രീനഗര്‍: ജമ്മുകശ്മീരിലെ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 41 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേരും വൈഷ്‌ണോദേവീ തീര്‍ഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ടവരാണ്. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിനെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായിട്ടുണ്ട്.

ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോട് കൂടിയാണ് ദുരന്തമുണ്ടായത്. മൂന്ന് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്ത്. തവി നദി കരകവിഞ്ഞ് ഒഴുകുകയാണ്. നദിയുടെ ഇരുകരകളിലും താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 30 ഓളം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ബാധിതമാണ്.

താവി, ചാക്കി നദികള്‍ കരവിഞ്ഞൊഴുകിയതോടെ റോഡ്, റെയില്‍ ഗതാഗതവും പ്രതിസന്ധിയിലായി. ശക്തമായ ഒഴുക്ക് കാരണം തവി പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു. നിരവധി വാഹനങ്ങളാണ് ഈ പാലത്തില്‍ കുടുങ്ങി കിടക്കുന്നത്. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ മണ്ണിടിച്ചിലുമുണ്ടായി. റോഡ് ഗതാഗതവും , റെയില്‍ ഗതാഗതവും താറുമാറായി. 7 ട്രെയിനുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

പഞ്ചാബിലെ നിരവധി ഗ്രാമങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. ബിയാസ് , സത്‌ലജ് നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പത്താന്‍കോട്ടിലെ മധോപൂരില്‍ കുടുങ്ങി കിടന്ന സി ആര്‍ പി എഫ് ജവാന്‍ മാരെ സൈന്യം രക്ഷിച്ചു. അമൃത്സറില്‍ ആളൊഴിഞ്ഞ മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു. പത്താന്‍കോട്ട്, ഹോഷിയാര്‍പൂര്‍, ഗുരുദാസ്പൂര്‍ എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്ത്.

ഹിമാചല്‍ പ്രദേശിലും മഴമൂലം കനത്ത നാശ നഷ്ടമുണ്ടായി . സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 310 ആയി. 324 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു , മൂന്ന് ദേശീയപാതകള്‍ അടക്കം 400 ലധികം റോഡുകളിലെ ഗതാഗതം സ്തംഭിച്ചു. ഉത്തരാഖണ്ഡില്‍ ഓഗസ്റ്റ് 29 വരെ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തി.