രാജ്യത്തുടനീളം 49000 കോടി രൂപ ചിലവില്‍ 75 ടണല്‍ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നതായി കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. വേള്‍ഡ് ടണല്‍ ഡേ- 2024 സമ്മേളനത്തില്‍ സുരക്ഷിതവും സുസ്ഥിരവുമായ തുരങ്കനിര്‍മ്മാണത്തെക്കുറിച്ചു് സംസാരിക്കവേയാണ് ഗഡ്കരി ഇന്ത്യയുടെ തുരങ്ക ഗതാഗത മേഖലയിലെ പുരോഗതികള്‍ വിശദീകരിച്ചത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ആണ് തുരങ്കപാതകളുടെ നിര്‍മാണച്ചുമതല.
ലോകോത്തര നിലവാരമുള്ള തുരങ്കപാതകളുടെ നിര്‍മാണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയര്‍ത്തുന്നതില്‍ ആഗോള നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക സ്വാധീനമുണ്ടാക്കും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായും ഗഡ്കരി പറഞ്ഞു.
75 ടണലുകളില്‍ 35 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇത് 49 കിലോമീറ്റര്‍ വരും. 20000 കോടി രൂപയാണ് ഈ 35 ടണലുകളുടെ നിര്‍മാണച്ചിലവ്. 75 ടണലുകള്‍ പൂര്‍ത്തിയാകുന്നതോടെ 146 കിലോമീറ്റര്‍ ദൂരമാകും. ഇതിനായി മൊത്തം 49000 കോടി ചിലവ് വരും. ഇത് കൂടാതെ 285 കിലോമീറ്ററില്‍ 78ഓളം ടണലുകളുടെ നിര്‍മാണത്തിനും പദ്ധതിയുണ്ട്. 1.10 ലക്ഷം കോടി രൂപ ചിലവ് വരുന്ന പദ്ധതികള്‍ സമീപഭാവിയില്‍ത്തന്നെ ആരംഭിക്കും. ബ്രഹ്‌മപുത്ര നദിയിലെ പ്രധാന ടണല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ഗഡ്കരി പറഞ്ഞു.