ഇന്‍ഡസ് ലിപി വായിച്ചെടുക്കുന്നവര്‍ക്ക് 8.5 കോടി സമ്മാനം: സ്റ്റാലിന്‍

ഒരിക്കല്‍ സമ്പന്നമായി വളര്‍ന്ന സിന്ധുനദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട ഈ രേഖയിലെ ലിപി വ്യക്തമായി മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

author-image
Prana
New Update
indus script

ഒരു നൂറ്റാണ്ടിലേറെയായി ചുരുളഴിയാതെ കിടക്കുന്ന സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി (ഇന്‍ഡസ് സ്‌ക്രിപ്റ്റ്) വായിക്കുന്നവര്‍ക്ക് എട്ടരക്കോടി രൂപ (പത്ത് ലക്ഷം യുഎസ് ഡോളര്‍) സമ്മാനം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സിന്ധുനദീതട സംസ്‌കാരം കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.
ഒരിക്കല്‍ സമ്പന്നമായി വളര്‍ന്ന സിന്ധുനദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട ഈ രേഖയിലെ ലിപി വ്യക്തമായി മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗവേഷകര്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനായി, ഈ ലിപി സംബന്ധിച്ച സങ്കീര്‍ണതകള്‍ പരിഹരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പത്ത് ലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി നല്‍കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
ഏറ്റവും പഴക്കംചെന്ന സംസ്‌കാരങ്ങളിലൊന്നായ സിന്ധൂനദീതട സംസ്‌കാര കാലത്തെ എഴുത്ത് രീതി വായിച്ചെടുക്കാന്‍ ഏറെക്കാലമായി ഭാഷാചരിത്ര ഗവേഷകര്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍, സങ്കീര്‍ണതകള്‍ മറികടന്ന് അക്കാര്യത്തില്‍ വിജയംവരിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്റ്റാലിന്‍ വന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

 

Mk Stalin prize script indus valley civilization