/kalakaumudi/media/media_files/2025/01/24/83NykTbqAriIuEp79Vfo.jpg)
ബെംഗളൂരു നഗരത്തില്‍ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് 28കാരിയായ യുവതിയുടെ മൃതദേഹം കല്‍കെരെ തടാകത്തിനു സമീപം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.
ആറ് വര്‍ഷമായി ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു യുവതി. നഗരത്തിലെ സ്വകാര്യ അപാര്‍ട്‌മെന്റുകളില്‍ വീട്ടുജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ് ഇറങ്ങിയ യുവതി വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന്, നടത്തിയ തിരച്ചിലിലാണ് തടാകത്തിനു സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് നിയമപരമായാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍, കൊല്ലപ്പെട്ട യുവതിക്ക് പാസ്‌പോര്‍ട്ട് ഇല്ലായിരുന്നുവെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ ജോയിന്റ് കമ്മിഷണര്‍ രമേഷ് പറഞ്ഞു. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമത്തിനും കൊലപാതകത്തിനും കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.