/kalakaumudi/media/media_files/2025/01/30/mYTDiWecVy6YyvvtQsxw.jpg)
Supreme Court of India
ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികള്‍ക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ല. അയ്യപ്പ സംഗമ നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഇതിനിടെ ആഗോള അയ്യപ്പ സംഗമം മാതൃകയിലല്ല, ന്യൂനപക്ഷ സംഗമമാണെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. 2031ലെ വികസന മാതൃക തയാറാക്കാനായി നടത്തുന്ന വകുപ്പുതല സെമിനാറുകളുടെ ഭാഗം മാത്രമാണ് ന്യൂനപക്ഷ സെമിനാര്‍ എന്നാണ് വിശദീകരണം. എന്നാല്‍ സെമിനാറിന് ശേഷം സംഗമത്തിലേക്ക് കടക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ന്യൂനപക്ഷ വകുപ്പ് വ്യക്തമാക്കുന്നു.
ഹിന്ദു വിഭാഗങ്ങളെ പങ്കെടുപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ന്യൂനപക്ഷ വിഭാഗങ്ങളെ കോര്‍ത്തിണക്കാന്‍ ന്യൂനപക്ഷ സംഗമം. സര്‍ക്കാരിന്റെ ഈ തീരുമാനം തദ്ദേശനിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വര്‍ഗീയ നീക്കമാണെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും രണ്ടാണെന്ന വിശദീകരണവുമായി സര്‍ക്കാര്‍ എത്തിയത്.
വിവിധ വകുപ്പുകളുടെ വികസന മാതൃക പൊതുജന പങ്കാളിത്തത്തോടെ നിശ്ചയിക്കുകയാണ് ലക്ഷ്യം. അതില്‍ ഒന്ന് മാത്രമാണ് എറണാകുളത്ത് നടത്താന്‍ ലക്ഷ്യമിടുന്ന ന്യൂനപക്ഷ സെമിനാറെന്നാണ് വിശദീകരണം. ഇതിന് തയാറാക്കിയ ഉത്തരവും സര്‍ക്കാര്‍ പുറത്തുവിട്ടു.
എന്നാല്‍ സെമിനാറില്‍ ഉയരുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിപുലമായ സെമിനാര്‍ നടത്തണമെന്ന് ഉത്തരവിലുണ്ട്.ടൂറിസം, വ്യവസായം, ന്യൂനപക്ഷം, പ്രവാസികാര്യം പോലെ സര്‍ക്കാരിന് താല്‍പര്യമുള്ള മേഖലകളില്‍ പ്രത്യേക യോഗത്തിന് അത് അവസരമൊരുക്കും. അതുവഴി ന്യൂനപക്ഷ സംഗമത്തിന് കളമൊരുങ്ങുമെന്നാണ് വിലയിരുത്തുന്നത്.