വ്യാജ എംബസിയുടെ പേരില്‍ സന്ദര്‍ശിച്ചത് 40 രാജ്യങ്ങള്‍

ബ്രിട്ടന്‍, യുഎഇ, മൗറീഷ്യസ്, തുര്‍ക്കി, ഫ്രാന്‍സ്, ഇറ്റലി, ബള്‍ഗേറിയ, കാമറൂണ്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, പോളണ്ട്, ശ്രീലങ്ക, ബെല്‍ജിയം അടക്കം നാല്‍പതിലേറെ രാജ്യങ്ങളാണ് ഇയാള്‍ 10 വര്‍ഷത്തിനുള്ളില്‍ സന്ദര്‍ശിച്ചത്

author-image
Biju
New Update
emabasy

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ സാങ്കല്‍പ്പിക രാജ്യങ്ങളുടെ പേരില്‍ എംബസി ആരംഭിച്ചതിന് അറസ്റ്റിലായ 47കാരന്‍ 10 വര്‍ഷത്തിനുള്ളില്‍ സന്ദര്‍ശിച്ചത് 40 രാജ്യങ്ങളെന്ന് പൊലീസ്. തന്റെ പേരിലുള്ള തട്ടിക്കൂട്ട് കമ്പനികളിലൂടെ വിദേശ ജോലി തട്ടിപ്പ് നടത്തിയാണ് ഇയാള്‍ പണമുണ്ടാക്കിയത്. വ്യാഴാഴ്ചയാണ് പൊലീസ് ഹര്‍ഷ് വര്‍ധന്‍ ജെയിന്‍ എന്നയാളെ വ്യാജ എംബസി നടത്തിയതിന് പിടികൂടിയത്. നയതന്ത്ര പ്രതിനിധികള്‍ ഉപയോഗിക്കുന്ന 12 ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുകളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്.

ബ്രിട്ടന്‍, യുഎഇ, മൗറീഷ്യസ്, തുര്‍ക്കി, ഫ്രാന്‍സ്, ഇറ്റലി, ബള്‍ഗേറിയ, കാമറൂണ്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, പോളണ്ട്, ശ്രീലങ്ക, ബെല്‍ജിയം അടക്കം നാല്‍പതിലേറെ രാജ്യങ്ങളാണ് ഇയാള്‍ 10 വര്‍ഷത്തിനുള്ളില്‍ സന്ദര്‍ശിച്ചത്. ഉത്തര്‍ പ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കനി നഗറില്‍ വാടകയ്ക്ക് എടുത്ത ബംഗ്ലാവിലാണ് ഇയാള്‍ വ്യാജ എംബസി തയ്യാറാക്കിയത്. അന്വേഷണ സമയത്ത് വെസ്റ്റാര്‍ട്ടിക്കയുടെ അംബാസിഡര്‍ എന്നായിരുന്നു ഇയാള്‍ പൊലീസിനോട് വിശദമാക്കിയത്.

ഇയാളുടെ തട്ടിക്കൂട്ട് കമ്പനികളില്‍ ഏറിയതിലും ഇയാള്‍ തന്നെയാണ് നിര്‍ണായക പദവികള്‍ വഹിക്കുന്നത്. 10 വര്‍ഷത്തിനിടെ യുഎഇ മാത്രം 30 തവണയാണ് ഇയാള്‍ സന്ദര്‍ശിച്ചത്. വളരെ വിശാലമായ തട്ടിപ്പ് രീതിയാണ് ഇയാളുടേതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെസ്റ്റ് ആര്‍ക്ടിക്ക, സെബോര്‍ഗ, പൗള്‍വിയ, ലോഡോണിയ തുടങ്ങിയ സാങ്കല്‍പ്പിക രാജ്യങ്ങളുടെ പേരില്‍ വ്യാജ നയതന്ത്ര ദൗത്യം നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൈക്രോനേഷനുകള്‍ എന്ന് വിളിക്കപ്പെടുന്നവയുടെ കോണ്‍സല്‍ അംബാസഡര്‍ ആയി സ്വയം പരിചയപ്പെടുത്തിയ 47കാരന്‍, വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച കാറുകള്‍ ഉപയോ?ഗിച്ചെന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) വിശദമാക്കിയിരുന്നു. നാല് വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. 44,70,000 രൂപയും ഒന്നിലധികം രാജ്യങ്ങളുടെ വിദേശ കറന്‍സിയും കണ്ടെടുത്തു.

വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാജ സീലുകള്‍ പതിച്ച വ്യാജ രേഖകള്‍, രണ്ട് വ്യാജ പാന്‍ കാര്‍ഡുകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നുമുള്ള 34 വ്യാജ മുദ്രകള്‍, രണ്ട് വ്യാജ പ്രസ് കാര്‍ഡുകള്‍, ഇരകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള കമ്പനി രേഖകള്‍, അന്താരാഷ്ട്ര ജോലി നിയമനങ്ങള്‍, വ്യാജ നയതന്ത്ര പദവി എന്നിവയും റെയ്ഡില്‍ കണ്ടെടുത്തിരുന്നു.

 

Crime