/kalakaumudi/media/media_files/2025/04/13/xXOsKrHBtjgmIiV2mVJw.jpg)
വിശാഖപട്ടണം: അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തില്‍ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ 4 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അത്യുഗ്ര സ്‌ഫോടനം നടന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സ്ഫോടനത്തില്‍ പടക്കനിര്‍മാണ യൂണിറ്റ് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മരിച്ചവരെല്ലാം കാക്കിനട ജില്ലയിലെ സമര്‍ലകോട്ട നിവാസികളാണ്.
സംഭവസ്ഥലത്തെത്തിയ പൊലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെത്തിച്ചത്. 8 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് അധികൃതര്‍ പറയുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. സ്‌ഫോടനത്തിന്റെ കാരണം പൊലീസ് പരിശോധിക്കുകയാണ്. പടക്കനിര്‍മാണ യൂണിറ്റിന് ലൈസന്‍സ് ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.