തിരുപ്പതിയില്‍ ദുപ്പട്ട തട്ടിപ്പ്, നഷ്ടം 54 കോടി

ടിടിഡി ചെയര്‍മാന്‍ ബി.ആര്‍. നായിഡുവാണ് ദുപ്പട്ട തട്ടിപ്പിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നത്. തുടര്‍ന്ന് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഇതിലെ കണ്ടെത്തല്‍ അക്ഷരാര്‍ഥത്തില്‍ ടിടിഡിയെപ്പോലും ഞെട്ടിച്ചു

author-image
Biju
New Update
thiruppathi

അമരാവതി: ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദുപ്പട്ട (ഷോള്‍) തട്ടിപ്പ്. 54 കോടിയുടെ തട്ടിപ്പ് 2015-25 വരെയുള്ള കാലത്താണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭാവന നല്‍കുന്നവര്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കാനുമായി മള്‍ബറി സില്‍ക്ക് തുണികൊണ്ടുള്ള ദുപ്പട്ടയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എന്ന തിരുമല ക്ഷേത്രത്തിന്റെ ട്രസ്റ്റ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കരാറുകാരന്‍ നല്‍കിയതാകട്ടെ, 100% പോളിയെസ്റ്റര്‍ തുണി കൊണ്ടുള്ള ദുപ്പട്ടയും! ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. 

ടിടിഡി ചെയര്‍മാന്‍ ബി.ആര്‍. നായിഡുവാണ് ദുപ്പട്ട തട്ടിപ്പിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നത്. തുടര്‍ന്ന് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഇതിലെ കണ്ടെത്തല്‍ അക്ഷരാര്‍ഥത്തില്‍ ടിടിഡിയെപ്പോലും ഞെട്ടിച്ചു. ''350 രൂപയുടെ ഷോളിനാണ് അവര്‍ 1300 രൂപയുടെ ബില്‍ തന്നത്. ആകെ 50 കോടിക്കു മുകളില്‍ ചെലവിട്ടിട്ടുണ്ട്. സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണത്തിന് വിട്ടിട്ടുണ്ട്''  നായിഡു പറഞ്ഞു. കേന്ദ്ര സില്‍ക് ബോര്‍ഡിന്റെ (സിഎസ്ബി) ഉള്‍പ്പെടെ രണ്ട് ലബോറട്ടറികളിലേക്ക് ഈ ദുപ്പട്ടകള്‍ അയച്ച് പരിശോധന നടത്തിയിരുന്നു.

രണ്ടു പരിശോധനകളും ഈ തുണി പോളിയെസ്റ്റര്‍ ആണെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ശുദ്ധമായ പട്ടാണെന്ന് ഉറപ്പുവരുത്തി നിര്‍ബന്ധിതമായി പതിപ്പിക്കുന്ന സില്‍ക് ഹോളോഗ്രാമും ഈ ദുപ്പട്ടകളില്‍ ഇല്ലായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒരു കമ്പനിയും അതിന്റെ അനുബന്ധ കമ്പനികളുമാണ് ഈ കാലയളവില്‍ ദുപ്പട്ട നല്‍കാന്‍ കരാര്‍ ഏറ്റെടുത്തിരുന്നത്. അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് ഈ കമ്പനികളുമായുള്ള എല്ലാ കരാറുകളും ടിടിഡി ട്രസ്റ്റ് റദ്ദാക്കി. തിരുമല ക്ഷേത്രത്തില്‍നിന്ന് നല്‍കുന്ന ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന ആരോപണവും വന്നത് അടുത്തിടെയാണ്.