സുലൈമാന്‍ ഷായെ വധിക്കാന്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണം

സുലൈമാന്‍ ഷായുടെയും സംഘത്തിന്റെയും നീക്കത്തെ കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഈ മാസം ആദ്യം ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ലഭിച്ചു.

author-image
Biju
New Update
siula

ശ്രീനഗര്‍: ഓപ്പറേഷന്‍ മഹാദേവ് ദൗത്യത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്ത സുലൈമാന്‍ ഷായെ വധിച്ചത് ദിവസങ്ങളോളം നീണ്ടുനിന്ന തയാറെടുപ്പുകള്‍ക്ക് ശേഷമെന്ന് വിവരം. സൈനിക നടപടിയിലൂടെ വധിച്ച മൂന്ന് പേരും പാക്കിസ്ഥാന്‍ ഭീകരവാദികളാണ്. ഇവരില്‍നിന്ന് എകെ-47, യുഎസ് നിര്‍മിത എം-4 കാര്‍ബൈന്‍, റൈഫിളില്‍നിന്ന് പ്രയോഗിക്കാവുന്ന 17 ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ മറ്റൊരു ആക്രമണത്തിനായി തയാറെടുക്കുകയായിരുന്നു എന്നാണ് ഈ ആയുധശേഖരം സൂചിപ്പിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സുലൈമാന്‍ ഷായുടെയും സംഘത്തിന്റെയും നീക്കത്തെ കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഈ മാസം ആദ്യം ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. നേരിട്ടും ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും ഭീകരവാദികളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതോടെ ഇവരുടെ നീക്കങ്ങള്‍ മനസ്സിലാക്കുന്നത് എളുപ്പമായി. ഭീകരവാദികള്‍ ഉപയോഗിച്ച ചൈനീസ് നിര്‍മിത അള്‍ട്രാ ഹൈ ഫ്രീക്വന്‍സി റേഡിയോ ഉപയോഗിച്ചുള്ള ആശയവിനിമയത്തെ പറ്റിയുള്ള വിവരങ്ങളാണ് സുരക്ഷാസേനയ്ക്കു ലഭിച്ചത്. 

വിവരങ്ങള്‍ പിന്തുടര്‍ന്ന സുരക്ഷാസേന ഭീകരവാദികള്‍ ലിദ്വാസില്‍ മഹാദേവ കുന്നിനു സമീപം വനത്തിലൊളിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് ഓപ്പറേഷന്‍ മഹാദേവ് ആരംഭിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ചുള്ള ഭീകരവിരുദ്ധ നടപടിക്ക് ഇങ്ങനെയാണ് ഓപ്പറേഷന്‍ മഹാദേവ് എന്ന പേരു ലഭിച്ചത്. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. വനമേഖലയില്‍ പോരാട്ടം നടത്താനുള്ള ഗറില്ലാ യുദ്ധമുറകളില്‍ പരിശീലനം ലഭിച്ചവരായിരുന്നു ഭീകരവാദികള്‍.