/kalakaumudi/media/media_files/2025/01/30/aLVfz9Y3BoDt12WPhDs6.jpg)
Jayalalitha
ബെംഗളൂരു : അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാനുള്ള സിബിഐ കോടതി ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവെച്ചു. ജയലളിതയുടെ അവകാശികളായ ജെ ദീപക്, ജെ ദീപ എന്നിവര്‍ നല്‍കിയ എതിര്‍ ഹര്‍ജി തള്ളിയാണ് കര്‍ണാടക ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി 24 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ സ്വത്തുക്കള്‍ ബെംഗളൂരുവില്‍ നിന്ന് തമിഴ്നാട്ടിലേക്ക് തിരികെ നല്‍കാന്‍ തീരുമാനം ആയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിബിഐ കണ്ടുകെട്ടിയ ജെ ജയലളിതയുടെ സ്വത്തുക്കള്‍ തമിഴ്നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറണം എന്നാണ് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വെള്ളി, വജ്രാഭരണങ്ങള്‍, പതിനായിരത്തിലധികം സാരികള്‍, 1,562 ഏക്കര്‍ ഭൂമി എന്നിവയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയില്‍ നിന്നും സിബിഐ കണ്ടുകെട്ടിയിട്ടുള്ളത്. ഈ സ്വത്തുക്കള്‍ തമിഴ്‌നാടിന് തിരികെ നല്‍കാന്‍ നേരത്തെ സിബിഐ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായാണ് ജയലളിതയുടെ നിയമപരമായ അവകാശികളായ ജെ ദീപക്, ജെ ദീപ എന്നിവര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ഫെബ്രുവരി 14, 15 തീയതികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ വസ്തുവകകള്‍ കൈമാറണം എന്നാണ് കര്‍ണാടക ഹൈക്കോടതി അറിയിച്ചിട്ടുള്ളത്. ബംഗളൂരുവില്‍ നിന്നും ഈ സ്വത്തുക്കള്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കൃത്യമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കൈമാറ്റം വീഡിയോഗ്രാഫി ചെയ്യണമെന്നും തമിഴ്നാട് അഴിമതി വിരുദ്ധ വകുപ്പിനോട് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജയലളിതയുടെ വസതിയായ വേദനിലയം ഉള്‍പ്പെടെയുള്ളവയാണ് കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്ളത്. 27 കിലോയില്‍ അധികം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും വജ്ര ആഭരണങ്ങളും ഉള്‍പ്പെടെയുള്ളവയും ഭൂസ്വത്തുക്കളുടെ രേഖകളും വിലപിടിപ്പുള്ള 10000ത്തോളം സാരികളും ബംഗളൂരു ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്.