ആധാര്‍ പൗരത്വരേഖയായി കണക്കാക്കാനാകില്ല: സുപ്രീം കോടതി

വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി മറ്റുരേഖകള്‍ക്കൊപ്പം ആധാറിനെ കണക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

author-image
Biju
New Update
jh

Supreme Court of India

ന്യൂഡല്‍ഹി: പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീംകോടതി. ബിഹാറില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷം തയ്യാറാക്കിയ പട്ടികയില്‍ പേരുള്‍പ്പെടുത്താനായി പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. 

നിയമം അനുശാസിക്കുന്നതിനും അപ്പുറത്തേക്കുള്ള പദവിയിലേക്ക് ആധാര്‍ കാര്‍ഡിനെ ഉയര്‍ത്താനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി മറ്റുരേഖകള്‍ക്കൊപ്പം ആധാറിനെ കണക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

കരട് വോട്ടര്‍ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്തായ 65 പേരുടെ ആധാര്‍ കാര്‍ഡ് കോടതിനിര്‍ദേശത്തിനുശേഷവും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ മതിയായ രേഖയായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആര്‍ജെഡിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ ധരിപ്പിച്ചു. 

ആധാര്‍ ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതിനുപരിയായി ആധാറിന്റെ പദവി ഉയര്‍ത്താന്‍ കോടതിയ്ക്ക് സാധിക്കില്ലെന്ന് ബെഞ്ച് മറുപടി നല്‍കി. ആധാര്‍ ശരിവെച്ചുകൊണ്ട് പുട്ടസ്വാമി കേസിലെ അഞ്ചംഗബെഞ്ചിന്റെ വിധിനിര്‍ണയത്തിനപ്പുറത്തേക്ക് നീങ്ങാനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. പൗരത്വത്തിനുള്ള അവകാശമോ അഥവാ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയോ ആയി ആധാറിനെ കണക്കാക്കാനാകില്ലെന്ന് ആധാര്‍ ആക്ടിന്റെ ഒന്‍പതാം വകുപ്പ് അനുശാസിക്കുന്നു. 

2018 സെപ്റ്റംബറില്‍ പുട്ടസ്വാമി കേസിലും സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു.

ബയോമെട്രിക് തെളിവുള്‍പ്പെടുന്ന തിരിച്ചറിയല്‍ രേഖയില്‍ നിന്ന് വോട്ടവകാശത്തിനുള്ള പൗരത്വരേഖയായി ആധാറിന്റ പദവി ഉയര്‍ത്തണമെന്ന് മറ്റ് ഹര്‍ജിക്കാരുടെ അഭിഭാഷകരും സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു. എന്തിനാണ് ആധാറിന് ഇത്രയധികം പ്രാധാന്യം നല്‍കുന്നതെന്ന് ആരാഞ്ഞ കോടതി പൗരത്വത്തിനുള്ള അന്തിമതെളിവായി ആധാറിനെ പരിഗണിക്കാമെന്നുള്ള ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും വ്യക്തമാക്കി. ബിഹാറിലെ ചില ജില്ലകളില്‍ ആധാറിന്റെ സാന്ദ്രത 140 ശതമാനമാണെന്നും അതിനാലാണ് ആധാറിനെ പൗരത്വരേഖയായി കണക്കാക്കണമെന്നുള്ള ഹര്‍ജികള്‍ ആവര്‍ത്തിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു.

തങ്ങളുടെ താഴേക്കിടയിലെ പ്രവര്‍ത്തകരെയും ബൂത്ത് തല ഏജന്റുമാരെയും ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് തെറ്റായി നീക്കം ചെയ്യപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തിക്കിട്ടാനുള്ള അപേക്ഷ നല്‍കാനുള്ള അവസരമുണ്ടാക്കണമെന്ന് ഹര്‍ജിക്കാരായ രാഷ്ട്രീയകക്ഷികളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

supreme court of india